
കോട്ടയം : അയ്മനത്ത് ഷാപ്പിൽ നിന്ന് തലക്കറി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ ഒൻപത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു. ഇന്നലെ രാവിലെ നഗരസഭ പ്രദേശങ്ങൾ, നാട്ടകം, കുമാരനല്ലൂർ വരെയുള്ള ബാർ ഹോട്ടലുകൾ ഉൾപ്പെടെ 22 ഹോട്ടലുകളിലായിരുന്നു പരിശോധന. ദിവസങ്ങൾ പഴക്കമുള്ള ചോറ്, ന്യൂഡിൽസ്, വേവിച്ച ബീഫ്, പുളിശേരി, ചിക്കൻ കറി, മീൻകറി, കുഴിമന്തി, അച്ചാർ തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഗന്ധവും നിറവും മാറിയ നിലയിലായിരുന്നു. വീണ്ടും ചൂടാക്കി നൽകുകയോ പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്യുകയുമായിരുന്നു.
ഏതൊക്കെ സ്ഥാപനങ്ങളിൽ നിന്നാണ് ഇവ കണ്ടെത്തിയതെന്ന് അധികൃതർ പുറത്തുവിടാത്തതിൽ ഒത്തുകളി ആക്ഷേപം ശക്തമാണ്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിക്കുന്നത്. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.
പരിശോധന ശക്തമാക്കി
എല്ലാ ആഴ്ചയും ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ, രാത്രികാല തട്ടുകടകൾ എന്നിവിടങ്ങളിൽ പരിശോധന തുടരും. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. ക്ലീൻ സിറ്റി മാനേജർ ടി.എ തങ്കം, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രവീൺ, സുർജിത്, ലിനീഷ് രാഷ്, വിഷ്ണു, പ്രമോദ്, രഘു, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
''പഴകിയ ഭക്ഷണം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. കുടിവെള്ളത്തിന്റെ ഗുണനിലവാരവും പരിശോധനയ്ക്ക് വിധേയമാക്കും.
(എം.പി സന്തോഷ് കുമാർ നഗരസഭ ചെയർമാൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |