
ബംഗളൂരു: അധികാരികളോട് ആവർത്തിച്ച് അപേക്ഷിച്ചിട്ടും മറുപടി ലഭിക്കാത്തതിനെത്തുടർന്ന് റോഡ് നിർമാണം കർഷകർ സ്വയം ഏറ്റെടുത്തു. കർണാടകയിൽ ബെല്ലാരിയിലെ കർഷകരാണ് തങ്ങളുടെ കൃഷിയിടത്തിലേക്കുള്ള 3.5 കിലോമീറ്റർ തകർന്ന സർവീസ് റോഡ് പുതുക്കി പണിതത്. അധികാരികളെ നിരന്തരം കണ്ടിട്ടും കാര്യം നടക്കില്ലെന്ന് ഉറപ്പായതോടെ 150ഓളം കർഷകർ പണം സ്വരൂപിച്ചാണ് തങ്ങളുടെ വയലുകളിലേക്കുള്ള റോഡ് നന്നാക്കിയത്.
കുഴികൾ നിറഞ്ഞ ഈ പാതയിൽ കനത്ത മഴയെത്തുടർന്ന് അപകടങ്ങൾ പതിവായി മാറുകയായിരുന്നു. അറ്റകുറ്റപ്പണികൾക്കായി സർക്കാർ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഓരോ കർഷകനും 2000 രൂപ വീതം സംഭാവന നൽകിയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. മൂന്ന് വർഷം മുമ്പും ഇത്തരത്തിൽ പണം പിരിച്ച് കർഷകർ ഈ റോഡ് നന്നാക്കിയിരുന്നു. എന്നാൽ കനത്ത മഴയെത്തുടർന്ന് വീണ്ടും റോഡിന്റെ അവസ്ഥ മോശമാവുകയായിരുന്നു.
സർക്കാരിന്റെ ഭാഗത്ത് നിന്ന് വേണ്ട സഹായം ലഭിക്കാത്തതിനാൽ മിക്കവാറും എല്ലാ വർഷവും കർഷകർ തന്നെയാണ് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നത്. കനാലിൽ നിന്നുള്ള വെള്ളം പതിവായി റോഡിലേക്ക് ഒഴുകിയെത്തുന്നതാണ് ആവർത്തിച്ചുള്ള നാശനഷ്ടങ്ങൾക്ക് കാരണമെന്ന് കർഷകർ പറയുന്നു. ഒരു ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് സ്ഥിരമായ ഒരു സിമന്റ് കോൺക്രീറ്റ് റോഡ് നിർമിക്കണമെന്ന് കർഷകർ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |