SignIn
Kerala Kaumudi Online
Wednesday, 24 June 2026 4.42 AM IST

262 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് വകമാറ്റിയെന്ന സിഎജി കണ്ടെത്തൽ, വിഷയം നേരത്തെ ഉന്നയിച്ചിരുന്നതായി ബിജെപി

READ ENGLISH VERSION
bjp-on-cag-report

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ ദുരിതാശ്വാസ നിധിയിൽ നിന്ന് 262 കോടി സഞ്ചിതനിധിയിലേക്ക് ക്രമരഹിതമായി മാറ്റി എന്നും ധനമാനേജ്‌മെന്റിലും പാളിച്ചയുണ്ടെന്നും സിഎജി റിപ്പോർട്ട് പുറത്തുവന്നതോടെ തെളിഞ്ഞതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ പ്രസ്താവിച്ചു.


ദുരിതാശ്വാസനിധിയിലേക്ക് വന്ന കോടിക്കണക്കിനു രൂപ ഇടത് സർക്കാർ വകമാറ്റി ചിലവഴിക്കുകയാണെന്ന് ബിജെപി നേരത്തെ തന്നെ ഉന്നയിച്ചതാണെന്നും, ഇപ്പോൾ പുറത്തുവന്ന കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ റിപ്പോർട്ട് ബിജെപിയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ദുരന്തബാധിതർക്കും ദുരിതമനുഭവിക്കുന്ന സാധാരണ ജനങ്ങൾക്കും അടിയന്തര സഹായം എത്തിക്കേണ്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 262.06 കോടി രൂപ സഞ്ചിത നിധിയിലേക്ക് മാറ്റിയ നടപടി ഗുരുതരമായ വിശ്വാസവഞ്ചനയാണ്. റവന്യൂ കമ്മിയും ധനകമ്മിയും കുറച്ചുകാണിക്കുന്നതിനായി ജനങ്ങളുടെ ആശ്വാസത്തിന് വേണ്ടി പ്രവർത്തിക്കുന്ന ദുരിതാശ്വാസ നിധി പോലും ദുരുപയോഗം ചെയ്തുവെന്നത് സംസ്ഥാന ഭരണസംവിധാനങ്ങളെയും ജനങ്ങളെയും കബളിപ്പിച്ച നടപടിയാണെന്ന് സി.എ.ജി. റിപ്പോർട്ട് വ്യക്തമാക്കുന്നു.

കേരളത്തിന്റെ സാമ്പത്തിക മേഖലയെ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ട പിണറായി വിജയൻ സർക്കാരിന്റെ ധൂർത്തിന്റെയും സാമ്പത്തിക കെടുകാര്യസ്ഥതയുടെയും ഏറ്റവും ഞെട്ടിക്കുന്ന തെളിവുകളിലൊന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സി.എ.ജി. കണ്ടെത്തലുകൾ. ദുരന്തബാധിതരുടെ കണ്ണീരിൽ നിന്ന് സമാഹരിക്കപ്പെട്ട തുക സർക്കാർ കണക്കുകൾ മനോഹരമാക്കുന്നതിനായി ഉപയോഗിച്ചുവെന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്.

വകമാറ്റിയ തുക ഏതെല്ലാം ആവശ്യങ്ങൾക്കാണ് ചെലവഴിച്ചത്, ഏതെല്ലാം വകുപ്പുകളിലൂടെയാണ് പണം വിനിയോഗിക്കപ്പെട്ടത്, അതിന് ആരൊക്കെയാണ് ഉത്തരവാദികൾ തുടങ്ങിയ കാര്യങ്ങളിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം നടത്തണം. ജനങ്ങളുടെ വിശ്വാസത്തിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വരെ സാമ്പത്തിക കെടുകാര്യസ്ഥത മറച്ചുവയ്ക്കുന്നതിനായി ഉപയോഗിച്ചെന്ന ആരോപണം ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.

നിയമസഭയെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിച്ച് യഥാർത്ഥ സാമ്പത്തിക ചിത്രം മറച്ചുവയ്ക്കുകയും കണക്കുകളിൽ കൃത്രിമം കാട്ടുകയും ചെയ്ത ഭരണമാണ് കഴിഞ്ഞ പത്ത് വർഷമായി കേരളം കണ്ടത്. ഇടത് വലത് മുത്തുകളി രാഷ്ട്രീയം മാറ്റിവെച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ വരെ കൈവച്ച് ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിച്ച സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കുകയും മുഴുവൻ വസ്തുതകളും ജനങ്ങൾക്കു മുന്നിൽ കൊണ്ടുവരാനും മുഖ്യമന്ത്രി തയ്യാറാകണമെന്നും രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CAG REPORT, LDF GOVT, BJP, RAJEEV CHANDRASEKHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA