SignIn
Kerala Kaumudi Online
Wednesday, 17 June 2026 2.13 AM IST

ഉറക്കം നഷ്‌ടപ്പെട്ടു, പലരും രോഗികളായി; ഇന്ത്യക്കാരുടെ ഫോണിലേക്ക് അർദ്ധരാത്രി വരുന്ന സന്ദേശം അപകടകാരി

emergency-alert

നമ്മുടെ കൈവശമുള്ള മൊബൈൽ ഫോണിൽ ഉയർന്ന ശബ്‌ദത്തിൽ അപ്രതീക്ഷിതമായി അടിയന്തര സന്ദേശങ്ങൾ വരാറുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ അപകട മുന്നറിയിപ്പുകൾ ജനങ്ങളിൽ എത്തിക്കാനായി നടപ്പാക്കുന്ന സെൽ ബ്രോഡ്‌കാസ്റ്റ് സേവനമാണിത്. എന്നാൽ, ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സെൽ ബ്രോഡ്‌കാസ്റ്റ് നടത്തേണ്ടതില്ലെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തന്നെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ജൂൺ 12നാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കിയത്.

പലപ്പോഴും ഈ അപകടമുന്നറിയിപ്പ് സന്ദേശങ്ങൾ അർദ്ധരാത്രിയിലും പുലർച്ചെയും വരാറുണ്ട്. അപ്രതീക്ഷിതമായെത്തുന്ന ഈ സന്ദേശം എല്ലാവരുടെയും ഉറക്കം കെടുത്തും. എന്ത് അപകടമാണ് സംഭവിക്കുന്നതെന്നറിയാൻ പലരും ഉറക്കം നഷ്‌ടപ്പെട്ട് ജനാലകളിലൂടെ പുറത്തേക്ക് നോക്കാറുണ്ട്. എന്നാൽ, മഴയോ മണ്ണിടിച്ചിലോ മറ്റ് അപകടങ്ങളോ ഒന്നും ഇല്ലാത്ത സമയങ്ങളിലും ഈ സന്ദേശം വരുന്നത് പലരിലും ഇതിലുള്ള വിശ്വാസ്യത നഷ്‌ടപ്പെടുത്തി. അതിനാൽ, യഥാർത്ഥ അപകടമുന്നറിയിപ്പ് വന്നാൽപ്പോലും പലരും അത് ശ്രദ്ധിക്കാതെയായി.

ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ഇത്തരത്തിൽ നിരന്തരം അപകടമുന്നറിയിപ്പ് വരുന്നത് വലിയ ചർച്ചയായിരുന്നു. അർദ്ധരാത്രികളിൽ എത്തുന്ന ഈ അലർട്ട് സന്ദേശം എല്ലാവരുടെയും ഉറക്കംകെടുത്തി. ഇടിമിന്നൽ, കൊടുങ്കാറ്റ്, കനത്ത മഴ എന്നിവയ്‌ക്ക് മുന്നോടിയായാണ് സാധാരണ മുന്നറിയിപ്പുകൾ പുറപ്പെടുവിക്കാറുള്ളത്.

സെൽ ബ്രോഡ്‌കാസ്റ്റ്

കഴിഞ്ഞ കുറച്ച് വർഷങ്ങളായി നൂറുകണക്കിന് ആളുകളുടെ ജീവൻ നഷ‌്ടപ്പെടാൻ കാരണമായ മിന്നൽ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, മേഘവിസ്‌ഫോടനം എന്നിവയെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്ന സെൽ ബ്രോഡ്‌കാസ്റ്റ് സേവനം ഏറെ പ്രയോജനം ചെയ്‌തിരുന്നു. ഒരു നിശ്ചിത മേഖലയിലെ കാലാവസ്ഥ കണക്കിലെടുത്താണ് ഈ പ്രദേശത്തുള്ള ജനങ്ങൾക്ക് സന്ദേശം വരുന്നത്.

എസ്‌എംഎസ് സന്ദേശങ്ങളിൽ നിന്ന് വ്യത്യസ്‌തമായി ഫോൺ സൈലൻഡ് ആയിരുന്നാൽ പോലും ഉറക്കെയുള്ള ശബ്‌ദത്തിൽ ഈ സന്ദേശമെത്തും. ഭൂകമ്പം, സുനാമി, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ച് മുന്നറിയിപ്പ് നൽകാനായി ലോകമെമ്പാടും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. എത്രയും വേഗം ജനങ്ങളെ രക്ഷപ്പെടുത്തുക എന്ന ലക്ഷ്യമായതിനാൽ രാത്രിയെന്നോ പുലർച്ചെയെന്നോ നോക്കിയല്ല ഈ സന്ദേശമെത്തുന്നത്.

alert

രക്ഷയില്ലാതെ ജനങ്ങൾ

കുട്ടികളും പ്രായമായവരും ഉൾപ്പെടെ വീടുകളിലുള്ള എല്ലാവരെയും ഉണർത്താൻ പാകത്തിൽ ഉച്ചത്തിലാണ് സന്ദേശം എത്തുന്നതെന്നാണ് ചിലരുടെ പരാതി. പുറത്ത് പ്രശ്‌നമോ അപായ സാഹചര്യമോ ഇല്ല, സൈലൻഡ് മോഡിൽ ആയിരുന്നിട്ടും എന്തിനാണ് ഇങ്ങനെ ഫോണിൽ സന്ദേശം വന്നുകൊണ്ടിരിക്കുന്നതെന്നാണ് മറ്റുചിലർ ചോദിക്കുന്നത്. അപകടമില്ലാത്ത സമയത്ത് മുന്നറിയിപ്പ് വരുന്നതാണ് ജനങ്ങളെ മുഴുവൻ വലച്ചിരിക്കുന്നത്.

ഇങ്ങനെ തുടർച്ചയായി സന്ദേശങ്ങൾ വന്നാൽ ജനങ്ങൾ അവയെ അവഗണിക്കുമെന്നാണ് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്. ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിൽ പോലും വ്യാജമെന്ന് കരുതി ജനങ്ങൾ ഇവയെ അവഗണിച്ചാലുണ്ടാകുന്ന ഭീകരതയെക്കുറിച്ചും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.

മറ്റ് രാജ്യങ്ങളിൽ

യുണൈറ്റഡ് സ്റ്റേറ്റ്സ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഇത്തരത്തിൽ അപകടസന്ദേശങ്ങൾ വരാറുണ്ട്. ഇവിടെ പതിവ് കാലാവസ്ഥാ അറിയിപ്പുകൾ സാധാരണ സന്ദേശങ്ങളായും ഭീകരമായ കാലാവസ്ഥാ വ്യതിയാനങ്ങൾ മാത്രം അലർട്ടുകളുമായാണ് എത്തുന്നത്. അതിനാൽ, പ്രശ്‌നത്തിന്റെ ഗൗരവം എത്രത്തോളമെന്ന് പൗരന്മാർക്ക് ബോദ്ധ്യമാകുന്നു.

ഇന്ത്യയ്‌ക്കുള്ള വെല്ലുവിളി

കാലാവസ്ഥാ വ്യതിയാനങ്ങളും അപകടങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ജനങ്ങൾക്ക് വേർതിരിച്ച് മനസിലാകുന്ന രീതിയിലുള്ള സന്ദേശങ്ങൾ വരണം. എല്ലാം അപകടസന്ദേശമായി വന്നാൽ ജനങ്ങൾക്ക് അതിന്റെ ഗൗരവം നഷ്‌ടപ്പെടും. മാത്രമല്ല, പലർക്കും ഉറക്കം നഷ്‌ടപ്പെടുകയും രോഗങ്ങൾ ബാധിക്കുകയും ചെയ്‌തിട്ടുണ്ട്. നിലവിൽ എന്തുകൊണ്ടാണ് ഈ സംവിധാനം ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫോണിലേക്ക് അർദ്ധരാത്രി ഇത്തരമൊരു സന്ദേശം വന്നതാണ് കാരണമെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EXPLAINER, EMERGENCY ALERT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360