SignIn
Kerala Kaumudi Online
Monday, 24 August 2026 4.05 AM IST

'ഇത്ര അടുത്ത് പോകേണ്ടിയിരുന്നില്ല',​ ജയ്സ്വാളിന്റെ പെരുമാറ്റത്തിൽ പ്രതികരിച്ച് ഇന്ത്യൻ പരിശീലകൻ

jaiswal-asitha
യശസ്വി ജയ്‌സ്വാളും ലങ്കൻ താരവും തമ്മിൽ നടന്ന വാക്കുതർക്കത്തിനിടെ

കൊളംബോ: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ലങ്കൻ പേസർ അസിത ഫെർണാണ്ടോയുമായി ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഉരസിയ സംഭവത്തിൽ പ്രതികരിച്ച് ഇന്ത്യൻ ബാറ്റിഗ് കോച്ച് സിതാംശു കോട്ടക്. ജയ്സ്വാൾ അസിതയുടെ അടുത്തേക്ക് പോകാൻ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ സംഭവം മത്സരത്തിന്റെ ആവേശത്തിൽ സംഭവിച്ചതാണെന്നും ബാറ്റിംഗ് കോച്ച് വ്യക്തമാക്കി.

17ാം ഓവറിൽ ജയ്സ്വാളിന്റെ വിക്കറ്റ് വീണതിന് പിന്നാലെയായിരുന്നു സംഭവം. ഇരുവരും തമ്മിലുള്ള തർക്കത്തിനിടെ ജയ്സ്വാൾ അസിതയുടെ നേർക്ക് തലകൊണ്ട് മുട്ടിക്കുകയായിരുന്നു. സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ഓവറിൽ മൂന്ന് ബൗണ്ടറികൾ വഴങ്ങിയെങ്കിലും അവസാന പന്തിൽ ജയ്സ്വാളിന്റെ പ്രതിരോധം തകർത്ത് അസിതോ വിക്കറ്റ് നേടി. വിക്കറ്റ് നഷ്ടമായതിന്റെ നിരാശയിൽ ഡ്രസിംഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന ജയ്സ്വാൾ അസിതയുടെ പ്രതികരണത്തിൽ പ്രകോപിതനായി തിരികെ എത്തുകയായിരുന്നു. തുടർന്ന് ഇരുവരും നേർക്കുനേർ വന്നതോടെ ജയ്സ്വാൾ അസിതയുമായി കൊമ്പുകോർത്തു. ഉടൻ തന്നെ ലങ്കൻ താരങ്ങൾ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.

sitanshu-kotak
ഇന്ത്യൻ ബാറ്റിഗ് കോച്ച് സിതാംശു കോട്ടക്

'ബൗളർ എന്തോ പറഞ്ഞതായി തോന്നുന്നു. ആ സമയത്തെ ആവേശത്തിലാണ് സംഭവം ഉണ്ടായത്. ജയ്സ്വാൾ അസിതയുടെ അടുത്തേക്ക് ഇത്രയും പോകാൻ പാടില്ലായിരുന്നു,' കോട്ടക് പറഞ്ഞു. ശ്രീലങ്കൻ ബൗളിംഗ് കോച്ച് റയാൻ വാൻ നീകെർക്കും സംഭവത്തിൽ പ്രതികരിച്ചു. ഇന്ത്യ പോലൊരു ശക്തമായ ടീമിനെതിരെ കളിക്കുമ്പോൾ ബൗളർമാർ വെല്ലുവിളി ഏറ്റെടുത്ത് പന്തെറിയേണ്ടതുണ്ടെന്നും മത്സരത്തിലെ വൈകാരികതയുടെ ഭാഗമായാണ് ഇത്തരം വാക്കേറ്റങ്ങളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്തിമ തീരുമാനം മാച്ച് റഫറിയുടേതായിരിക്കുമെന്നും വാൻ നീകെർക്ക് വ്യക്തമാക്കി.


ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ ഐ.സി.സി മാച്ച് റഫറി ആൻഡി പൈക്രോഫ്‌റ്റിന്റെ തീരുമാനമാണ് ഇനി നിർണായകം. ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.12 പ്രകാരം താരങ്ങൾക്കിടയിലെ അനുചിതമായ ശാരീരിക സമ്പർക്കം കുറ്റകരമാണ്. സംഭവത്തിന്റെ സാഹചര്യം, സമ്പർക്കം മനഃപൂർവമായിരുന്നോ, പ്രയോഗിച്ച ശക്തി, പരിക്കുണ്ടായോ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചായിരിക്കും നടപടി തീരുമാനിക്കുക. താക്കീതിൽ തുടങ്ങി മത്സരഫീസിന്റെ 50 ശതമാനം വരെ പിഴയും ഡിമെറിറ്റ് പോയിന്റും ലഭിക്കാവുന്ന നടപടികളാണ് ചട്ടപ്രകാരം ഉണ്ടാകുക. അതിനാൽ ജയ്സ്വാളിനെതിരെ എന്ത് നടപടിയുണ്ടാകുമെന്നത് മാച്ച് റഫറിയുടെ റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ.

English Summary

India batting coach Sitanshu Kotak reacted to the on-field clash between Yashasvi Jaiswal and Sri Lankan pacer Asitha Fernando during the second Test. Kotak said Jaiswal should not have approached Fernando so closely, but described the incident as a result of the heat of the moment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: YASHASVI JAISWAL, LATESTNEWS, ASITHA FERNANDO, INDIA VS SRILANKA, TESTCRICKET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360