SignIn
Kerala Kaumudi Online
Thursday, 25 June 2026 3.05 AM IST

ഡൽഹിയിലെ ഗുരുദേവ പ്രതിമ

READ ENGLISH VERSION
ed

രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമയും സാംസ്‌കാരിക കേന്ദ്രവും സ്ഥാപിക്കുന്നതിനായി കേരള സർക്കാർ ഒരു കോടി രൂപ ബഡ്‌ജറ്റിൽ നീക്കിവച്ചത് ദീർഘകാലമായുള്ള ഗുരുദേവ ഭക്തരുടെ ആവശ്യം സാക്ഷാത്‌കരിക്കുന്നതിനുള്ള ആദ്യ പടിയായി കരുതാം. ഇതുകൂടാതെ ബഡ്ജറ്റിൽ തന്നെ ശിവഗിരി മഠത്തിന് തീർത്ഥാടന പ്ളാറ്റിനം ജൂബിലി സ്‌മാരക കൺവെൻഷൻ സെന്റർ പൂർത്തിയാക്കുന്നതിന് 5 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഗുരുദേവനുമായി ബന്ധപ്പെട്ട ഏതൊരു സംരംഭത്തിനും സർക്കാർ നൽകുന്ന സഹായം മാനവരാശിയുടെ മൊത്തം ക്ഷേമത്തിനും നവീകരണത്തിനുമായി പ്രയോജനപ്പെടുന്നതാണ്. ഗുരുദേവന്റെ ജീവിതദർശനം സമസ്ത പ്രപഞ്ചങ്ങളിലെയും സർവ ചരാചരങ്ങളെയും ഒന്നുപോലെ ഉൾക്കൊള്ളുന്നതാണ്. അവിടെ നാമഭേദങ്ങളും രൂപഭേദങ്ങളൊന്നുമില്ല. ജഗത്തിന്റെ ഓരോ ഇഞ്ചിലും നിറഞ്ഞിരിക്കുന്ന ശക്തിചൈതന്യത്തെയാണ് ഗുരുദേവൻ സാക്ഷാത്‌കരിച്ചതും അറിവ് എന്ന് വിളിച്ചതും.

'നാം ശരീരമല്ല അറിവാകുന്നു' എന്ന് ഗുരു തന്നെ പറഞ്ഞിട്ടുള്ളതിന്റെ അർത്ഥവ്യാപ്‌തി ആശയ പ്രചാരണത്തിലൂടെ വ്യാപിപ്പിക്കുന്നതിന് ഡൽഹിയിലെ ഗുരുപ്രതിമ ഒരു നിമിത്തമായി മാറുമെന്ന് തന്നെ കരുതാം. ഡൽഹി സന്ദർശിക്കുന്ന ലോക നേതാക്കൾക്കും മറ്റ് സാധാരണ സന്ദർശകർക്കുമൊക്കെ എത്താനും പ്രാർത്ഥിക്കാനും ഗുരുപ്രതിമ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് പ്രശാന്തതയോടെ കുറച്ചു സമയം ചെലവഴിക്കാനും കഴിയണം. അതിന് പറ്റുന്ന രീതിയിലാവണം ഗുരുപ്രതിമ സ്ഥാപിക്കുന്ന വളപ്പും സാംസ്കാരിക നിലയവും വിഭാവനം ചെയ്യേണ്ടത്. ഡൽഹി ട്രാവൻകൂർ ഹൗസ് വളപ്പിൽ ഇതിനാവശ്യമായ സ്ഥലം ലഭ്യമായതിനാൽ അവിടെ തന്നെ ഇത് സ്ഥാപിക്കുന്നതിന് മുൻഗണന നൽകുന്നതാവും ഉചിതം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് ഡൽഹിയിലെ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായും ശിവഗിരി മഠവുമായും സർക്കാർ കൂടിയാലോചന നടത്തേണ്ടതാണ്.

സാംസ്‌കാരിക നിലയത്തിൽ ഗുരുദേവ കൃതികളെക്കുറിച്ച് പഠിക്കുന്നതിനും പഠിപ്പിക്കുന്നതിനും പ്രത്യേക ചെയർ സ്ഥാപിക്കുന്നതും പരിഗണിക്കേണ്ടതാണ്. ഗുരുവിന്റെ സന്ദേശങ്ങൾക്ക് കാലാതീതമായ പ്രസക്തിയാണുള്ളത്. സംസ്‌കൃതം, മലയാളം, തമിഴ് എന്നീ ഭാഷകളിലാണ് ഗുരുദേവ കൃതികൾ. ഇതിന്റെയെല്ലാം ഇംഗ്ളീഷ് പരിഭാഷകളും ഇപ്പോൾ ലഭ്യമാണ്. ഇവയെല്ലാം സജ്ജീകരിച്ച വായനായിടവും സാംസ്കാരിക നിലയത്തിൽ ഉണ്ടാകുന്നത് ഗുരുദേവന്റെ മാനവരാശിക്ക് വേണ്ടിയുള്ള സംഭാവനകളെ പുതു തലമുറയ്ക്കും പുതുതായി രാജ്യം സന്ദർശിക്കുന്നവർക്കുമൊക്കെ അടുത്തറിയാൻ ഉപകാരപ്പെടും. ഗുരുദേവ പ്രതിമയുടെ ശില്പിയെ തീരുമാനിക്കുന്നതിലും സർക്കാർ അതീവ ശ്രദ്ധ പുലർത്തേണ്ടതാണ്. ഗുരുദേവൻ സശരീരനായിരുന്നപ്പോഴാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഗുരുദേവന്റെ പ്രതിമ ആദ്യം സ്ഥാപിച്ചത്. പ്രശസ്ത ഇറ്റാലിയൻ ശിൽപിയായ തവറോലിയാണ് പ്രതിമ നിർമ്മിച്ചത്.

ഗുരുവിന്റെ ഏറ്റവും നല്ല പ്രതിമകളിൽ ഒന്നായി ഇന്നും അത് നിലനിൽക്കുന്നു. 1297ൽ ബോധാനന്ദ സ്വാമിയാണ് ക്ഷേത്രപരിസരത്ത് പ്രതിമ ഔദ്യോഗികമായി അനാച്ഛാദനം ചെയ്തത്. 'ഇതിന് ഭക്ഷണവും ജലവും ഒന്നും വേണ്ടല്ലോ; ജീവിച്ചുകൊള്ളും' എന്ന് ഗുരു പ്രതിമ വീക്ഷിച്ചതിന് ശേഷം നർമ്മം പറഞ്ഞതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവിന്റെ ഭാവദീപ്‌തമായ മുഖം പ്രതിഫലിപ്പിക്കുന്നതായിരിക്കണം സർക്കാർ ഡൽഹിയിൽ സ്ഥാപിക്കുന്ന പ്രതിമയും എന്നതിൽ ഒരു വീഴ്‌ചയും ഉണ്ടാകാൻ പാടില്ല. കേന്ദ്ര സർക്കാരുമായും ഇക്കാര്യത്തിൽ കേരള സർക്കാർ കൂടിയാലോചനകൾ നടത്തേണ്ടതാണ്. ഉചിതമായ മറ്റൊരു സ്ഥലം സൗജന്യമായി കേന്ദ്ര സർക്കാർ തരാൻ തയ്യാറായാൽ അക്കാര്യവും സംസ്ഥാന സർക്കാർ പരിഗണിക്കേണ്ടതാണ്. എന്തായാലും മുഖ്യമന്ത്രിയും ധനമന്ത്രിയും കൂടിയായ വി.ഡി.സതീശൻ അവതരിപ്പിച്ച ആദ്യ ബഡ്‌ജറ്റിൽ തന്നെ ഇതിന് തുക വകയിരുത്തിയത് സർക്കാരിന്റെ തുടർന്നുള്ള എല്ലാ പ്രവർത്തനങ്ങൾക്കും അനുഗ്രഹമായി മാറാതിരിക്കില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA