
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്‌തെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ജനുവരി മുതൽ ജൂൺ വരെ 146 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്‌തെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ച് മരണം റിപ്പോർട്ട് ചെയ്‌തെന്നും അദ്ദേഹം വ്യക്തമാക്കി.
'ഈ മാസം 70 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. അഞ്ചു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിലാണ് മരണം നടന്നിട്ടുള്ളത്. കോഴിക്കോട്ടും മലപ്പുറത്തും രണ്ടുപേർ വീതം മരിച്ചു. കോഴിക്കോട് ഷിഗെല്ല ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
നിപയുടെ കേസിൽ ഇതുവരെ 38 ടെസ്റ്റുകൾ നടത്തി. അതിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്ന ആളുടെ മാത്രമേ പോസിറ്റീവ് ആയിട്ടുള്ളൂ. അതായത് 38 ടെസ്റ്റുകളിൽ 37ഉം നെഗറ്റീവാണ്. തിരഞ്ഞെടുപ്പ് കാരണം മഴക്കാലത്തെ ശുചീകരണ പരിപാടികൾ തടസപ്പെട്ടു. ഡിസംബറിലാണ് ലോക്കൽ ബോഡികൾ വന്നത്. ഇവർ ഒന്ന് പരിചയപ്പെട്ട് വന്നപ്പോൾ മാർച്ചിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇത് ആരുടെയും കുറ്റമല്ല. അതിനാൽ പകർച്ചവ്യാധികളുടെ എണ്ണം ഇത്തവണ കൂടി.
രോഗം വ്യാപിക്കുന്നത് തടയാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ഇന്ന് രാവിലെ ഇതുസംബന്ധിച്ച് വിപുലമായ യോഗം ചേർന്നു. പകർച്ചവ്യാധികളെ നിയന്ത്രിക്കാൻ ഹെെപവർ കമ്മിറ്റി വേണമെന്ന് നിർദേശം വന്നു. അതിൽ ഒരു കലണ്ടർ നിർമ്മിക്കും. പകർച്ചവ്യാധികൾ മുൻകൂട്ടി കണ്ട് പ്രതിരോധിക്കാനാണ് അത്. ജില്ലാ തലത്തിൽ ഔട്ട്ബ്രേക്ക് മോണിറ്ററിംഗ് യൂണിറ്റ് രൂപീകരിക്കും'- മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |