
കാസർകോട്: കാറിലിരുന്ന് സംസാരിച്ചതിന് യുവാവിനെയും കൂട്ടുകാരിയെയും കത്തിക്കാട്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ യുവാക്കൾ പിടിയിൽ. മൊഗ്രാൽ മൈമൂൻ നഗർ നീരോളി ഹൗസിൽ അഫ്‌സൽ (29), കുന്നിൻ ഹൗസിലെ മുഹമ്മദ് മൻസൂർ (27) എന്നിവരാണ് കുമ്പള പൊലീസിന്റെ പിടിയിലായത്. മൈമൂൻ നഗറിൽ താമസിക്കുന്ന ഇരുപതുകാരനെയും പതിനെട്ടുകാരിയെയുമാണ് ഇവർ തട്ടിക്കൊണ്ടുപോയത്.
ഇന്നലെ ഉച്ചയ്‌ക്കാണ് കാറിലിരുന്ന് സംസാരിച്ചതിന് യുവാവിനെയും യുവതിയെയും പ്രതികൾ ആക്രമിച്ചത്. ഇരുവരും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഓട്ടോറിക്ഷയിലെത്തിയ മൂന്ന് പേർ യുവാവിനെ മർദിക്കുകയും യുവതിയോട് മോശമായി പെരുമാറുകയും ചെയ്‌തു. കാറിൽ അതിക്രമിച്ച് കയറിയ അക്രമിസംഘം യുവാവിനെയും യുവതിയെയും കൂട്ടി സീതാംഗോളി ഭാഗത്തേയ്‌ക്ക് പോയി. യാത്രയ്‌ക്കിടയിൽ സീതാംഗോളി ബിവ്‌റേജസിൽനിന്ന് മദ്യം വാങ്ങാനായി യുവാവിന്റെ കൈയിൽനിന്ന് 500 രൂപ പിടിച്ചുവാങ്ങി. കത്തിക്കാട്ടി ഭീഷണിപ്പെടുത്തി ഇവരുടെ മൊബൈൽ ഫോണും സംഘം കൈക്കലാക്കി.
പ്രതികൾ അമിതവേഗതയിൽ ഓടിച്ച കാർ മറ്റൊരു വാഹനത്തിൽ ഉരസിയതോടെ അവരുമായി വാക്കുതർക്കമുണ്ടായി. ബഹളം കേട്ടെത്തിയ നാട്ടുകാരോട് തട്ടിക്കയറിയ പ്രതികൾ പൊലീസുകാരോടും സമാനമായാണ് പെരുമാറിയത്. 'സർക്കാരല്ലേ മദ്യം കൊടുക്കുന്നത്, സർക്കാരിനോട് പോയി ചോദിക്ക്' എന്നായിരുന്നു പ്രതികൾ പൊലീസിനോട് പ്രതികരിച്ചത്. ഇതിനിടയിലാണ് തങ്ങളെ ഭീഷണിപ്പെടുത്തി കടത്തിക്കൊണ്ടുവരികയായിരുന്നെന്ന് യുവാവും സുഹൃത്തും പൊലീസിനോട് തുറന്നുപറഞ്ഞത്. അഫ്‌സലിനെയും മൻസൂറിനെയും കസ്റ്റഡിയിലെടുത്തെങ്കിലും മൂന്നാമൻ രക്ഷപ്പെടുകയായിരുന്നു.
2014ൽ കുമ്പള സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കൊലക്കേസിലും അഫ്‌സൽ പ്രതിയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടാതെ ലഹരിമരുന്ന് കടത്ത്, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കേസുകളിലും ഇയാൾ പ്രതിയാണ്. കൊലപാതകശ്രമം, ആയുധം കൈവശം വയ്‌ക്കൽ, മോഷണം തുടങ്ങിയവയ്‌ക്ക് മൻസൂറിനെതിരെയും കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |