SignIn
Kerala Kaumudi Online
Wednesday, 17 June 2026 5.13 PM IST

200 ദിവസംവരെ തുടർച്ചയായി പറക്കും, ഉറങ്ങിപ്പോയാലും താഴെ വീഴില്ല; അറിയാം പക്ഷികളുടെ അത്ഭുത രഹസ്യം

frigate-bird

ഉറക്കം എന്നത് ശരീരം നിശ്ചലാവസ്ഥയിലായിരിക്കുമ്പോൾ മാത്രം സംഭവിക്കുന്നതാണെന്നാണ് നമ്മുടെ സ്വാഭാവിക ധാരണ. എന്നാൽ, പ്രകൃതിയിൽ ഈ ധാരണകൾ തെറ്റാണെന്ന് തെളിയിക്കുന്ന ചില പക്ഷികളുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ നീളുന്ന കുടിയേറ്റ യാത്രകൾക്കിടയിൽ ആകാശത്ത് പറന്നുകൊണ്ടിരിക്കെതന്നെ ഇവയ്‌ക്ക് ഉറങ്ങാൻ സാധിക്കുന്നു. ശാസ്‌ത്രലോകത്തെ വിസ്‌മയിപ്പിക്കുന്ന ഈ അപൂർവ കഴിവിനെ 'യൂണിഹെമിസ്‌ഫെറിക് സ്ലോ-വേവ് സ്ലീപ്' എന്നാണ് വിളിക്കുന്നത്. തലച്ചോറിന്റെ ഒരു ഭാഗം വിശ്രമിക്കുമ്പോഴും മറു ഭാഗം പ്രവർത്തിപ്പിക്കാൻ പക്ഷികൾക്ക് സാധിക്കുന്നു. അതിനാൽ ദിശ തെറ്റാതെ പറക്കാനും വഴിയരികിൽ തടസങ്ങളോ അപകടങ്ങളോ ഉണ്ടായാൽ അത് മനസിലാക്കാനും പക്ഷികൾക്ക് സാധിക്കുന്നു.

എന്നാൽ, എല്ലാ പക്ഷികൾക്കും ഈ കഴിവില്ല. കിലോമീറ്ററുകളോളം ദൂരം ദേശാടനം നടത്താനായി മാസങ്ങളോളം നിർത്താതെ പറക്കേണ്ടി വരുന്ന പക്ഷികൾക്കാണ് ഈ കഴിവ് ലഭിച്ചിട്ടുള്ളത്. ചില പക്ഷികൾക്ക് ഒരു കണ്ണ് അടച്ചുവയ്‌ക്കുമ്പോൾ മറ്റേ കണ്ണ് തുറന്നുവച്ചുറങ്ങാൻ സാധിക്കുന്നു. ചിലതിനാകട്ടെ ഇഷ്‌ടാനുസരണം തലച്ചോറിന്റെ ഏതെങ്കിലും ഒരു ഭാഗത്തെ വിശ്രമാവസ്ഥയിലാക്കാനും സാധിക്കുന്നു.

1. ആൽപൈൻ സ്വിഫ്റ്റ്
ആകാശയാത്രകൾക്കിടയിൽ ഉറങ്ങുന്ന പക്ഷികളിൽ ഏറ്റവും ശ്രദ്ധേയമാണ് ആൽപൈൻ സ്വിഫ്‌റ്റ്. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പറക്കാൻ സാധിക്കുന്ന പക്ഷികളുടെ കൂട്ടത്തിൽ റെക്കോഡ് നേടിയവയാണിവ. 200 ദിവസം വരെ ഇവയ്‌ക്ക് തുടർച്ചയായി പറക്കാൻ സാധിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. പ്രചനന കാലഘട്ടത്തിൽ കൂട്കെട്ടുന്നതിനായി മാത്രമാണിവ താഴേക്കിറങ്ങുന്നത്. പറക്കുന്നതിനിടയിൽ വളരെ ചുരുങ്ങിയ നേരത്തേയ്‌ക്ക് നിയന്ത്രിതമായാണ് ഇവ ഉറങ്ങുന്നത്.

2. കോമൺ സ്വിഫ്‌റ്റ്

ആൽപൈൻ സ്വിഫ്‌റ്റുകളുടെ അത്രയും കാലം കോമൺ സ്വിഫ്‌റ്റ് തുടർച്ചയായി പറക്കാറില്ലെങ്കിലും ആകാശയാത്രകൾക്കിടയിൽ ഉറങ്ങാനുള്ള കഴിവ് ഇവയ്‌ക്കുമുണ്ട്. പറക്കുന്നതിനിടയിൽ ഒരു ദിവസം 40 മിനിറ്റെങ്കിലും ഇവയ്‌ക്ക് ഉറങ്ങാൻ സാധിക്കാറുണ്ട്. കൂടുതൽ ഉയരങ്ങളിൽ പറക്കുമ്പോൾ ചിറകുകൾ അടിക്കാതെ തെന്നിനീങ്ങിയാണ് ഇവ ഉറങ്ങുന്നത്. ഇതിലൂടെ ഊർജം നഷ്‌ടപ്പെടുന്നത് കുറയ്‌ക്കാൻ സാധിക്കുന്നു.

3. ഫ്രിഗേറ്റ് പക്ഷി

ഉഷ്‌ണമേഖലാ സമുദ്രങ്ങളിൽ സാധാരണയായി കണ്ടുവരുന്ന കടൽപക്ഷിയാണ് ഫ്രിഗേറ്റ്‌പക്ഷികൾ. കടലിന് മുകളിൽ പറന്നുനടന്ന് ഇരപിടിക്കാൻ കഴിവുള്ള ഇവയെ കടൽക്കൊള്ളക്കാർ എന്നും വിളിക്കാറുണ്ട്. ആഴ്‌ചകളോളം സമുദ്രത്തിന് മുകളിലൂടെ തുടർച്ചയായി പറക്കാൻ ഇവയ്‌ക്ക് സാധിക്കുന്നു. പറക്കുന്നതിനിടയിൽ ഒരു ദിവസം 45 മിനിറ്റ് മാത്രമാണ് ഇവ ഉറങ്ങുന്നത്. അതും നേരം ഇരുട്ടിയതിന് ശേഷം മാത്രം. കരയിലായിരിക്കുമ്പോൾ ഒരു മിനിറ്റ് നേരം വരെയും കടലിലായിരിക്കുമ്പോൾ 12 മിനിറ്റ് വരെയുമാണ് ഉറക്കം നീളുന്നത്. ഫ്രിഗേറ്റ് പക്ഷികൾക്ക് മറ്റ് കടൽപക്ഷികളെപ്പോലെ വെള്ളത്തിൽ നീന്താൻ സാധിക്കില്ല. ആൺപക്ഷികൾക്ക് ഇണയെ ആകർഷിക്കുന്നതിനായി കഴുത്തിന് താഴെ ചുവന്ന നിറത്തിൽ ബലൂൺ പോലെ വീർപ്പിക്കാൻ സാധിക്കുന്ന ഒരു ഭാഗമുണ്ട്.

4. സ്വെയിൻസൺസ് ത്രഷ്
സമുദ്രത്തിന്‌ മുകളിലൂടെ പറക്കുന്ന പക്ഷികളിൽനിന്ന് വ്യത്യസ്‌തമായി സ്വെയിൻസൺസ് ത്രഷ് രാത്രികാലങ്ങളിൽ കരയ്‌ക്ക് മുകളിലൂടെയാണ് ദേശാടനം ചെയ്യുന്നത്. ഈ സമയം, ഇവയ്‌ക്ക് നിമിഷനേരത്തേക്ക് മാത്രം ഉറങ്ങാൻ സാധിക്കുന്നു. ഒപ്പം പറക്കുന്ന പക്ഷികൾ നൽകുന്ന സൂചനകൾ ഉപയോഗിച്ച് പറക്കുന്നത് തുടരുമ്പോൾ തലച്ചോറിന്റെ ഒരു ഭാഗം വിശ്രമാവസ്ഥയിലാക്കുന്നു.

5. ബാൺ സ്വാലോ (കത്രിക പക്ഷി)

കൃഷിയിടങ്ങളിലും ഗ്രാമീണ മേഖലകളിലും സ്ഥിരമായി കാണപ്പെടുന്ന പക്ഷിയാണ് ബാൺ സ്വാലോ അഥവാ കത്രികപക്ഷി. കരയിലാണ് ഉറക്കം കൂടുതലും സംഭവിക്കുന്നതെങ്കിലും നീണ്ട ദേശാടന സമയങ്ങളിൽ, പ്രത്യേകിച്ച് കൂട്ടമായി പറക്കുമ്പോൾ ഇവ ഭാഗികമായി ഉറക്കത്തിലേക്ക് പ്രവേശിക്കുന്നു. ദേശാടന യാത്രകളിൽ ഊർജ്ജ കാര്യക്ഷമത നിലനിർത്താൻ ഇത് അവയെ അനുവദിക്കുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BIRDS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360