
ന്യൂഡൽഹി: ഡോക്ടറുടെ കുറിപ്പടിയില്ലാതെ വരുന്നവർക്ക് കഫ് സിറപ്പുകൾ വിൽക്കാൻ പാടില്ലെന്ന് ഉത്തരവിട്ട് കേന്ദ്രം. മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കഫ് സിറ്റപ്പ് കുടിച്ച് കുട്ടികൾ മരിച്ച സംഭവത്തിന് പിന്നാലെയാണ് ഇത്തരമൊരു നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്. ഈ നിയന്ത്രണം വരുന്നതോടെ ഡോക്ടറുടെ കുറിപ്പില്ലാതെ ഫാർമസികളിൽ നിന്ന് ജനങ്ങൾക്ക് കഫ് സിറപ്പുകൾ വാങ്ങാൻ കഴിയില്ല. ആരോഗ്യ കുടുംബക്ഷേ വകുപ്പ് ജോയിന്റ് സെക്രട്ടറി ഹർഷ് മംഗ്ലയാണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.
പുതിയ ഭേദഗതി പ്രകാരം മരുന്നുകളുടെ ഷെഡ്യൂളിൽ കെയിൽ നിന്ന് സിറപ്പുകൾ എന്ന വാക്ക് നീക്കം ചെയ്യും. ഇത് അവയുടെ ലഭ്യത നിയന്ത്രണത്തിലാക്കും. ഷെഡ്യൂൾ കെ സീരിയൽ നമ്പർ 13 ഐറ്റം നമ്പർ (7) എന്നതിന് കീഴിലാണ് ഇതുവരെ സിറപ്പുകൾ ഉൾപ്പെടുത്തിയിരുന്നത്. ചില നിശ്ചിത ഉപാധികളോടെ ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്സ് ആക്ടിന്റെ കടുത്ത നിബന്ധനങ്ങളിൽ നിന്ന് ഇളവ് ലഭിക്കുന്ന മരുന്നുകളാണ് സാധാരണയായി ഷെഡ്യൂൾ കെയിൽ ഉൾപ്പെടുത്താറുള്ളത്. പുതിയ ഭേദഗതിയോടെ ഈ ആനുകൂല്യം സിറപ്പുകൾക്ക് പൂർണമായി നഷ്ടമായി.
ഇതുസംബന്ധിച്ച കരട് വിജ്ഞാപനം കഴിഞ്ഞ ഡിസംബർ മാസത്തിലാണ് മന്ത്രാലയം ആദ്യമായി പുറത്തിറക്കിയത്. നിശ്ചിത സമയപരിധിക്കുള്ളിൽ ബന്ധപ്പെട്ട കക്ഷികളിൽ നിന്നോ പൊതുജനങ്ങളിൽ നിന്നോ ഈ ഉത്തരവിനെതിരെ എതിർപ്പുകളൊന്നും ഉയരാത്ത സാഹചര്യത്തിലാണ് ജൂൺ ഒമ്പതിലെ വിജ്ഞാപനം കേന്ദ്ര സർക്കാർ ഇപ്പോൾ ഔദ്യോഗികമായി ഗസറ്റിൽ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |