
പാലക്കാട്: അയൽവാസിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പാലക്കാട് മാത്തൂരിലാണ് സംഭവം. സതീഷ് കുമാർ എന്നയാൾക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ചയുണ്ടായ സംഭവത്തിലെ പ്രതി രമേഷിനെ ഇന്നലെ കോയമ്പത്തൂരിൽ നിന്ന് പിടികൂടി.
സതീഷ് കുമാറും രമേഷിന്റെ സഹോദരനും തമ്മിൽ അടുത്ത സുഹൃത്തുക്കളാണ്. രമേഷിന്റെ സഹോദരൻ വീട്ടിൽ അസുഖ ബാധിതനായി കിടക്കുകയാണ്. ഇയാളെ കാണുന്നതിനുവേണ്ടിയാണ് സതീഷ് പ്രതിയുടെ വീട്ടിലെത്തിയത്. രോഗിയെ കണ്ട് സുഖവിവരങ്ങൾ തിരക്കിയ ശേഷം തിരിച്ചുപോകാനൊരുങ്ങവെയാണ് ആക്രമണമുണ്ടായത്. രമേഷ് പ്രകോപനമൊന്നുമില്ലാതെ പൊടുന്നനെ സതീഷിന്റെ ശരീരത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. കഴുത്തിലും ശരീരത്തിന്റെ പുറകിലുമാണ് ഗുരുതര പൊള്ളലേറ്റത്. സമീപവാസികളും മറ്റുംചേർന്ന് സതീഷിനെ ഉടൻ ആശുപത്രിയിലാക്കി.
ഇതിനിടെ രമേഷ് സ്ഥലത്തുനിന്ന് മുങ്ങി. ഇയാൾക്കായി പല സ്ഥലങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇന്നലെ കോയമ്പത്തൂരിൽ നിന്ന് അറസ്റ്റുചെയ്യുകയായിരുന്നു. രമേഷിന്റെ വീട്ടിലുണ്ടായ ചില പ്രശ്നങ്ങളിൽ സതീഷ് ഇടപെട്ടതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഈ പ്രശ്നത്തിന്റെ പേരിൽ രമേഷിനെതിരെ പരാതി നൽകുകയും ചെയ്തിരുന്നു. വീട്ടിലെ പ്രശ്നങ്ങൾക്കും വീട്ടുകാർ തനിക്കെതിരായതിനും കാരണക്കാരൻ സതീഷ് ആണെന്നാണ് രമേഷ് കരുതിയത്. ഇതിന് പ്രതികാരം ചെയ്യാൻ കാത്തിരിക്കുമ്പോഴാണ് സതീഷ് വീട്ടിലെത്തുന്നത്. റബർപാൽ ഉറയൊഴിക്കാനായി വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് സതീഷിന്റെ ശരീരത്തിലൊഴിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |