
വജ്രാഭരണങ്ങളാണ് ഇപ്പോൾ ഫാഷൻ ലോകത്തെ ട്രെൻഡിംഗ്. ചെറിയ മൂക്കുത്തികൾ മുതൽ വിവാഹ സെറ്റുകൾ വരെ ഒരുപോലെ പ്രിയപ്പെട്ടതാകുന്ന കാലഘട്ടമാണ് ഇത്. പുതിയ തലമുറയ്ക്ക് സ്വർണത്തോടുള്ള താല്പര്യം പതിയെ മാറിക്കഴിഞ്ഞു. പ്രിയപ്പെട്ടവർക്ക് സമ്മാനം നൽകുന്നതിനുൾപ്പെടെ വജ്രാഭരണങ്ങൾ തിരഞ്ഞെടുക്കുന്നവർ നിരവധിയാണ്. വജ്രത്തിന്റെ പ്രൗഢിപോലെ തന്നെയാണ് അത് സൂക്ഷിക്കുന്നതിലുള്ള പ്രത്യേകതയും.
വജ്രാഭരണങ്ങൾ ഇരുണ്ട നിറത്തിലുള്ള വെൽവെറ്റ് തുണികളിലാണ് സാധാരണയായി സൂക്ഷിക്കാറുള്ളത്. അതിന് പിന്നിലെ കാരണം എന്താണെന്നറിയാമോ? ശാസ്ത്രീയപരമായ കാര്യങ്ങൾ കൂടി കണക്കിലെടുത്താണ് വജ്രം ഇങ്ങനെ സൂക്ഷിക്കുന്നത്.
വജ്രങ്ങൾ സൂക്ഷിക്കേണ്ടത് എങ്ങനെ?
ഭൂമിയിലെ ഏറ്റവും കാഠിന്യമേറിയ പദാർത്ഥമാണ് വജ്രം. ഒരു വസ്തുവിന്റെ കാഠിന്യം എത്രയെന്ന് കണക്കാക്കുന്ന 'മോസ് സ്കെയിലിൽ' വജ്രത്തിന് കാഠിന്യം പത്തിൽ പത്താണ്. അതായത് പെട്ടെന്നൊന്നും വജ്രത്തെ നശിപ്പിക്കാൻ കഴിയില്ല. ഒരേ ആഭരണപ്പെട്ടിയിൽ വജ്രത്തിനൊപ്പം സ്വർണം, പ്ലാറ്റിനം എന്നിവ സൂക്ഷിച്ചാൽ അവയിൽ പോറൽ വീഴാൻ കാരണമായേക്കാം. വജ്രം വെൽവെറ്റ് തുണിയിൽ പൊതിഞ്ഞ് സൂക്ഷിച്ചാൽ ആഭരണങ്ങൾ തമ്മിൽ ഉരസി കേടുപാടുകൾ സംഭവിക്കുന്നത് തടയാൻ കഴിയും.
വെൽവെറ്റിൽ സൂക്ഷിക്കുന്നതിന്റെ പ്രധാന്യം
വജ്രങ്ങളുടെ തിളക്കം കാത്തുസൂക്ഷിക്കുന്നതിന് വെൽവെറ്റ് ബോക്സുകൾക്ക് കഴിയും. സാധാരണയായി വജ്രങ്ങൾ സൂക്ഷിക്കുന്ന പെട്ടികളുടെ ഉള്ളിൽ കറുപ്പ്, നേവി ബ്ലൂ, അല്ലെങ്കിൽ കടും പച്ച നിറത്തിലുള്ള വെൽവെറ്റ് തുണിയാണ് ഉപയോഗിക്കാറുള്ളത്. ഇതിന് കാരണം കടും നിറങ്ങളിലുള്ള വെൽവെറ്റ് പുറത്തുനിന്നുള്ള വെളിച്ചത്തെ പ്രതിഫലിപ്പിക്കാതെ ഉള്ളിലേക്ക് വലിച്ചെടുക്കുന്നു. വജ്രം അടങ്ങിയ പെട്ടി തുറക്കുമ്പോൾ മറ്റ് വെളിച്ചം കണ്ണിൽ പതിക്കുന്നത് ഈ ഇരുണ്ട പശ്ചാത്തലം തടയും. വജ്രത്തിൽ തട്ടി വരുന്ന വെളിച്ചം മാത്രം നമ്മുടെ കണ്ണുകളിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിലൂടെ വജ്രത്തിന്റെ തിളക്കവും ഭംഗിയും ഇരട്ടിയായി നമുക്ക് അനുഭവപ്പെടും.

വജ്രങ്ങൾ പൊതുവെ കട്ടിയുള്ളതായതുകൊണ്ട് കേടുപാടുകൾ സംഭവിക്കുന്നത് കുറവാണെങ്കിലും അതിനോട് ചേർന്നുള്ള ലോഹങ്ങൾക്ക് (വെള്ളി,സ്വർണം, പ്ളാറ്റിനം) അന്തരീക്ഷത്തിലെ ഈർപ്പം കേടുപാടുകൾ വരുത്താനിടയുണ്ട്. പ്ലാസ്റ്റിക്കിലോ, ലെതറിലോ ആഭരണങ്ങൾ സൂക്ഷിച്ചുകഴിഞ്ഞാൽ ഈർപ്പം തങ്ങിനിൽക്കാൻ സാദ്ധ്യത കൂടുതലാണ്. ഇത് ലോഹങ്ങളുടെ സ്വാഭാവിക തിളക്കത്തിനെ ബാധിക്കാനിടയുണ്ട്. ദിവസം കഴിയുംതോറും ഈ ലോഹങ്ങൾക്ക് കറുപ്പ് നിറം വരാനും തുടങ്ങിയേക്കാം.
ഉയർന്ന ഗുണനിലവാരമുള്ള വെൽവെറ്റ് തുണികൾക്ക് വായുസഞ്ചാരം കൂടുതലായിരിക്കും.ഇത് പെട്ടിക്കുള്ളിലെ ഈർപ്പത്തിന്റെ അളവ് കൃത്യമായി നിയന്ത്രിക്കുകയും ലോഹങ്ങൾ വർഷങ്ങളോളം പുത്തൻപോലെ തിളങ്ങി നിൽക്കാൻ സഹായിക്കുകയും ചെയ്യുന്നു. വജ്രം വാങ്ങുന്നതിനൊപ്പം കൃത്യമായി സൂക്ഷിക്കേണ്ട രീതിയും മനസിലാക്കിയാൽ വർഷങ്ങളോളം അതേ തിളക്കത്തിൽ ഇവ ഉപയോഗിക്കാൻ സാധിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |