
തിരുവനന്തപുരം: കേരള നിയമസഭയിൽ തന്നെപ്പോലൊരു സാധാരണക്കാരന് വന്ന് സംസാരിക്കാൻ അവസരം ഒരുക്കിയത് നവകേരള യാത്രയ്‌ക്കിടെ ഉണ്ടായ മർദനമാണെന്ന് കോൺഗ്രസ് എംഎൽഎ എ ഡി തോമസ്. പത്ത് വർഷക്കാലം ചെയ്‌തുകൂട്ടിയ കാര്യങ്ങളിൽ ഇപ്പോൾ പ്രതിപക്ഷ നേതാവായിരിക്കുന്ന പിണറായി വിജയൻ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
'കഴിഞ്ഞദിവസം പ്രതിപക്ഷ നേതാവ് ഒരു കുപ്പി വെള്ളവുമായി സഭയിൽ വന്ന് ഞങ്ങളുടെ പ്രവർത്തകരെ ജലപീരങ്കി ഉപയോഗിച്ച് ആക്രമിച്ചുവെന്ന് ആശങ്കപ്പെടുന്നത് കണ്ടു. എഐവൈഎഫിന്റെ കുട്ടികൾക്ക് വേദനിച്ചപ്പോൾ ഒരു പിതാവിന്റെ കരുതൽ അദ്ദേഹത്തിലുണർന്നു. സഹജീവി സ്‌നേഹമുണ്ടായി. പത്ത് വർഷത്തിന് ശേഷമാണ് അദ്ദേഹത്തിന് മനുഷ്യസഹദമായ ഒരു വികാരം ഉണ്ടാകുന്നത്. അതിനെ സ്വാഗതം ചെയ്യുകയാണ്. പത്ത് വർഷക്കാലം ചെയ്‌തുകൂട്ടിയ കാര്യങ്ങളിൽ പ്രതിപക്ഷ നേതാവ് ആത്മപരിശോധന നടത്തണം.
ഭരണകൂട ഭീകരതയ്‌ക്കെതിരെയും പൊലീസ് രാജിനെതിരെയും ശബ്‌ദമുയർത്തിയ ആൾ മുഖ്യമന്ത്രിയായപ്പോഴാണ് കേരളത്തിൽ ഏറ്റവും കൂടുതൽ പൊലീസ് മർദനങ്ങളുണ്ടായത്. ആ മുഖ്യമന്ത്രിയുടെ കാലത്താണ് തെരുവുകളിൽ ചെറുപ്പക്കാർ ആക്രമിക്കപ്പെട്ടത്. കേരളത്തിന്റെ മുഖ്യമന്ത്രി രക്ഷാപ്രവർത്തനമെന്ന് അതിനെ വാഴ്‌ത്തിപ്പാടുകയാണ് ചെയ്‌തത്.
അഭിപ്രായം പറഞ്ഞതിന്റെ പേരിൽ, സമരം ചെയ്‌തതിന്റെ പേരിൽ, ഒരു കറുത്ത തുണിക്കഷ്‌ണം ഉയർത്തിപ്പിടിച്ചതിന്റെ പേരിൽ എന്നെയും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന സെക്രട്ടറിയെയും ആലപ്പുഴ നഗരത്തിലിട്ട് പട്ടിയെ തല്ലുന്ന പോലെ തല്ലി. മുഖ്യമന്ത്രിയുടെ ഗൺമാൻ ഇറങ്ങി ഞങ്ങളുടെ തല തല്ലിപ്പൊളിച്ചു. ആ രക്ഷാപ്രവർത്തനം എന്നെ ഇവിടെ എത്തിച്ചു' - എ ഡി തോമസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |