
ചെങ്ങന്നൂർ: ചെറിയനാട് 15-ാം വാർഡിലെ അഞ്ച് വീടുകളിലും ചായക്കടയിലും മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പോത്തൻകോട് ജൂബിലി ഭവനത്തിൽ ബിജു സെബാസ്റ്റ്യനെയാണ് (56) പ്രത്യേക അന്വേഷണ സംഘം തിരുവനന്തപുരത്ത് നിന്ന് പിടികൂടിയത്. ചെങ്ങന്നൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. മോഷണത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കും. തുടർന്ന് തെളിവെടുപ്പ് പൂർത്തിയാക്കും. മോഷ്ടിച്ച ബൈക്ക് ചങ്ങനാശ്ശേരിയിൽ നിന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ജൂൺ 10ന് രാത്രി 10.30നും 12.30നും ഇടയിൽ ചെറിയനാട് അത്തിമൺചേരി ഭാഗത്താണ് മോഷണ പരമ്പര നടന്നത്. കണ്ണങ്ങാട്ടിൽ ചന്ദ്രൻ, കെട്ടിട നിർമാണ കരാറുകാരൻ തോമസ് വാടകയ്ക്ക് താമസിച്ചിരുന്ന വീട്, മാമ്പള്ളിത്തെക്കേതിൽ സോമനാഥക്കുറുപ്പ്, സോമൻപിള്ള, സുമേഷ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്.
ചന്ദ്രന്റെ വീട്ടിൽ നിന്ന് ബൈക്കും കുടയും, തോമസിന്റെ വാടകവീട്ടിലെ തൊഴിലാളികളുടെ ബാഗിൽ നിന്ന് 5,000 രൂപയും കാൽപവൻ തൂക്കം വരുന്ന സ്വർണമോതിരം, സുമേഷിന്റെ വീട്ടിൽ നിന്ന് മഴക്കോട്ടും പ്രതി അപഹരിച്ചു. മറ്റ് രണ്ടുവീടുകളിൽ നിന്ന് ഒന്നും ലഭിച്ചില്ല.
മുഖം തുണികൊണ്ട് മറച്ചും അടിവസ്ത്രം മാത്രം ധരിച്ചും ചിലയിടങ്ങളിൽ നഗ്നനായുമാണ് മോഷ്ടാവ് എത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
വീടുകളിലെ മോഷണത്തിന് ശേഷം മാമ്പള്ളിപ്പടിയിൽ പ്രവർത്തിക്കുന്ന കെ.ബി.സത്യന്റെ ചായക്കടയിലും പ്രതി കവർച്ച നടത്തി. ഇവിടെ നിന്ന് 3,000 രൂപ കവർന്ന ഇയാൾ കടയിലുണ്ടായിരുന്ന 12 മുട്ട ഉപയോഗിച്ച് ഓംലറ്റ് തയ്യാറാക്കി കഴിച്ചശേഷമാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |