SignIn
Kerala Kaumudi Online
Wednesday, 17 June 2026 2.22 AM IST

വനിതാ ട്വന്റി-20 ലോകകപ്പ്: 'പാകിസ്ഥാനെതിരായ പ്രകടനം ആത്മവിശ്വാസം കൂട്ടി, ഇനി നെതർലൻഡ്‌‌സ്'

richa-ghosh-

ലീഡ്‌സ്: വനിതാ ട്വന്റി-20 ലോകകപ്പിൽ ചിരവൈരികളായ പാകിസ്ഥാനെതിരായ മത്സരത്തിൽ നഷ്ടപ്പെട്ട ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചതായി ഇന്ത്യൻ വനിതാ വിക്കറ്റ് കീപ്പർ ബാറ്റർ റിച്ചാ ഘോഷ്. നാളെ നെതർലൻഡ്സിനെതിരെ നടക്കാനിരിക്കുന്ന നിർണായക മത്സരത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റിച്ച. കഴിഞ്ഞ ഞായറാഴ്ച ബർമിംഗ്‌ഹാം നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ 17 പന്തിൽ 34 റൺസുമായി റിച്ചാ ഘോഷ് നടത്തിയ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയെ 170 റൺസെന്ന മികച്ച സ്‌കോറിലേക്ക് നയിച്ചതും 64 റൺസിന്റെ ആധികാരിക വിജയം സമ്മാനിച്ചതും.


മോശം ഫോമിലൂടെ കടന്നുപോയ (0, 6, 8, 4 റൺസ് എന്നിങ്ങനെ) ഇരുപത്തിരണ്ടുകാരിയായ റിച്ചയ്ക്ക് കാർഡിഫിൽ ഇംഗ്ലണ്ടിനെതിരെ നടന്ന സന്നാഹ മത്സരത്തിലെ 68 റൺസ് പ്രകടനമാണ് തുണയായത്. ഫോം ഔട്ടായ സമയത്ത് നെറ്റ്സിൽ കഠിനമായ പരിശീലനം നടത്തിയിരുന്നതായി റിച്ച പറഞ്ഞു. ഇതിനുപുറമെ ക്യാപ്ടൻ ഹർമൻപ്രീത് കൗർ, വൈസ് ക്യാ‌പ്ടൻ സ്‌മൃതി മന്ദാന, മുഖ്യ പരിശീലകൻ അമോൽ മുജുംദാർ എന്നിവരുടെ പിന്തുണയും ഗുണം ചെയ്തു. സ്വന്തം ശൈലിയിൽ ഒട്ടും സമ്മർദ്ദമില്ലാതെ കളിക്കാനും കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമായിരുന്നു അവരുടെ ഉപദേശം. ഇതാണ് ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിൽ റൺസ് കണ്ടെത്താൻ സഹായിച്ചതെന്നും താരം വ്യക്തമാക്കി.


പാക് മത്സരത്തിൽ ആറാം വിക്കറ്റിൽ ദീപ്‌തി ശർമ്മയുമായി ചേർന്ന് റിച്ച ഉണ്ടാക്കിയ 45 റൺസിന്റെ കൂട്ടുകെട്ട് നിർണായകമായിരുന്നു. ഇന്ത്യൻ ടീമിലും ബംഗാൾ ആഭ്യന്തര ടീമിലും ദീർഘകാലമായി ഒരുമിച്ച് കളിക്കുന്നതിനാൽ പരസ്പരം ഗെയിം പ്ലാൻ കൃത്യമായി മനസിലാക്കാനും സ്‌ട്രൈക്ക് കൈമാറ്റം ചെയ്യാനും സാധിക്കുന്നുണ്ടെന്നും റിച്ച പറഞ്ഞു.

അടുത്ത എതിരാളികളായ നെതർലൻഡ്‌സിനെ ഇന്ത്യ ഒട്ടും നിസാരമായി കാണുന്നില്ലെന്നും അവരുടെ മത്സരങ്ങൾ കൃത്യമായി വിലയിരുത്തിയിട്ടുണ്ടെന്നും റിച്ച വ്യക്തമാക്കി. നെതർലൻഡ്‌സ് ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതുകൊണ്ടുതന്നെ ശക്തമായ പോരാട്ടമായിരിക്കും നടക്കുകയെന്നും റിച്ച കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, RICHA GOSH, T-20 WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360