
ധർമ്മശാല: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിന മത്സരത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ യുവ ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ പ്രംശംസിച്ച് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌ക്കർ. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ അഫ്ഗാൻ ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ പുറത്താക്കാൻ നിതീഷ് എറിഞ്ഞ മാരക യോർക്കറാണ് ഗവാസ്‌കറെ ആകർഷിച്ചത്. ജിയോസ്റ്റാറിന് നൽകിയ അഭിമുഖത്തിലാണ് ഗവാസ്‌കർ യുവതാരത്തെ പ്രശംസിച്ചത്.

'റഹ്മാനുള്ള ഗുർബാസിനെ വീഴ്ത്താൻ നിതീഷ് എറിഞ്ഞ യോർക്കർ പെർഫെ്‌ക്‌ട് ആയിരുന്നു. ഇതുപോലെ കൃത്യമായിട്ട് യോർക്കറുകൾ എറിയാൻ പറ്റുമെങ്കിൽ അദ്ദേഹം ടീമിന് വലിയൊരു മുതൽക്കൂട്ടാണ്. എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടി പന്തെറിയാൻ നോക്കിയപ്പോഴൊക്കെ അദ്ദേഹത്തിന് തിരിച്ചടി ഉണ്ടായിരുന്നു. പക്ഷേ, എപ്പോഴൊക്കെ യോർക്കറിലേക്ക് തിരിച്ചുപോയോ അപ്പോഴൊക്കെ അദ്ദേഹത്തിന് വിക്കറ്റും കിട്ടിയിട്ടുണ്ട്. അതുകൊണ്ട് കാര്യം സിംപിളാണ്. ഇന്ത്യക്കിപ്പോൾ അഞ്ചാമനായോ ആറാമനായോ ഒക്കെ ബൗൾ ചെയ്യാൻ പറ്റിയ കിടിലൻ പ്ലെയറെയാണ് നിതീഷിലൂടെ കിട്ടിയിരിക്കുന്നത്. പിച്ചിന്റെ അവസ്ഥയും കളിയുടെ സാഹചര്യവും നോക്കി ക്യാപ്ടനും സെലക്ടർമാർക്കും തങ്ങളുടെ പ്ലാനുകൾ മാറ്റാൻ ഇത് വലിയ സഹായമാകും. 'എന്നെ ബാറ്ററായി ഇറക്കിയാലും ബൗളറായി ഇറക്കിയാലും ഞാൻ റെഡിയാണ് ഭായ്' എന്ന മട്ടിലാണ് അദ്ദേഹം നിൽക്കുന്നത്. അത് ഏതൊരു ടീമിനും കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ പ്ലസ് പോയിന്റാണ്.'- ഗവാസ്‌ക്കർ കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |