
ഫിഫാ ലോകകപ്പ് ആവേശത്തിനിടയിൽ ഇൻഫ്ളുവൻസർമാർക്കെതിരെ ആഞ്ഞടിച്ച് അവതാരകയും ബിഗ് ബോസ് താരവുമായ ശാരിക രംഗത്ത്. ഫുട്‌ബോളിന്റെ എബിസിഡി അറിയാത്തവർ പോലും സോഷ്യൽ മീഡിയയിൽ സ്റ്റാറ്റസ് ഇടാൻ വേണ്ടി ബ്രസീൽ, അർജന്റീന ജേഴ്സികളും പതാകകളുമായി ഇറങ്ങിയിരിക്കുകയാണെന്നാണ് ശാരികയുടെ വിമർശനം. ഒരു ഓൺലൈൻ വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
'ലോകകപ്പ് തുടങ്ങിയതു മുതൽ ഇൻഫ്ളുവൻസർമാർ അടക്കം പല ആളുകളും അർജന്റീനയുടെയും ബ്രസീലിന്റെയും പടം സ്റ്റാറ്റസ് ഇടുകയാണ്. ചിലർ ഇടുന്നത് ഒറിജിനൽ പതാക തന്നെയല്ലേ എന്ന് എനിക്ക് സംശയമുണ്ട്. യഥാർത്ഥ ആരാധകരെ ഞാൻ മാറ്റിനിർത്തുന്നു. പക്ഷേ, പലർക്കും ഫുട്‌ബോളിനെപ്പറ്റി വല്ലതും അറിയാമോ? മെസി ആരാ, റൊണാൾഡോ ആരാ എന്നുപോലും ഇവർക്ക് അറിയില്ലായിരിക്കും. നമ്മുടെ രാജ്യം പങ്കെടുക്കുന്ന കളിയാണെങ്കിൽ എല്ലാവരും സ്റ്റാറ്റസ് ഇടുന്നതിൽ തെറ്റില്ല, അതൊരു അഭിമാനമാണ്. എന്നാൽ ഇവിടെ ആരാധകർ ഒരു 30ശതമാനം മാത്രമാണ്. ബാക്കി 70ശതമാനം പേരും ഫുട്‌ബോളിന്റെ എബിസിഡി അറിയാത്തവരാണ്. ഇതൊക്കെ കണ്ടിട്ട് സഹിക്കാൻ കഴിയാതെയാണ് ഞാൻ പ്രതികരിക്കുന്നത്.'- ശാരിക പറയുന്നു.
ശാരികയുടെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്. ദിവസേന പണിക്ക് പോയി കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശുകൊണ്ട് ഫ്ളക്സ് വയ്ക്കുന്നവരാണ് യഥാർത്ഥ ആരാധകർ എന്നും, വെറും റീൽസിനും കാശുണ്ടാക്കാനും വേണ്ടി മാത്രം ഫുട്‌ബോൾ പ്രേമികളായി അഭിനയിക്കുന്ന ഇൻഫ്ളുവൻസേഴ്സിനെ വിമർശിക്കേണ്ടത് തന്നെയാണ് എന്നുമാണ് ശാരികയെ അനുകൂലിക്കുന്നവർ പറയുന്നത്.
ഫുട്‌ബോളിന്റെ നിയമങ്ങൾ അറിഞ്ഞിട്ട് മാത്രമേ കളി കാണാവൂ എന്ന് എവിടെ എഴുതിവെച്ചിരിക്കുന്നതെന്നാണ് പ്രതികൂലിക്കുന്നവരുടെ ചോദ്യം. അറിയില്ലെങ്കിലും കളി കണ്ട് ആസ്വദിക്കുന്നതിൽ എന്താണ് തെറ്റെന്നും, എല്ലാവർക്കും എല്ലാം അറിയണമെന്നില്ലാത്തതിനാൽ ഇതിനെ ഒരു 'ഗെയിം സ്പിരിറ്റിൽ' എടുത്തുകൂടെ എന്നും പലരും ശാരികയോട് ചോദിക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |