SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.34 AM IST

അമ്മൂമ്മയുടെ അരുമയായ പേരക്കുട്ടി,​ സ്പെയിനിനെ വിറപ്പിച്ച് ഒറ്റ ദിവസം കൊണ്ട് സ്റ്റാറായ 'വൊസീഞ്ഞ'

vozinha

അറ്റ്‌ലാന്റ: ലോകകപ്പിൽ ആദ്യമെത്തുന്നതിന്റെ യാതൊരു പതർച്ചയുമില്ലാതെ ചാമ്പ്യൻമാരായ സ്പെയിനെന വെള്ളം കുടിപ്പിച്ച കേപ് വെർദേ എന്ന കുഞ്ഞൻ രാജ്യത്തെ ഫുട്ബോൾ പ്രേമികൾ ഒരിക്കലും മറക്കില്ല. ഫൈനലിൽ ആരാധകർ പ്രതീക്ഷിക്കുന്ന സ്പെയിനിനെ ഗോൾരഹിത സമനിലയിൽ പൂട്ടാൻ കാരണക്കാരനായത് കേപ് വെർദേയുടെ ഗോൾകീപ്പർ വൊസീഞ്ഞയുടെ പ്രകടനമായിരുന്നു.

ലോകകപ്പിൽ അരങ്ങേറ്റക്കാരനായെത്തുന്ന രണ്ടാമത്തെ പ്രായം കൂടിയ താരമെന്ന നേട്ടത്തോടെയാണ് നാൽപ്പതുകാരനായ വൊസീഞ്ഞ ബൂട്ടണിഞ്ഞ് മത്സരത്തിനെത്തിയത്. സ്‌പെയിൻ താരങ്ങളായ ഫെറാൻ ടോറസിന്റെയും മീക്കേൽ ഒയർസബാലിന്റെയും അടക്കം ഗോളെന്നുറപ്പിച്ച ഏഴോളം ഷോട്ടുകളുടെ വിധിയാണ് വൊസീഞ്ഞ മാറ്റിയെഴുതിയത്.

'ജോസിമാർ ജോസ് എവോറ ഡയസ്' എന്നാണ് വൊസീഞ്ഞയുടെ യഥാർത്ഥ പേര്. പട്ടാളക്കാരനായ പിതാവും ഉദ്യോഗസ്ഥയായ മാതാവും ജോലിക്ക് പോകുമ്പോൾ 'കുഞ്ഞൻ വൊസീഞ്ഞ'യെ സംരക്ഷിച്ചിരുന്നത് മുത്തശിയായിരുന്നു. മുത്തശിയോടൊപ്പം വളർന്ന അദ്ദേഹത്തിന് 'ലിറ്റിൽ ഗ്രാനി' എന്ന അർത്ഥത്തിലാണ് 'വൊസീഞ്ഞ' എന്ന വിളിപ്പേര് കിട്ടിയത്.

2012 മുതൽ കേപ് വെർദേ ദേശീയ ടീമിന്റെ ഭാഗമായ അദ്ദേഹം നിലവിൽ പോർച്ചുഗീസ് രണ്ടാം ഡിവിഷൻ ക്ലബ്ബായ ഷാവെസിൽ ആണ് കളിക്കുന്നത്. അംഗോള, മൊൾഡോവ, സൈപ്രസ്, സ്ലൊവാക്യ തുടങ്ങി നിരവധി രാജ്യങ്ങൾക്ക് വേണ്ടിയും അദ്ദേഹം പന്ത് തട്ടിയിട്ടുണ്ട്. കേപ് വെർദേയിലെ സാവോ വിസെന്റിൽ ജനിച്ചുവളർന്ന അദ്ദേഹത്തിന്റെ ജഴ്സിയുടെ പുറകിലെ പേര് എക്കാലത്തും 'വൊസീഞ്ഞ' എന്നായിരുന്നു.

'അംഗോളയിൽ കളിക്കുന്ന സമയത്ത് ജോസിമർ എന്ന മറ്റൊരു ഗോൾകീപ്പർ അവിടെ ഉണ്ടായിരുന്നു. ജോസിമർ II എന്ന പേര് ജഴ്സിയിൽ ഇടുന്നതിന് എനിക്ക് താൽപ്പര്യമുണ്ടായിരുന്നില്ല. കേപ് വെർദേയിൽ വൊസീഞ്ഞ എന്നാണ് എല്ലാവരും എന്നെ അറിഞ്ഞിരുന്നത്, അത് തന്നെ ജെഴ്സിയിൽ ചേർക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.'- ഇങ്ങനെയാണ് വൊസീഞ്ഞയുടെ വാക്കുകൾ.

സ്പെയിനെതിരായ മത്സരത്തിൽ തകർപ്പൻ സേവുകൾ നടത്തിയാണ് വൊസീഞ്ഞ ലോകശ്രദ്ധയാകർഷിച്ചത്. ലോകകപ്പിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ 'പ്ലെയർ ഓഫ് ദ മാച്ച് ' പുരസ്കാരവും അദ്ദേഹം സ്വന്തമാക്കി. സ്‌പെയിനെതിരായ മത്സരത്തിനുശേഷം അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം അരലക്ഷത്തിൽ നിന്ന് ഒറ്റയടിക്ക് ദശലക്ഷമായി കുതിച്ചുയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIFA WORLD CUP 2026, FIFA WORLD CUP, , CAPE VERDE, VOZINHA, GOAL KEEPER, SPAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360