SignIn
Kerala Kaumudi Online
Wednesday, 24 June 2026 5.00 AM IST

അടിച്ചെടാ അണ്ണൻ

cristiano
cristiano

ടെക്സാസ് : കാത്തിരിപ്പിനൊടുവിൽ ക്രിസ്റ്റ്യാനോയിൽ നിന്ന് പിറന്നത് ഒന്നല്ല, രണ്ടു ഗോളുകൾ. കഴിഞ്ഞ 10 ലോകകപ്പ് മത്സരങ്ങളിൽ ഗോളടിക്കാൻ കഴിയാതിരുന്നതിന്റെ സങ്കടം ആരാധകരുടെ സ്വന്തം 'അണ്ണൻ" ഇന്നലെ ഉസ്ബക്കിസ്ഥാ നെതിരെ ഇരട്ട ഗോളുകൾ കൊണ്ട് തീർത്തു. കോംഗോയ്ക്കെതിരായ മത്സരത്തിലെ സമനിലയും വേഗം കുറഞ്ഞ കളിശൈലിയും കൊണ്ട് വിമർശനങ്ങൾ കേട്ട പോർച്ചുഗൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ജയിച്ചതിലുപരി ഒത്തിണക്കവും തന്ത്രപരമായ നീക്കങ്ങളുംകൊണ്ട് ആരാധകരുടെ വിശ്വാസം തിരിച്ചുപിടിക്കുകയും ചെയ്തു. ഈ വിജയം പോർച്ചുഗലിന്റെ നോക്കൗട്ട് സാദ്ധ്യതകൾ സജീവമാക്കിയിട്ടുണ്ട്. ഞായറാഴ്ച കൊളംബിയയ്ക്കെതിരെ വിജയിച്ചാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായിതന്നെ പറങ്കികൾക്ക് രണ്ടാം റൗണ്ടിലെത്താം.

പഴയകാല പ്രതാപത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകൾ നൽകിയായിരുന്നു ഇന്നലെ ക്രിസ്റ്റ്യാനോയുടെ തുടക്കം. ഫസ്റ്റ് ഇലവനിൽ നിന്ന് മാറ്റണമെന്ന വിമർശനങ്ങൾക്കിടയിലും തന്റെ കപ്പിത്താനെ വിശ്വസിച്ച് കളത്തിലേക്കയച്ച കോച്ച് റോബർട്ടോ മാർട്ടിനെസിന്റെ മുഖത്ത് പത്തരമാറ്റ് പുഞ്ചിരി വിരിയിച്ചു ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ. ഇത്രയും നാൾ അടക്കിപ്പിടിച്ച സങ്കടക്കെട്ടുകൾ അഴിച്ചുകളയുന്നതിന്റെ എല്ലാ സന്തോഷവുമുണ്ടായിരുന്നു ക്രിസ്റ്റ്യാനോയുടെ വികാരപ്രകടനങ്ങളിൽ . ഒരിക്കൽക്കൂടി മൈതാനത്ത് ക്രിസ്റ്റ്യാനോയുടെ സ്യൂൂൂൂ....നാദം മുഴങ്ങിയപ്പോൾ ഗാലറികളും കോരിത്തരിച്ചുപോയി.

പിന്നാലെ ഫ്രീകിക്കെടുക്കാൻ ചുവടുറപ്പിച്ചുനിന്ന ക്രിസ്റ്റ്യാനോയ്ക്കുവേണ്ടി കോട്ടകെട്ടിയ ഡിഫൻഡർമാരെ അമ്പരപ്പിച്ചുകൊണ്ട് ന്യൂനോ മെൻഡസ് വലകുലുക്കിയപ്പോൾ ആ തന്ത്രംകണ്ട് ഗാലറിതന്നെ ഞെട്ടിച്ചു. രണ്ടാം പകുതിയിൽ ഒരു ഫ്രീകിക്കെടുക്കാൻ നിന്നിട്ട് അവസാനിമിഷം മുന്നോട്ടോടിക്കയറിയ അടുത്ത അടവും ഞെട്ടിക്കുന്നതായിരുന്നു. എത്രയോ നാളായി ഒപ്പം കളിച്ചിട്ടും ക്രിസ്റ്റ്യാനോയ്ക്ക് പന്തുകൊടുക്കാൻ മടികാട്ടിയിരുന്ന ബ്ര്രൂണോ ഫെർണാണ്ടസിന്റെ തളികയിൽ വെച്ചതുപോലെയുള്ള പാസാണ് ക്രിസ്റ്റ്യാനോ തന്റെ രണ്ടാം ഗോളാക്കിയത്. രണ്ടാം പകുതിയിൽ ഹാട്രിക് തികയ്ക്കാൻ നിരവധി അവസരങ്ങൾ ക്രിസ്റ്റ്യാനോയ്ക്ക് ലഭിച്ചെങ്കിലും ഫലപ്പെ‌ടുത്താനായില്ല.

6

ലോകകപ്പുകളിൽ ഗോളടിച്ച ഏകതാരം

41

പോർച്ചുഗലിനായി ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായമേറിയ താരം

10

പോർച്ചുഗലിനായി ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. യുസേബിയയുടെ 9 ഗോളുകളാണ് ഇന്നലെ ക്രിസ്റ്റ്യാനോ മറികടന്നത്.

റോജർ മില്ലയ്ക്ക് ശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായേറിയ താരമായി ക്രിസ്റ്റ്യാനോ. 1990ൽ 42-ാം വയസിലാണ് മില്ല ഗോളടിച്ചത്.

പോർച്ചുഗലിന്റ ഗോളുകൾ
6-ാം മിനിട്ട് : ക്രിസ്റ്റ്യാനോ റൊണാൾഡോ

17-ാം മിനിട്ട് : ന്യൂനോ മെൻഡസ്

39-ാം മിനിട്ട് : ക്രിസ്റ്റ്യാനോ റൊണാൾഡോ

60-ാം മിനിട്ട് : അബ്ദുവഹീദ് (സെൽഫ്)

87-ാം മിനിട്ട് റാഫേൽ ലിയാവോ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, WORLDCUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360