
പൂനെ: പൂക്കൾ, സർപ്രെെസ്, നൃത്തം അങ്ങനെ ഒരു പെർഫെക്ട് പ്രണയ കഥയായിരുന്നു പ്രതിശ്രുത വധു കൊക്കയിലേക്ക് തള്ളിയിട്ടുകൊലപ്പെടുത്തിയ കേതൻ വിശാലിന്റേത്. ഫെബ്രുവരിയിലാണ് കേതൻ വിശാലിന്റെയും സിയയുടെയും വിവാഹ നിശ്ചയം നടന്നത്.
തന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഇരുവരും പങ്കുവച്ച വീഡിയോകളും ചിത്രങ്ങളും മറ്റുള്ളവരെ അസൂയപ്പെടുത്തുന്നതായിരുന്നു. ഒരു നല്ല പ്രണയബന്ധമാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നവിധം പെർഫെക്ട്. വിവാഹാഭ്യർത്ഥനയും പുക്കളും സർപ്രെെസുകളും നിറഞ്ഞ ഒന്ന്. നവംബറിലായിരുന്നു ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നത്.
ചടങ്ങുകൾക്കായി രാജസ്ഥാനിലെ ഉദയ്പൂരിൽ 17 കോടിയുടെ കൊട്ടാരം ബുക്ക് ചെയ്തിരുന്നു. അതിഥികളെ സ്വീകരിക്കാൻ സ്വകാര്യ ജെറ്റുകളും തയ്യാറാക്കി. ഇതിനിടെയാണ് കഴിഞ്ഞ 18ന് പ്രതിശ്രുത വരൻ കേതൻ വിശാൽ അഗർവാൾ കൊക്കയിൽ വീണുമരിച്ചത്. കേതൻ അബദ്ധത്തിൽ വീണുമരിച്ചതാണെന്നാണ് ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ തള്ളിയിട്ടുകൊലപ്പെടുത്തിയതാണെന്ന് പിന്നാലെ തെളിഞ്ഞു. പിന്നിൽ സിയയാണെന്ന് അറിഞ്ഞപ്പോൾ കുടുംബാംഗങ്ങൾക്ക് അത് വിശ്വസിക്കാൻ പോലും കഴിഞ്ഞില്ല.
വിവാഹനിശ്ചയം കഴിഞ്ഞ ഒരുമാസത്തിന് ശേഷം സിയ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.' എന്റെ ഹൃദയം ഒരു വാസസ്ഥലം കണ്ടെത്തിയിട്ട് ഒരുമാസം' എന്ന അടിക്കുറിപ്പോടെ ഒരു കേക്കിന്റെ ഫോട്ടോയാണ് യുവതി പങ്കുവച്ചത്. ഇതിൽ കേതനെ ടാഗ് ചെയ്തിരുന്നു. മേയ് മാസത്തിലെ മറ്റൊരു പോസ്റ്റിൽ കേതൻ സിയയ്ക്ക് കുറച്ച് പൂക്കൾ നൽകുന്ന വീഡിയോയും പങ്കുവച്ചിരുന്നു. അതിന് താഴെ 'ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. വളരെ കൂടുതൽ' - എന്നും യുവതി കുറിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഇത്രയും സ്‌നേഹപ്രകടനം നടത്തിയ സിയയ്ക്ക് എങ്ങനെ ഈ കുറ്റകൃത്യം ചെയ്യാൻ കഴിഞ്ഞുവെന്നാണ് പലരും ചിന്തിക്കുന്നത്.
പൂനെയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയായിരുന്നു കേതൻ. പ്രമുഖ വ്യവസായിയാണ് പിതാവ് വിശാൽ അഗർവാൾ. കാമുകനൊപ്പം ജീവിക്കാനാണ് സിയ കേതനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സിയയ്ക്ക് ചേതൻ ചൗധരി എന്നയാളുമായി ബന്ധമുണ്ടായിരുന്നു. മേയ് 31ന് കേതനെ പ്രശസ്തമായ ലോഹഗഡ് കോട്ടയിലെത്തിച്ചു. ഈ യാത്രയ്ക്കിടെയാണ് കൊലപാതകം ആസൂത്രണം ചെയ്യുന്നത്. ജൂൺ 14ന് വീണ്ടും ഇരുവരും ഈ സ്ഥലത്തെത്തി. കൊലപ്പെടുത്താനുള്ള ശ്രമം പരാജയപ്പെട്ടു. അന്ന് യുവതി തള്ളിയപ്പോൾ കേതൻ പുല്ലിൽ പിടിച്ച് രക്ഷപ്പെട്ടു. പിന്നാലെ പാമ്പ്, പാമ്പ് എന്ന് വിളിച്ച് സിയ കേതനെ കെട്ടിപിടിക്കുകയായിരുന്നു.
തുടർന്നാണ് ജന്മദിനാഘോഷത്തിന്റെയും പ്രീവെഡ്ഡിംഗ് ഷൂട്ടിന്റെയും പേരിൽ വീണ്ടും ലോഹഗഡിലെത്തുന്നത്. ഫോട്ടോ പകർത്തുന്നതിനിടെയാണ് സിയയും ചേതനും കേതനെ 400 അടി താഴ്ചയിലേക്ക് തള്ളിയിട്ടത്. പ്രതികൾ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |