പുൽപ്പളളി: പൊലീസുകാരെ സ്വൽപം ഗൗരവക്കാരായാണ് കാണാറെങ്കിലും അടുത്തറിയുമ്പോൾ ആശ്ചര്യപ്പെടുന്നതാണ് പലരുടെയും അഭിരുചികൾ. വയനാട് വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ സജി കാക്കി വേഷം അഴിച്ചുവെച്ചാൽ തനി കർഷകൻ!.
നീർവാരം മയിൽക്കുന്നിലെ ഒന്നേമുക്കാൽ ഏക്കർ കൃഷിയിടം ഫലവൃക്ഷങ്ങളുടെ പറുദീസയാണ്. ലോകത്തിന്റെ പല കോണുകളിൽ നിന്നുള്ള നൂറിലധികം അപൂർവ വിദേശ ഫലവൃക്ഷങ്ങളാണ് ഏറെയും. വയനാടിന്റെ മണ്ണിൽ മാംഗോസ്റ്റിനും അവോക്കാഡോയും ലാഭകരമായി കൃഷി ചെയ്യാമെന്ന് സജി തെളിയിച്ചു. തോട്ടത്തിലെ 70 ശതമാനത്തോളം മരങ്ങളും കായ്ഫലം നൽകിത്തുടങ്ങി. ഫിഷറീസ് വകുപ്പിൽ നിന്ന് സൗജന്യമായി ലഭിച്ച മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്ന മീൻകുളവും വിവിധ കിഴങ്ങുവർഗങ്ങളും ഈ കൃഷിയിടത്തിലുണ്ട്. വിദേശ പഴങ്ങളുടെ വിപുലമായ ശേഖരവും അപൂർവയിനം കൃഷിരീതികളും കാണാനും വിത്തുകളും തൈകളും വാങ്ങാനുമായി നിരവധി സന്ദർശകരാണ് തോട്ടത്തിലെത്തുന്നത്.
ചരിത്രത്തിൽ ബിരുദമുള്ള സജി 27 വർഷമായി പൊലീസ് സേനയുടെ ഭാഗമാണ്. കൃഷിയെ നെഞ്ചേറ്റിയ സജിക്ക് പൂർണ പിന്തുണയുമായി കുടുംബം ഒപ്പമുണ്ട്. സർക്കാർ ജീവനക്കാരിയായ ഭാര്യ ഷീനയും വിദ്യാർത്ഥികളായ മക്കൾ ആകാശും ആദർശും ഒഴിവുസമയങ്ങളിൽ തോട്ടത്തിൽ സജീവം.
താരം ജപ്പാന്റെ 'മിയാസാക്കി'; വിസ്മയമായി ഭീമൻ പൈനാപ്പിളും
അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ജപ്പാന്റെ സ്വന്തം 'മിയാസാക്കി' മാങ്ങയാണ് സജിയുടെ തോട്ടത്തിലെ പ്രധാന താരം. പന്ത്രണ്ടോളം വ്യത്യസ്ത ഇനങ്ങളിലുള്ള പൈനാപ്പിളുകളിൽ 'ബെംഗാരു ജംബോ പൈനാപ്പിൾ' ആണ് തോട്ടത്തിലെ അത്ഭുതം. ഒരു വിത്തിന് 7000 രൂപയോളം വിലവരുന്ന ഈ ഇനത്തിൽ നിന്ന് 10 കിലോയോളം തൂക്കം വരുന്ന ഭീമൻ പൈനാപ്പിൾ വിളവെടുത്തു. ബ്ലാക്ക് സപ്പോട്ട, അച്ചാച്ചൈറു ലോഗൻ ഫ്രൂട്ട്, റോളിനിയ അബിയു, വെള്ളഞാവൽ, വിവിധയിനം ഡ്രാഗൺ ഫ്രൂട്ടുകൾ, കെപ്പൽ, ബറാബ, മിറാക്കൾ, ടുക്കൂ എന്നിവയാണ് മറ്റ് ഇനങ്ങൾ.
''വിപണിയിലെ ലാഭത്തിനപ്പുറം, മണ്ണിൽ വിരിയുന്ന ഇത്തരം അത്ഭുതങ്ങളാണ് ഒരു കർഷകൻ എന്ന നിലയിൽ ആനന്ദവും സംതൃപ്തിയും നൽകുന്നത്. മണ്ണിലിറങ്ങുമ്പോൾ കിട്ടുന്ന മനഃസമാധാനം ഔദ്യോഗിക ജീവിതത്തിലെ സമ്മർദ്ദങ്ങൾ അകറ്റാൻ ഏറെ സഹായിക്കുന്നു.'' സജി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |