
ക്രൂഡ് വില മൂക്കുകുത്തി
കൊച്ചി: ഹോർമുസ് ഇടനാഴി പൂർണമായും തുറക്കുന്നതും ഗൾഫ് രാജ്യങ്ങളിലെ എണ്ണ ഉത്പാദനം സാധാരണ നിലയിലാകുന്നതും ഇന്ത്യൻ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസമാകും. ഇറാനും അമേരിക്കയും സമാധാന പാതയിലായതിന് പിന്നാലെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞ് ബാരലിന് 80 ഡോളറിന് താഴെയെത്തി. ജൂൺ 19 മുതൽ ഹോർമുസിലൂടെ കപ്പൽ ഗതാഗതം പൂർവ സ്ഥിതിയിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലോകത്തിലെ മൊത്തം ചരക്കുഗതാഗതത്തിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന ഹോർമുസ് ഇടനാഴി ഇറാൻ അടച്ചതോടെയാണ് ആഗോള ഇന്ധന പ്രതിസന്ധി അതിരൂക്ഷമായത്. പശ്ചിമേഷ്യയിൽ യുദ്ധം തുടങ്ങുന്നതിന് മുൻപ് ഗൾഫ് മേഖലയിൽ നിന്ന് ഹോർമുസിലൂടെയാണ് ഇന്ത്യയ്ക്ക് ആവശ്യമായ മൊത്തം ക്രൂഡിൽ 40 ശതമാനവും എത്തിയിരുന്നത്. ഫെബ്രുവരി 28ന് യുദ്ധം തുടങ്ങിയതിനു ശേഷം ഗൾഫ് ക്രൂഡിന്റെ വരവ് കുത്തനെ കുറഞ്ഞു. സൗദി അറേബ്യ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള വരവ് പിന്നീട് മെച്ചപ്പെട്ടുവെങ്കിലും ഇറാഖ്, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള സപ്ളൈ പൂർണമായും നിലച്ചു, അടുത്ത വാരത്തോടെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂടുതൽ എണ്ണ ഇന്ത്യയിലെത്തും.
സാമ്പത്തിക മേഖലയിലെ നേട്ടം
1. ക്രൂഡോയിൽ, പ്രകൃതി വാതക ലഭ്യത ഉയരും
2. വളം, കെമിക്കലുകൾ തുടങ്ങിയവയുടെ വില കുറയും
3. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടും
4. വിദേശ നിക്ഷേപ ഒഴുക്ക് ഗണ്യമായി കൂടും
5. കമ്പനികളുടെ ലാഭവും വരുമാനവും ഉയരും
6. നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകും
ഇറക്കുമതി ബിൽ കുറയും
ക്രൂഡോയിൽ വില ബാരലിന് പത്ത് ഡോളർ താഴ്ന്നാൽ ഇന്ത്യയുടെ വാർഷിക ഇറക്കുമതി ബിൽ 1,400 കോടി ഡോളർ വരെ കുറയും.
പെട്രോൾ, ഡീസൽ വില ഉടൻ കുറയില്ല
യുദ്ധക്കാലയളവിൽ ലോകത്തിലെ പ്രമുഖ ഉപഭോക്താക്കളായ ചൈനയും ഇന്ത്യയും അടക്കമുള്ള രാജ്യങ്ങൾ കരുതൽ ശേഖരത്തിലെ ഇന്ധനമാണ് ഉപയോഗപ്പെടുത്തിയത്. ഇതിനാൽ വില വർദ്ധന ഒരു പരിധി വരെ പിടിച്ചുനിറുത്താനായി. വിപണി സാധാരണ നിലയിലാകുന്നതോടെ പ്രമുഖ രാജ്യങ്ങളെല്ലാം കരുതൽ ശേഖരം മെച്ചപ്പെടുത്താൻ അധിക എണ്ണയും പ്രകൃതി വാതകവും വാങ്ങുന്നതിനാകും മുൻഗണന നൽകുക. അതിനാൽ സാധാരണക്കാർക്ക് വിലയിളവിന്റെ നേട്ടം ലഭിക്കാൻ സമയമെടുത്തേക്കും.
പാചക വാതക വില കുറഞ്ഞേക്കും
ആഗോള വിപണി സ്ഥിരതയിലായതോടെ പൊതുമേഖല എണ്ണക്കമ്പനികൾ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില കുറച്ചേക്കും. യുദ്ധത്തിന് മുൻപുള്ള വിലയിലെത്താൻ സമയമെടുക്കുമെങ്കിലും നേരിയ ആശ്വാസം ഉപഭോക്താക്കൾക്ക് അടുത്ത ദിവസങ്ങളിൽ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |