SignIn
Kerala Kaumudi Online
Thursday, 25 June 2026 3.07 AM IST

മണിപ്പൂരിൽ വീണ്ടും മണി മുഴങ്ങുന്നു

manipur-

മണിപ്പൂർ സംഘർഷഭരിതമാണ് വീണ്ടും. ഗോത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലുകൾ ശമിച്ചു എന്ന് കരുതിയവർക്ക് തെറ്റി. അവ കൂടുതൽ അക്രമാസക്തമായി മാറുന്നു. ഗോത്ര യുദ്ധങ്ങൾ എന്നുതന്നെ ജനങ്ങൾ ചേരിതിരിഞ്ഞുള്ള സായുധ സംഘട്ടനങ്ങളെ വിശേഷിപ്പിക്കേണ്ടി വരുന്നു. അതെ, മണിപ്പൂരിൽ മണികൾ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു. ആർക്കുവേണ്ടി, എന്തിനു വേണ്ടി എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഉത്തരം കിട്ടാതെ ഉയരുന്നു. പക്ഷേ, ഇക്കുറി ഒരു വ്യത്യാസം മാത്രം. മണിപ്പൂരിന് പുറത്ത് ഈ പുതിയ സംഘർഷം ആരും അറിയുന്നില്ല. ആരെയും ആരും അറിയിക്കുന്നില്ല എന്നത് അസ്വസ്ഥത ഉളവാക്കുന്നു. എന്തേ മണിപ്പൂർ സംഘർഷ വാർത്തകൾ ഇപ്പോൾ പുറത്തുവരുന്നില്ല. മാദ്ധ്യമങ്ങൾ എന്തേ മൗനം ദീക്ഷിക്കുന്നു? അതിനുപിന്നിൽ ആസൂത്രിത 'അജണ്ട' വല്ലതുമുണ്ടോ? അജ്ഞാതം ആണത്. ഒപ്പം ആലോചനാമൃതവും. അതിവാചാലമായിരുന്നു മുമ്പേ, മാദ്ധ്യമങ്ങളും മതനേതാക്കളും മതേതരം മാത്രം പറയുന്ന രാഷ്ട്രീയക്കാരും ഒക്കെ. ഇന്നാരും മണിപ്പൂരിന് വേണ്ടി മെഴുകുതിരികൾ കത്തിക്കാൻ മെനക്കെടുന്നില്ല. മൗനജാഥകൾ സംഘടിപ്പിക്കുന്നില്ല. കുറ്റകരം എന്നുവിളിക്കാൻ തോന്നുന്ന ഒരു അലംഭാവം. വാർത്തകൾ നൽകി സംഘർഷം ആളിക്കത്തിക്കണം എന്നല്ല എഴുതിവരുന്നത്. എന്നാൽ ഇന്നലെവരെ കണ്ണീർ പൊഴിച്ചവർ എന്തേ ഇന്ന് ഒന്നും കാണാതെ പോവുന്നു, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിക്കുന്നു എന്ന് ചോദിക്കാതെ വയ്യ. ഗോത്രങ്ങൾ തമ്മിലുള്ള സംഘട്ടനങ്ങൾ മണിപ്പൂരിൽ പുത്തരിയേ അല്ല. കുക്കി, നാഗ, മെയ്തി തുടങ്ങിയ ഗോത്രവർഗങ്ങളുടെ നാടാണ് മണിപ്പൂർ. അവർ പരസ്പരം പോരടിക്കുന്നത് പതിവുമാണ്. കുക്കികൾ മ്യാന്മാറിൽ നിന്നും മണിപ്പൂരിൽ കുടിയേറി തെക്കൻ കുന്നുകളിൽ അധിവസിച്ചവർ ആണെന്ന് ആരോപണമുണ്ട്. അമ്പതുകളിൽ ആരംഭിച്ചതാണ് മണിപ്പൂരിലെ സംഘർഷം. ഇന്നലെ അത് മെയ്തികളും കുക്കികളും തമ്മിൽ ആയിരുന്നു. അത് മാദ്ധ്യമങ്ങളും മതനേതാക്കളും മതേതര മാലാഖകളും അക്ഷരാർത്ഥത്തിൽ ആഘോഷിക്കുകയായിരുന്നു. പ്രത്യേകിച്ച്, ഇങ്ങ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഇക്കുറി മെയ്തികൾ രംഗത്തില്ല. പകരം ഇന്ന് നാഗന്മാരും കുക്കികളും തമ്മിലാണ് ഏറ്റുമുട്ടുന്നത്. കുക്കികൾ നാഗന്മാരിൽ ചിലരെയും, നാഗന്മാർ കുക്കികളിൽപെട്ട ചിലരെയും തട്ടിക്കൊണ്ട് പോകുന്നു. പലപ്പോഴും അവരുടെ ശവശരീരങ്ങളാണ് പിന്നീട് പ്രത്യക്ഷപ്പെടുക. പരസ്പരം കടിച്ചു കീറുന്ന, കൊന്നുതള്ളുന്ന ഈ രണ്ട് ഗോത്രക്കാരും ഒരേ മതവിശ്വാസികൾ എന്നതാണ് ശ്രദ്ധേയം. ഒരേ സഭയിൽപെട്ടവരാണ് ഇവർ ഇരുവരും. അമേരിക്ക വെള്ളവും വളവും നൽകി വളർത്തുന്ന 'ബാപ്റ്റിസ്റ്റ് ' സഭയിൽ പെട്ടവരാണ് കുക്കികളും നാഗന്മാരും. ഇരുകൂട്ടരും ക്രിസ്തുമത വിശ്വാസികൾ.പതിവായി പള്ളിയിൽ പോകുന്നവർ. കുർബാന കൈക്കൊള്ളുന്നവർ. രണ്ട് വിഭാഗങ്ങൾക്കും വെവ്വേറെ പള്ളികൾ ഉണ്ടെന്ന് മാത്രം. ശത്രു ഗോത്രത്തിന്റെ പള്ളികൾ പരസ്പരം അടിച്ചു തകർക്കുന്നു. പാതിരിമാരെ കൊലപ്പെടുത്തുന്നു. പ്രതികാരം തീർക്കാനായി പാതിരിമാരുടെ മൃതശരീരങ്ങളിലെ അവയവങ്ങൾവരെ വെട്ടിമാറ്റി വികൃതമാക്കുന്നു. ഇതൊന്നും മതത്തിന്റെയോ മതവിശ്വാസ ത്തിന്റെയോ പേരിലല്ല. ഗോത്ര സംരക്ഷണത്തിന്റെ പേരിലാണ് ഒരേ മതത്തിൽതന്നെ വിശ്വസിക്കുന്ന ഇവർ ഏറ്റുമുട്ടുന്നത്. മണിപ്പൂരിലെ ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ഗോത്ര സംഘട്ടന പരമ്പരയിൽ ഏറെയും കുക്കികളും നാഗന്മാരും തമ്മിലുള്ളവ തന്നെ. അടുത്തിടെ നടന്നതും ലോകമാകെ വലിയ ഒച്ചപ്പാട് ഉണ്ടാക്കിയതുമായ സംഘർഷം കുക്കികളം മെയ്തികളും തമ്മിലായിരുന്നു. മെയ്തികൾ സനാതന ധർമ്മ വിശ്വാസികൾ. കുക്കികൾ ക്രിസ്തുമത വിശ്വാസികളും. അതുകൊണ്ടാണ് ഗോത്രങ്ങൾ തമ്മിലുള്ള സംഘട്ടനം ആണെന്നറിഞ്ഞിട്ടും അത് വ്യത്യസ്ത മത വിശ്വാസികൾ തമ്മിലുള്ള വർഗീയ സംഘർഷമായി വ്യാഖ്യാനിച്ച് വാർത്തകളിൽ നിറച്ചത്. വാസ്തവത്തിൽ മണിപ്പൂരിലെ സംഘട്ടനങ്ങൾക്ക് പിന്നിൽ മതസ്പർദ്ധ ഇല്ല. അവ തികച്ചും ഗോത്രപരമാണ്. ഗോത്രഭക്തി അവിടെയുള്ളവർക്ക് മതവിശ്വാസത്തിനു മേലെയാണ്. എന്നിട്ടും കുക്കികളും മെയ്തികളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ അതിനെ വർഗീയമായി വ്യാഖ്യാനിച്ച്, വടക്ക് കിഴക്കൻ പ്രദേശങ്ങളിൽ എന്നല്ല ഇന്ത്യയിലാകെ മതേതരത്വം അപകടത്തിലാണ് എന്ന രീതിയിലുള്ള പ്രചാരണത്തിന് പിന്നിൽ ഒരു 'ഹിഡൻ അജണ്ട' ഉണ്ടോ, ആസൂത്രണം ഉണ്ടോ എന്നൊക്കെ സംശയിച്ചു പോകുന്നു. അത്യാധുനിക ആയുധങ്ങൾ ആക്രമികൾ പരസ്പരം പ്രയോഗിക്കുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് ചാരന്മാർ എന്ന് സംശയിക്കപ്പെടുന്ന രണ്ട് അമേരിക്കൻ പൗരന്മാർ ഈയിടെ അറസ്റ്റിലായി എന്നതും മണിപ്പൂരിലെ ദുരവസ്ഥയുടെ ദുരൂഹത വർദ്ധിപ്പിക്കുന്നു. കേന്ദ്ര സർക്കാർ ശക്തമായി ഇടപെടുന്നുണ്ട്. നക്സലൈറ്റുകളെ അമർച്ച ചെയ്യാൻ ഉപയോഗിച്ച 'കോബ്ര' എന്നു വിളിക്കുന്ന സൈനിക വിഭാഗത്തെ മണിപ്പൂരിലെ സംഘർഷബാധിത പ്രദേശങ്ങളിൽ വിന്യസിച്ചു കഴിഞ്ഞു. സമാധാനത്തിനും സ്വൈര്യ ജീവിതത്തിനും പുറമേ ദേശസുരക്ഷയുടെ കൂടി പ്രശ്നമായി മാറുമ്പോൾ മണിപ്പൂർ സംഭവവികാസങ്ങൾക്ക് മറ്റൊരു മാനം കൂടി കൈവരുന്നു.സമാധാനം പുന:സ്ഥാപിക്കുന്നതിൽ മതമേലദ്ധ്യക്ഷന്മാരും ക്രീയാത്മകമായ പങ്ക് വഹിക്കേണ്ടതുണ്ട്. വഴിതെറ്റിയ കുഞ്ഞാടുകളെ നേർവഴിയിൽ എത്തിക്കാൻ അവർക്ക് കഴിയണം. അങ്ങനെ സർക്കാരും സഭയും ജനങ്ങളും ചേർന്നുള്ള കൂട്ടായ ശ്രമത്തിലൂടെ മാത്രമേ മണിപ്പൂരിനെ രക്ഷിക്കാനാവൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA