SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.30 AM IST

ഡാന്‍സിംഗ് ഗേളിന്റെ നാണം മറച്ചു; പിന്നാലെ വിവാദം, പാഠപുസ്തകം പുനഃപ്രസിദ്ധീകരിക്കാൻ എൻസിഇആർടി

READ ENGLISH VERSION

dancing-girl-

ന്യൂഡൽഹി: സിന്ധു നദീതട സംസ്കാരത്തിന്റെ ഏറ്റവും പ്രശസ്ത പ്രതീകങ്ങളിലൊന്നായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി‘ (ഡാൻസിംഗ് ഗേൾ)’ എന്ന വെങ്കലശില്പത്തിന്റെ നഗ്നത മറച്ച സംഭവം വിവാദമായതോടെ പുസ്തകം പുനഃപ്രസിദ്ധീകരിക്കാനൊരുങ്ങി എൻസിഇആർടി . ഒൻപതാം ക്ലാസിലെ കലാപഠന പുസ്തകമായ 'മധുരിമ'യിലാണ് കറുത്ത നിറം ഉപയോഗിച്ച് നഗ്നത മറച്ച രീതിയിൽ ചിത്രം പ്രത്യക്ഷപ്പെട്ടത്. സംഗീത നാടക അക്കാദമി അദ്ധ്യക്ഷ സന്ധ്യ പുരേച്ചയുടെ നേതൃത്വത്തിലുള്ള സമിതിയാണ് കലാപഠനത്തിനു വേണ്ടിയുള്ള പുസ്തകം തയാറാക്കിയത്.

ഏകദേശം 4,500 വർഷം പഴക്കമുള്ള ഈ വെങ്കല ശില്പം കൈകളിൽ വളകളും കഴുത്തിൽ മാലയും അണിഞ്ഞ് നഗ്നയായി നിൽക്കുന്ന ഒരു പെൺകുട്ടിയുടേതാണ്. എന്നാൽ പുതിയ പുസ്തകത്തിന്റെ ആദ്യ അദ്ധ്യായമായ 'ഹിസ്റ്ററി ഓഫ് ആർട്സ്' എന്ന ഭാഗത്ത് ശില്പത്തിന്റെ നഗ്നത മറച്ച രീതിയിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. കുട്ടികൾക്ക് അനുയോജ്യമായ ചിത്രമല്ലെന്ന അഭിപ്രായത്തെ തുടർന്നാണ് പുതിയ മാറ്റമെന്നാണ് വിവാദങ്ങൾക്കും വിമ‌ശനങ്ങൾക്കും പിന്നാലെയുള്ള എൻസിഇആർടിസിയുടെ വിശദീകരണം. അതേസമയം എൻസിഇആർടിയുടെ തന്നെ ആറാം ക്ലാസിലെ പരിഷ്കരിച്ച പാഠപുസ്തകത്തിൽ ഉൾപ്പെടെ ഈ ശില്പം യഥാർഥ രൂപത്തിലാണ് നൽകിയിട്ടുള്ളത്.

പാഠപുസ്തക സമിതി അദ്ധ്യക്ഷനായിരുന്ന പ്രാഫ.മൈക്കിൾ ഡാനിനോയുടെ ഉൾപ്പെടെ എതിർപ്പ് മറികടന്നായിരുന്നു എൻസിഇആർടിയുടെ ഈ തീരുമാനം. ഈ ശില്പം ലോഹശാസ്ത്ര വിജ്ഞാനത്തിന്റെ തെളിവാണെന്നും സദാചാരം മാറ്റിവച്ച് യാഥാർഥ്യമെന്തെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നുമായിരുന്നു ഡാനിനോയുടെ വാദം. ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിൽ ശിൽപം കാണാൻ കുട്ടികൾ ഉൾപ്പെടെയുള്ളവർ എത്തുന്നുണ്ടെന്ന വാദവും അംഗീകരിക്കപ്പെട്ടില്ല. തുടർന്നാണ് നഗ്നത മറച്ചുള്ള ചിത്രം എൻസിഇആർടി പുസ്തകത്തിൽ ഉൾപ്പെടുത്തിയത്.

ഇതാദ്യമായല്ല 'ഡാൻസിംഗ് ഗേൾ' ശില്പത്തിന്റെ പേരിൽ വിവാദമുണ്ടാകുന്നത്. 2023ൽ അന്താരാഷ്ട്ര മ്യൂസിയം എക്സ്പോയുടെ ഭാഗമായി നിർമ്മിച്ച രൂപം യഥാർത്ഥ ശില്പത്തിന് വിപരീതമായി വെളുത്ത നിറത്തിലും വസ്ത്രം ധരിച്ച രൂപത്തിലുമായിരുന്നു. ഇത് വിവാദമായതോടെ ഇതിനെതിരെ വിമർശനവുമായി ചരിത്രകാരന്മാർ ഉൾപ്പെടെ അന്ന് രംഗത്തുവന്നിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, DANCING GIRL, NCERT, NCERT TEXTBOOK, MOHENJODARO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360