
ചെന്നെെ: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‌യാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രധാന ചർച്ച. ഇന്നലെയായിരുന്നു നടന്റെ പിറന്നാൾ. നിരവധി പ്രമുഖർ അദ്ദേഹത്തിന് ആശംസകൾ അറിയിച്ചിരുന്നു. അതിനിടെ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖറിന്റെ വാക്കുകളാണ് വെെറലാകുന്നത്. കഴിഞ്ഞദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇവ. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം വിജയ് ആദ്യം തന്റെ പിതാവ് എസ് എ ചന്ദ്രശേഖറിനോട് പറഞ്ഞകാര്യമാണ് ശോഭ വെളിപ്പെടുത്തിയത്.
'ഞാൻ അച്ഛന്റെ സ്വപ്നം പൂർത്തിയാക്കിയോ' - എന്നായിരുന്നു സത്യപ്രതിജ്ഞയ്ക്ക് ശേഷം വിജയ് പിതാവിനോട് ചോദിച്ചത്. അതിന് മൗനമായി തലയാട്ടുകയാണുണ്ടായതെന്നും ശോഭ വെളിപ്പെടുത്തി. തന്റെ മകനായ വിജയ് ഈ ഉന്നത പദവിയിൽ എത്തുന്നത് കാണാൻ അദ്ദേഹം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി സ്വപ്നം കാണുകയായിരുന്നുവെന്നും ശോഭ കൂട്ടിച്ചേർത്തു.
'വിമർശനം കാണുമ്പോൾ ഞങ്ങൾക്ക് വിഷമം തോന്നി. എന്നാൽ വിജയ് തന്റെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും നിശബ്ദത പാലിച്ചു. എല്ലാം പോസിറ്റീവായി സ്വീകരിച്ചു. അതാണ് ഒടുവിൽ വിജയത്തിലേക്ക് നയിച്ചത്. അഭിനയമാണോ രാഷ്ട്രീയമാണോ തന്റെ വഴിയെന്ന കാര്യത്തിൽ വിജയ്ക്ക് തുടക്കം മുതൽ കൃത്യമായ ബോദ്ധ്യമുണ്ടായിരുന്നു. വിജയ്ക്ക് എല്ലാ കാര്യത്തിലും വളരെ വ്യക്തതയുണ്ടായിരുന്നു. ഒരു സമയം ഒരു മേഖലയിൽ മാത്രമാണ് ശ്രദ്ധ. ഒന്നുകിൽ അഭിനയം അല്ലെങ്കിൽ രാഷ്ട്രീയം'- ശോഭ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |