കോട്ടയം: കുമരകത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ച് യുവാവ് മരിച്ച സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ ഷാപ്പിൽ നിന്ന് 20 ഓളം സാമ്പിളുകൾ ശേഖരിച്ചു. പരിശോധനയ്ക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ഷാപ്പ് അടഞ്ഞനിലയിലും, ഫ്രിഡ്ജിലെ ഫ്രീസർ ഉൾപ്പെടെ കാലിയായ നിലയിലുമായിരുന്നു. ശേഖരിച്ച സാമ്പിളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നാല് ദിവസത്തിനകം പരിശോധനാഫലം ലഭിക്കും. സംഭവദിവസം യുവാവ് കഴിച്ച ഭക്ഷണത്തിൽ നിന്നാണോ അണുബാധ ഉണ്ടായതെന്ന് നിലവിൽ വ്യക്തമായിട്ടില്ല. ലാബ് പരിശോധനാഫലം ലഭിച്ച ശേഷമേ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കൂ. സംഭവത്തെ തുടർന്ന് പൊലീസ് ഷാപ്പ് സീൽ ചെയ്തു. മരണകാരണം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനാഫലവും ലഭിച്ച ശേഷമേ വ്യക്തമാകൂ.
സംയുക്ത പരിശോധന
ഹോട്ടലുകൾ, തട്ടുകടകൾ തുടങ്ങി ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ സ്ഥലങ്ങളിലും ഇന്ന് മുതൽ അയ്മനം പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടക്കും. ആരോഗ്യവകുപ്പുമായി സഹകരിച്ചാണ് പരിശോധനയെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഹരികുമാർ അറിയിച്ചു. ഹോട്ടലുകൾക്കും തട്ടുകടകൾക്കും പുറമേ ഷാപ്പുകൾ, റിസോർട്ടുകൾ, ബേക്കറികൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |