
വിഴിഞ്ഞം: കോവളം പാറവിളയിലെ 64 കാരന്റെ ദുരൂഹ മരണത്തിൽ കസ്റ്റഡിയിലെടുത്ത മകനെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു. കോവളം വെള്ളാർ പറമ്പിൽ പുത്തൻ വീട്ടിൽ എ.സുരേന്ദ്ര(64)ന്റെ മരണത്തെ തുടർന്നാണ് മൂത്ത മകൻ രാജീവ്(42)നെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്ന സുരേന്ദ്രന്റെ കഴുത്തിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ടെന്നും ഇത് ഹൃദയ സ്തംഭനത്തിനിടയാക്കിയെന്നും പൊലീസ് പറയുന്നു.
മൂത്ത മകനും സുരേന്ദ്രനും തമ്മിൽ കുടുംബ ഓഹരി വില്പനയെ സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ മാത്രമുണ്ടായിരുന്ന സമയത്തായിരുന്നു സംഭവം. മറ്റ് രണ്ടുമക്കൾ വീട്ടിലെത്തുമ്പോൾ മുറിയിൽ സുരേന്ദ്രൻ കമിഴ്ന്നു കിടക്കുന്നതാണ് കണ്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു.കഴുത്തിലെ നഖപ്പാട് കണ്ട് മരണത്തിൽ സംശയം തോന്നിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തുടർന്നുള്ള അന്വേഷണത്തിലാണ് മകനെ അറസ്റ്റ് ചെയ്തത്.സുരേന്ദ്രന്റെ ഭാര്യ തങ്കമണി. മറ്റ് മക്കൾ: രാജേഷ്, അനീഷ്. മരുമക്കൾ: സച്ചു,ശ്രീജ,ശരണ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |