
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസ് സർവീസുകൾ ഭൂരിഭാഗവും ലേഡീസ് ഒൺലി ആയതുപോലെയാണ്. ബസ് ഓർഡിനറിയാണോ ഉറപ്പാക്കി പ്രിയദർശിനി സൗജന്യയാത്ര സ്റ്റിക്കർ നോക്കി കയറുകയായിരുന്നു സ്ത്രീകളുടെ രീതി. തിരക്കേറിയ രാവിലെയും വൈകിട്ടും ഇപ്പോൾ പുരുഷന്മാർക്ക് ബസിൽ കയറാനാകുന്നില്ല. അകത്തു കയറിയാലോ സീറ്റ് ലഭിക്കാറുമില്ല. തിങ്കളാഴ്ച പദ്ധതി നിലവിൽ വന്ന രാവിലെ 9.30നു ശേഷമുള്ള കണക്കു പ്രകാരം 7.14ലക്ഷം സ്ത്രീകൾ സീറോ ടിക്കറ്റെടുത്ത് യാത്ര ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചത്തെ അപേക്ഷിച്ച് സ്ത്രീയാത്രക്കാരിൽ 1.42 ലക്ഷം വർദ്ധനവുണ്ടായി. ട്രാൻസ്ജെൻഡർ ഉൾപ്പെടെയുള്ള യാത്രക്കാരുടെ കണക്കാണിത്. ഗതാഗതമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കണക്കു പ്രകാരം 2.10കോടി രൂപയുടെ യാത്രയാണ് നടന്നത്. ശരാശരി 2കോടി രൂപയുടെ സൗജന്യയാത്ര നടക്കുമെന്നായിരുന്നു കെ.എസ്.ആർ.ടി.സി ഗതാഗത വകുപ്പിന് നൽകിയ കണക്ക്.
പ്രവൃത്തി ദിവസങ്ങളിൽ കെ.എസ്.ആർ.ടി.സിയിൽ ശരാശരി 20 ലക്ഷം യാത്രക്കാർ കയറാറുണ്ട്. തിങ്കളാഴ്ച രാവിലെ 9.30നു മുമ്പ് സൗജന്യയാത്ര ഉണ്ടായിരുന്നില്ല. മാത്രമല്ല, കൗതുകത്തിന് സൗജന്യയാത്ര നടത്തിയവരും ഉണ്ട്. സ്വകാര്യ ബസിലെ സ്ഥിരം യാത്രക്കാരിൽ പലരും കാത്തുനിന്ന് കെ.എസ്.ആർ.ടി.സി പിടിച്ചാണ് യാത്ര ചെയ്തത്. ഇന്നലെ സൗജന്യയാത്ര ചെയ്തവരുടെ എണ്ണത്തിലും വർദ്ധനയുണ്ടാകുമെന്നാണ് കണക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |