
തിരുവനന്തപുരം: ഞാനാണ് കോടതി കയറിയ തെങ്ങ്. നാടിന്റെ കല്പവൃക്ഷം. എന്റെ പേരിൽ ഇനി തർക്കം വേണ്ടെന്നും പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കണമെന്നുമാണ് ഹൈക്കോടതി നിർദ്ദേശം. അതിൽ സന്തോഷമുണ്ട്.
എന്നെ മുറിച്ചുമാറ്റാൻ വേണ്ടിയുള്ള കേസിൽ എന്റെ ഉടമയ്ക്കും അയൽക്കാരനും ഒരുപാട് പണം ചെലവായി. കോടതി സൂചിപ്പിച്ചപോലെ എനിക്ക് ചിരിയാണ് വന്നത്. എന്റെ ഫലം മൊത്തം ഉള്ളിലാക്കിയവരാണ് എന്നെ കോടതികയറ്റിയത്. കോടതികയറ്റംവഴി ഉൾപ്പെടെ തനിക്ക് ചെലവായ പണം നൽകിയാൽ എന്നെ മുറിച്ചുമാറ്റാമെന്നാണ് ഉടമ ഇപ്പോൾ പറയുന്നത്. എന്നെ മുറിച്ചുമാറ്രണമെന്ന് ആഗ്രഹിക്കുന്നയാളുടെ മനസുമാറി അനുരഞ്ജന പാതയിലേക്ക് വന്നാൽ നിറയെ കുലച്ച് ഞാനിനിയും ജീവിക്കും.
കരകുളം പുരവൂർക്കോണം സ്വദേശി രഞ്ജിത്തിന്റെ വീട്ടുമുറ്റത്താണ് തെങ്ങ്. അയൽവാസി ആർ. ഗോപിനാഥാണ് ഹർജിക്കാരൻ. തെങ്ങിനെച്ചൊല്ലിയുള്ള തർക്കത്തിൽ ഒത്തുതീർപ്പിനായി 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കുക" എന്ന ബൈബിൾ വചനം ഓർമ്മിപ്പിച്ചാണ് ഹൈക്കോടതി തീർപ്പു കല്പിച്ചത്.
മൂന്നര വർഷമായി തുടരുന്ന തർക്കമാണിത്. തേങ്ങയും ഓലയുമൊക്കെ തന്റെ വീട്ടുവളപ്പിലേക്ക് വീഴുന്നുവെന്നായിരുന്നു ഗോപിനാഥിന്റെ പരാതി. തേങ്ങയും മറ്റും അയലത്ത് പതിക്കാതിരിക്കാൻ രഞ്ജിത് കമ്പിവല സ്ഥാപിച്ചു. ഇതിനുശേഷവും തേങ്ങ് മുറിച്ചുമാറ്റണന്നെുമുള്ള ആവശ്യം ആവർത്തികുയായിരുന്നു ഗോപിനാഥ്. തർക്കത്തിന് മുമ്പ് ഇരുവരും കൂട്ടായിരുന്നു!
മുറിച്ചുമാറ്റാം
ഹൈക്കോടതി കേസ് തീർപ്പാക്കിയെങ്കിലും ഉത്തരവിന്റെ കോപ്പി കിട്ടിയിട്ടില്ലെന്നും നിലപാട് ആലോചിച്ച്
തീരുമാനിക്കുമെന്നും ഗോപിനാഥ്. തെങ്ങിന് വല സ്ഥാപിക്കാനും കേസ് നടത്തിപ്പിനുമൊക്കെയായി കുറേ പണം ചെലവായി. ആ നഷ്ടം ഗോപിനാഥ് തന്നാൽ തെങ്ങ് മുറിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് രഞ്ജിത്തിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |