
തിരുവനന്തപുരം: ഇഷ്ട ദേവീദേവന്മാരുടെയും ബലിദാനികളുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ കോടതി അസാധുവാക്കി മണിക്കൂറുകൾക്കം തിരുവനന്തപുരം കോർപറേഷനിലെ ബി.ജെ.പി കൗൺസിലർമാർ 'ദൈവനാമത്തിൽ" സത്യപ്രതിജ്ഞ ചെയ്ത് യോഗ്യത നേടി. 20 പേരാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് കോടതി നിർദ്ദേശിച്ചത്.
ഡെപ്യൂട്ടി മേയർ ആശാനാഥ് അടക്കം 19 പേർ ഇന്നലെ വൈകിട്ട് വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. മേയർ വി.വി. രാജേഷിന്റെ മുമ്പാകെയായിരുന്നു സത്യപ്രതജ്ഞ. വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതൻ കാപ്പാ കേസിൽ പെട്ട് കരുതൽ തടങ്കലിലായതിനാൽ സത്യപ്രതിജ്ഞ ചെയ്യാനായില്ല.
20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന കോടതിവിധിയുടെ പകർപ്പ് ലഭിച്ചതിനു പിന്നാലെ മേയർ വി.വി. രാജേഷ് നിയമോപദേശം തേടിയിരുന്നു. കോർപ്പറേഷൻ സെക്രട്ടറിയുമായും ചർച്ച നടത്തി. പുതുക്കി സത്യപ്രതിജ്ഞ ചെയ്യാൻ മറ്റ് തടസങ്ങളില്ലെന്ന് കണ്ടതോടെ തിടുക്കപ്പെട്ട് കൗൺസിലർമാരെ വാട്സ്ആപ്പ് വഴിയും അല്ലാതെയും ഉച്ചയോടെ വിവരം അറിയിച്ചു. 4ഓടെ 19 കൗൺസിലർമാരും മേയറുടെ ഓഫീസിലെത്തി. 4.30ഓടെ സതപ്രതിജ്ഞാ ചടങ്ങ് തുടങ്ങി. 5 മണിക്ക് ചടങ്ങ് അവസാനിച്ച ശേഷം കൗൺസിലർമാർ ചായകുടിച്ച് പിരിഞ്ഞു. പ്രതിപക്ഷ കൗൺസിലർമാരുടെ അസാന്നിദ്ധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ നടന്നത്. രഹസ്യമായാണ് സത്യപ്രതിജ്ഞ നടത്തിയതെന്നും നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും ആരോപിച്ച് എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തിയിട്ടുണ്ട്.
കോടതി കയറിയത്?
കേരള മുനിസിപ്പാലിറ്റി നിയമത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി നടന്ന 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ
റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനിലെ സി.പി.എം പാർലമെന്ററി പാർട്ടി നേതാവ് എസ്.പി. ദീപക് നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ചട്ടലംഘനം കനടന്നെന്ന് വ്യക്തമായതിനെത്തുടർന്നാണ് വീണ്ടും സത്യപ്രതിജ്ഞ നടത്തിയത്.
ഉമ്മൻ ചാണ്ടിനാമത്തിൽ...
ഈശ്വരാനുഗ്രഹത്താൽ ഉമ്മൻ ചാണ്ടിയുടെ നാമത്തിൽ എന്നു പറഞ്ഞ് പാലക്കാട് വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് 21-ാം വാർഡിലെ (പന്നിയങ്കര) കോൺഗ്രസ് അംഗം സുനിൽ ചുവറ്റുപാടം ചൊല്ലിയ സത്യപ്രതിജ്ഞയും ഹൈക്കോടതി അസാധുവാക്കി. ഇദ്ദേഹവും വീണ്ടും പ്രതിജ്ഞ ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |