
ദംബുള്ള: ശ്രീലങ്കയിൽ നടക്കുന്ന എ ടീമുകളുടെ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയിലെ ഇന്ത്യ-എ ശ്രീലങ്ക-എ മത്സരത്തിന് ശേഷം മൈതാനത്ത് നാടകീയ രംഗങ്ങൾ. ഇരുടീമുകളും സമനിലയിലായതിനെ തുടർന്ന് സൂപ്പർ ഓവറിലാണ് ശ്രീലങ്കൻ എ ടീം വിജയം സ്വന്തമാക്കിയത്. മത്സര ശേഷം ഇന്ത്യൻ കൗമാര താരം വൈഭവ് സൂര്യവംശിയും ശ്രീലങ്കൻ താരങ്ങളും തമ്മിൽ മൈതാനത്ത് നടന്ന തർക്കവും കയ്യാങ്കളിയും ക്രിക്കറ്റ് ലോകത്ത് ചർച്ചയായി. പരമ്പരയിൽ അഫ്ഗാൻ എ ടീമിനോട് തോറ്റ ഇന്ത്യഎ യുടെ ടൂർണമെന്റിലെ രണ്ടാം പരാജയമാണിത്.
ഇന്ത്യ ഉയർത്തിയ 266 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 265 റൺസിൽ ഒതുങ്ങിയതോടെയാണ് മത്സരം സമനിലയിലായത്. തുടർന്ന് വെളിച്ചക്കുറവ് കാരണം സൂപ്പർ ഓവർ നടത്തണോ വേണ്ടയോ എന്നതിനെച്ചൊല്ലി മൈതാനത്ത് ദീർഘനേരം ചർച്ച നടന്നു. ഒടുവിൽ സൂപ്പർ ഓവർ ആരംഭിച്ചപ്പോൾ വീണ്ടും നാടകീയത തുടരുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക സൂപ്പർ ഓവറിൽ 16 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വെടിക്കെട്ട് സഖ്യമായ വൈഭവ് സൂര്യവംശിക്കും സൂര്യൻഷ് ഷെഡ്‌ഗെയ്ക്കും 9 റൺസ് മാത്രമേ നേടാനായുള്ളൂ. ഇതോടെ ശ്രീലങ്ക വിജയം ഉറപ്പിച്ചു. തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരങ്ങൾ നിരാശയോടെ മടങ്ങുമ്പോൾ, വിജയം ആഘോഷിക്കുകയായിരുന്ന ശ്രീലങ്കൻ താരങ്ങൾ വൈഭവിനെതിരെ എന്തോ പരാമർശം നടത്തി. ഇതിൽ പ്രകോപിതനായ വൈഭവ് തിരിഞ്ഞുനടന്ന് ഒരു ശ്രീലങ്കൻ താരത്തിന് നേരെ ആക്രോശിക്കുകയും ബലമായി തള്ളിമാറ്റുകയും ചെയ്തു. രംഗം വഷളാകുന്നതിന് മുൻപ് തന്നെ മറ്റ് ശ്രീലങ്കൻ താരങ്ങളും സൂര്യൻഷ് ഷെഡ്‌ഗെയും ഇടപെട്ട് വൈഭവിനെ അവിടെനിന്ന് മാറ്റി. കൂടാരത്തിലേക്ക് മടങ്ങുമ്പോഴും താരം കടുത്ത ദേഷ്യത്തിലായിരുന്നു.
Vaibhav got into a heated argument with Sri Lankan players after the super over pic.twitter.com/wnGyEF6Nvw
— Abhi (@AbhiMSD_07) June 15, 2026
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരു ഘട്ടത്തിൽ 143 റൺസിന് 7 വിക്കറ്റ് എന്ന നിലയിൽ തകർച്ചയിലായിരുന്നു. ഓപ്പണർ വൈഭവ് സൂര്യവംശി (14 പന്തിൽ 21) വെടിക്കെട്ട് തുടക്കമിട്ടെങ്കിലും പെട്ടെന്ന് പുറത്തായി. ക്യാപ്‌ടൻ തിലക് വർമ്മ (23), ഋതുരാജ് ഗെയ്‌ക്‌വാദ് (32) എന്നിവർ മൂന്നാം വിക്കറ്റിൽ 52 റൺസ് കൂട്ടിച്ചേർത്തെങ്കിലും ലങ്കൻ സ്പിന്നർമാർക്ക് മുന്നിൽ മദ്ധ്യനിര തകരുകയായിരുന്നു. എന്നാൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച സൂര്യൻഷ് ഷെഡ്‌ഗെയും (66 പന്തിൽ 72), വിപ്രാജ് നിഗമും (49 പന്തിൽ 51) ചേർന്ന് 104 റൺസിന്റെ രക്ഷാപ്രവർത്തനം നടത്തിയാണ് ഇന്ത്യയെ 265 റൺസ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |