
സ്റ്റാന്റ് അപ് കൊമേഡിയൻ പ്രണീത് മോറെയുടെ പരിപാടിക്കിടെ എംബിബിഎസ് വിദ്യാർത്ഥിനി സേജൽ പവാർ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ചത് ഏറെ വിവാദമായിരുന്നല്ലോ. സംഭവം സമൂഹത്തിലുണ്ടാക്കിയ ഞെട്ടലിന് പിന്നാലെ സേജലിനെ 15 ദിവസ നിർബന്ധിത അവധിക്ക് അവർ പഠിക്കുന്ന മുംബയ് കെഇഎം മെഡിക്കൽ കോളേജ് അധികൃതർ അയച്ചിരിക്കുകയാണ്. മഹാരാഷ്‌ട്ര സൈബർ പൊലീസ് സേജലിനെതിരെ കേസെടുക്കുകയും ചെയ്‌തിട്ടുണ്ട്. മെഡിക്കൽ വിദ്യാർത്ഥികൾക്ക് വളരെയധികം പ്രാധാന്യമുള്ളതാണ് മൃതദേഹങ്ങളെ പഠനവിധേയമാക്കുക എന്നത്. ജീവനോടെയുള്ള നമ്മെ പരിശോധിക്കണമെങ്കിൽ ഡോക്‌ടർമാർക്ക് മരണമടഞ്ഞവരുടെ ശരീരം പഠനവിധേയമാക്കിയേ മതിയാകൂ.
പോസ്റ്റ്‌മോർട്ടം നടത്തവെ പുരുഷ ജനനേന്ദ്രിയത്തിന്റെ വലിപ്പം അളക്കുമെന്ന സേജലിന്റെ മോശം തമാശകളുടെ രീതിയിലല്ല മൃതദേഹവും മെഡിക്കൽ വിദ്യാർത്ഥിയും തമ്മിലെ ബന്ധം. കൂടുതൽ പഠിക്കുംതോറും ആ ശരീരവും വിദ്യാർത്ഥിയും തമ്മിലൊരു ആത്മബന്ധം ഉണ്ടായിവരും. അനാട്ടമിയിൽ മനുഷ്യന്റെ ആന്തരീകാവയവങ്ങളെക്കുറിച്ചും രക്തംപ്രവഹിച്ചിരുന്ന ധമനികളെക്കുറിച്ചുമെല്ലാം വിദ്യാർത്ഥിക്ക് സ്വന്തം കണ്ണുകളിലൂടെ മനസിലാക്കിതരുന്നത് അയാളുടെ മുന്നിലുള്ള ആ മൃതദേഹത്തിൽ നിന്നാണ്. അങ്ങനെ എന്നോ മരണമടഞ്ഞവർ അവർക്ക് അദ്ധ്യാപകരും അവരുടെ ആദ്യ രോഗികളുമായി മാറും. മെഡിക്കൽ വിദ്യാർത്ഥികൾ മാത്രമല്ല വളരെ അനുഭവപരിചയമുള്ള ശസ്‌ത്രക്രിയാ വിദഗ്ദ്ധർ പോലും മൃതദേഹങ്ങളിൽ ഒരു ജീവനെ രക്ഷിക്കുന്നതിനാവശ്യമായ പഠനങ്ങൾ നടത്താറുണ്ട്. അത്തരത്തിലാണ് ലോകമാകെ പ്രത്യാശ നൽകുന്ന പല സർജറികളും പിന്നീട് ഉണ്ടാകുന്നത്.
ലോകമാകെ മരണമടയുന്നവരിൽ സ്വന്തം ഇഷ്‌ടത്തിന് ഭൗതികശരീരം നൽകുന്നവരും വീട്ടുകാരുടെ സമ്മതത്തിൽ നൽകുന്നതുമായ ശരീരങ്ങളാണ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ലഭിക്കുന്നത്. ഇത് ഓരോ നാട്ടിലെയും നിയമങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എങ്കിലും മൃതദേഹത്തോട് ഡോക്‌ടർമാർക്ക് ബഹുമാനം ഉണ്ടായിരിക്കേണ്ടതുതന്നെയാണ്. അനാട്ടമി പഠനം ആരംഭിക്കും മുൻപ് ഒന്നാംവർഷ എംബിബിഎസ് വിദ്യാർത്ഥികൾ കഡവെറിക് ഓത്ത് ( Cadaveric oath) ചൊല്ലാറുണ്ട്. വൈദ്യശാസ്‌ത്ര പഠനത്തിനുള്ള മൃതദേഹത്തോടുള്ള ആദരവും നന്ദിയും ഉറപ്പുനൽകുന്ന പ്രതിജ്ഞയാണിത്.
മിക്കപ്പോഴും പഠനം ആരംഭിക്കുന്ന കുട്ടികൾക്ക് മൃതദേഹങ്ങളുടെ കാഴ്‌ച പ്രത്യേകിച്ച് ഫോർമാലിൻ പോലുള്ള രാസപദാർത്ഥങ്ങളുടെ മണം ഒക്കെ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ചെറുപ്രായമായതിനാൽ പലരും അത് പറയാറുമുണ്ട്.കിടപ്പിലായി മരിക്കുന്നതും ഗുരുതര രോഗം വന്ന് മരിച്ചതും ബുദ്ധിമുട്ടുളവാക്കുന്ന തരം മരണങ്ങളും സംഭവിച്ച ശരീരങ്ങൾ കാണുകയും പഠിക്കുകയും ചിലർക്കെങ്കിലും പ്രയാസമാണ്. എങ്കിലും സ്വന്തം മരണത്തിലൂടെ ശരീരം ഭാവിതലമുറകൾക്ക് ഉപകരിക്കാനായി നൽകിയ ആ വ്യക്തിയെ മറന്നുകൂടാ. തായ്‌വാൻ സർവകലാശാലയിൽ കുട്ടികൾക്ക് പഠിക്കാൻ നൽകിയിരിക്കുന്ന മൃതദേഹം ഏത് വ്യക്തിയുടേതാണെന്ന് അധികൃതർ വ്യക്തമാക്കും. മെഡിക്കൽ വിദ്യാർത്ഥികൾ തന്റെ കുടുംബാംഗങ്ങളോടൊപ്പം മരിച്ചുപോയ ആളുടെ കുടുംബത്തെ സന്ദർശിച്ച് തനിക്ക് മെഡിക്കൽ പഠനം നടത്താനായതിന് ആ കുടുംബത്തോട് നന്ദി അറിയിക്കുന്ന പതിവ് അവിടെയുണ്ട്.
അനാട്ടമി പഠനത്തിന് മൃതദേഹങ്ങൾ ആവശ്യമാണ്. എന്നാൽ പലയിടത്തും മതപണ്ഡിതർ വിശ്വാസകാരണത്താൽ മൃതദേഹങ്ങൾ നൽകുന്നത് എതിർക്കുമെന്ന് പറയപ്പെടാറുണ്ട്. ഇത്തരത്തിൽ ശരീരങ്ങൾ കിട്ടാതെ വരുമ്പോൾ പലപ്പോഴും ഇന്ത്യയിൽ 50 കുട്ടികൾ ഒരു മൃതദേഹത്തിൽ അവരുടെ പഠനം നടത്തേണ്ടി വരാറുണ്ട്.
തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളെക്കാൾ വ്യക്തമായി ദാനം ചെയ്‌ത് ലഭിച്ച മൃതദേഹങ്ങളാണ് പഠനത്തിന് അത്യാവശ്യമെന്ന് ഈ മേഖലയിലെ വിദഗ്ദ്ധർ പറയുന്നു. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങളിൽ ഓടോപ്‌സി നടത്തിയ ശേഷമാണ് ലഭിക്കുക എന്നതിനാൽ അത് അവർക്ക് സ്വീകാര്യമല്ല. കൃത്യമായ ആരോഗ്യ വിവരങ്ങളും രോഗവിവരങ്ങളും അറിയുന്നവരുടെ ഭൗതികശരീരം തന്നെയാണ് പഠനത്തിന് അഭികാമ്യം.
മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് പരീക്ഷയിൽ നിർബന്ധമായും ചോദ്യങ്ങളുമുണ്ടാകും. ഈ മൃതദേഹങ്ങൾ ഉപയോഗശേഷം സംസ്‌കരിക്കുന്ന പതിവുണ്ടെങ്കിലും ഇതിന് കൃത്യമായ മാതൃകാനിയമം ആവശ്യമാണ്.
മൃതദേഹങ്ങൾ പഠനത്തിനായി ലഭിച്ചാലുടൻ അവ സംരക്ഷിക്കേണ്ടതുണ്ട്. ശരീരകലകൾ നശിച്ചാൽ ആ ദേഹം ഉപയോഗശൂന്യമാകും എന്നതിനാലാണിത്. രണ്ട് ഭാഗങ്ങളിലായി തിരിച്ചാണ് മൃതദേഹങ്ങൾ മെഡിക്കൽ പഠനത്തിന് സൂക്ഷിക്കുന്നതെന്ന് എയിംസിലെയടക്കം വിദഗ്ദ്ധർ വ്യക്തമാക്കുന്നു. സർജിക്കൽ വർക്‌ഷോപ്പിലാണ് ഒന്ന്. ഇവിടെ -10ഡിഗ്രിയിലാണ് ഭൗതികദേഹങ്ങൾ സൂക്ഷിക്കുക. ഹൃദ്രോഗവിഭാഗം, ന്യൂറോളജി, ദന്തൽ വിഭാഗങ്ങൾ പോലെയുള്ളവയ്‌ക്ക് പഠനങ്ങൾക്ക്‌ഇത്തരം ശരീരങ്ങൾ അത്യാവശ്യമാണ്. ഫോർമാലിൻ ഉപയോഗിച്ച് സൂക്ഷിക്കുന്ന ശരീരങ്ങൾ മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനാണ്.
സർജിക്കൽ വർക്‌ഷോപ്പുകളിൽ ലഭിക്കുന്ന ശരീരങ്ങൾ രണ്ട് മുതൽ നാല് മാസങ്ങൾക്കകം സംസ്‌കരിക്കും. എന്നാൽ മെഡിക്കൽ വിദ്യാർത്ഥികൾക്ക് നൽകുന്ന ശരീരങ്ങളിൽ ചിലവ കാലങ്ങളോളം സൂക്ഷിക്കാറുണ്ട്. പഠനത്തിന് സഹായിക്കുന്ന പ്രത്യേക ശാരീരിക അവസ്ഥ അവയിലുണ്ടാകുന്നതിനാലാണിത്.
പഠനശേഷം കീറിമുറിക്കപ്പെട്ട ശരീരഭാഗങ്ങൾ യോജിപ്പിച്ച് സംസ്‌കരിക്കുക പതിവില്ല. എന്നാൽ അത്തരത്തിൽ മാന്യമായൊരു സംസ്‌കാരം നൽകണം എന്ന് പലയിടങ്ങളിലും ആവശ്യമുണ്ട്. അത്തരത്തിൽ കൃത്യമായൊരു സംസ്‌കാരരീതിയുണ്ടെങ്കിൽ ഇനിയും ജനങ്ങൾ ശരീരം മെഡിക്കൽ പഠനത്തിന് നൽകിയേക്കും. ഇത് രാജ്യത്തെ മെഡിക്കൽ പഠനരംഗം വികസിക്കാൻ സഹായകരമാകുകയും ചെയ്യും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |