
വർക്കല: വർക്കലയിലെത്തുന്ന സഞ്ചാരികൾക്കുനേരെ അനധികൃത ഏജന്റുമാരുടെ ശല്യം രൂക്ഷമെന്ന് പരാതി.ഹെലിപ്പാട്,പാപനാശം തുടങ്ങിയ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഏജന്റുമാർ തമ്മിലുള്ള സംഘർഷങ്ങളും കൈയാങ്കളികളും പതിവാണ്.
പരവൂർ,കായിക്കര,വക്കം തുടങ്ങിയ പ്രദേശങ്ങളിൽ നിന്നെത്തുന്ന ചില സംഘങ്ങളാണ് വർക്കലയിൽ തമ്പടിച്ച് സഞ്ചാരികളെ സമീപിക്കുന്നതെന്നാണ് ആക്ഷേപം.താമസം,വാഹനസൗകര്യം,മസാജ്,വിനോദ പരിപാടികൾ ഉൾപ്പെടെ വിവിധ സേവനങ്ങൾ ഒരുക്കാമെന്ന വാഗ്ദാനങ്ങളുമായാണ് ഇവർ ടൂറിസ്റ്റുകളെ സമീപിക്കുന്നത്.ഇതിന്റെ മറവിൽ സഞ്ചാരികളെ ചൂഷണം ചെയ്യുകയും അമിത തുക ഈടാക്കി പണം തട്ടുകയും ചെയ്യുന്നുവെന്ന പരാതിയും വ്യാപകമാണ്.ഇത്തരക്കാർക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണമെന്നാണ് ടൂറിസ്റ്റുകളുടെ ആവശ്യം.
ഏജന്റുമാരിൽ ചിലർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നും, ടൂറിസത്തിന്റെ മറവിൽ അനധികൃത ഇടപാടുകളും സാമ്പത്തിക തട്ടിപ്പുകളും നടത്തുന്നതായും പ്രദേശവാസികൾ ആരോപിക്കുന്നു.
അനധികൃത ഏജന്റുമാരുടെ ഇടപെടൽ മൂലം പ്രദേശത്തെ റിസോർട്ടുകൾ, ഹോംസ്റ്റേകൾ, റെസ്റ്റോറന്റുകൾ, മറ്റ് നിയമാനുസൃത ടൂറിസം സ്ഥാപനങ്ങൾ എന്നിവയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടാകുന്നതായും വ്യാപാരികൾ പറയുന്നു.
ചോദ്യം ചെയ്താൽ ഭീഷണി
ഹെലിപ്പാട് മേഖലയിൽ അനധികൃതമായി ഓട്ടോറിക്ഷകൾ പാർക്ക് ചെയ്ത് സഞ്ചാരികളെ കൂട്ടികൊണ്ടുപോകുന്ന സംഘങ്ങളും സജീവമാണെന്ന് നാട്ടുകാരും ഓട്ടോറിക്ഷാത്തൊഴിലാളികളും പറയുന്നു.സ്റ്റാൻഡുകളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന ഡ്രൈവർമാർ ഇതിനെ ചോദ്യം ചെയ്താൽ ഭീഷണിപ്പെടുത്തുകയും ചിലപ്പോൾ ആക്രമണത്തിന് വരെ മുതിരുകയും ചെയ്യുന്നുവെന്നാണ് ആരോപണം.
സഞ്ചാരികൾ തമ്മിൽ അടിപിടി
പാപനാശം ബീച്ചുകളിലും വർക്കല റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും അന്യസംസ്ഥാന സഞ്ചാരികൾ തമ്മിൽ തർക്കങ്ങളും കൈയേറ്റങ്ങളും പതിവാകുന്നുണ്ട്.മദ്യലഹരിയിൽ നടക്കുന്ന ഇത്തരം സംഭവങ്ങൾ പൊലീസിനും തലവേദനയാണ്.ഹെലിപ്പാട് പൊലീസ് എയ്ഡ് പോസ്റ്റിന് സമീപം തമിഴ്‌നാട്ടിൽ നിന്നുള്ള സഞ്ചാരികൾ മദ്യലഹരിയിൽ തമ്മിൽ തല്ലിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു . ക്രമസമാധാനപരിപാലനത്തിന് പരിമിതമായ ഉദ്യോഗസ്ഥർ മാത്രമാണ് വർക്കല സ്റ്റേഷനിൽ ഉള്ളതെന്നും വസ്തുതയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |