
ഒറ്റ ഗോളിന് ഇക്വഡോറിനെ കീഴടക്കി ഐവറി കോസ്റ്റ്
ഫിലാഡൽഫിയ : അത്യന്ത്യം ആവേശം നിറഞ്ഞുനിന്ന മത്സരത്തിന്റെ അവസാനമിനിട്ടിൽ നേടിയ ഗോളിലൂടെ ഇക്വഡോറിനെ മറികടന്നത് ആഫ്രിക്കൻ രാജ്യം ഐവറി കോസ്റ്റിന് സമ്മാനിച്ചത് വിലപ്പെട്ട മൂന്ന് പോയിന്റുകൾ. 2014ന് ശേഷം ആദ്യമായി ലോകകപ്പിൽ കളിക്കാനെത്തിയ ഐവറികോസ്റ്റിനെ ഇരുപകതികളിലും ശരിക്കും വിരട്ടിയശേഷമാണ് ഇക്വഡോർ ഞെട്ടറ്റുവീണത്. രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ സ്ട്രൈക്കർ അമാദ് ഡിയാലോയാണ് ആഫ്രിക്കൻ കരുത്തന്മാരുടെ വിജയഗോൾ നേടിയത്.
ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ ഇക്വഡോറിന്റെ മഞ്ഞജഴ്സിയിൽ നിറഞ്ഞുതുളുമ്പിയ അരലക്ഷത്തോളം ആരാധക രുടെ ആരവങ്ങൾക്കിടയിൽ ആദ്യ പകുതിയിൽ നിരവധി ആക്രമണങ്ങളാണ് തെക്കേ അമേരിക്കൻ ടീം നടത്തിയത്. ജോൺ യബോയയും നിൽസൺ അംഗുലോയും ക്രോസ് ബാറിന്റെ ബലം പരിശോധിച്ച് തൃപ്തിപ്പെട്ടപ്പോൾ പതിയെപ്പതിയെ മൈതാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു ഐവറി കോസ്റ്റുകാർ. 19കാരനായ യാൻ ഡയമണ്ടേയിലൂടെയാ യിരുന്നു അവരുടെ മുന്നേറ്റങ്ങൾ. ഐവറികോസ്റ്റിനായി ലോകകപ്പിൽ കളിക്കുന്ന ആദ്യ കൗമാരതാരമാണ് ഡയമണ്ടേ.52-ാം മിനിട്ടിൽ ഡയമണ്ടേയുടെ ഒരുഗ്രൻ ഷോട്ട് ക്രോസ്ബാറിൽ തട്ടിച്ചിതറി.
രണ്ടാം പകുതിയിൽ ഇക്വഡോർ നായകൻ എന്നർ വലൻസിയയും ഗോൺസാലോ പ്ളാറ്റയും ചേർന്ന് നടത്തിയ മുന്നേറ്റം ഐവറികോസ്റ്റ് ഗോളി ഫൊഫാന കിടിലൻ സേവിലൂടെ നിഷ്പ്രഭമാക്കി. സമനിലയിൽ കളികഴിയുമെന്ന് കരുതിയിരുന്നപ്പോഴാണ് വലതുഫ്ളാങ്കിലൂടെ ഓടിക്കയറിയ വിൽഫ്രഡ് സിംഗോ നൽകിയ പാസ് സ്വീകരിച്ച് ഇടംകാലനടിയിലൂടെ അമാദ് ഡിയാലോ വിധിയെഴുതിയത്.
19
ഇക്വഡോറിന്റെ 19 തുടർവിജയങ്ങളുടെ റെക്കാഡിന്റെ തുടർയാത്രയ്ക്കാണ് ഇന്നലെ ഐവറികോസ്റ്റുകാർ തടയിട്ടത്.
12
വർഷത്തിന് ശേഷമാണ് ഐവറി കോസ്റ്റ് ലോകകപ്പിൽ കളിക്കാനെത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |