
സൗദിയും ഉറുഗ്വേയും 1-1ന് സമനിലയിൽ പിരിഞ്ഞു
മയാമി : കയ്യെത്തിപ്പിടിക്കാമായിരുന്ന ഒരു ജയം സൗദി അറേബ്യ കൈവിട്ടുകളഞ്ഞപ്പോൾ കഷ്ടിച്ചുകിട്ടിയ സമനിലയുമായി ആദ്യ ലോകകപ്പ് ജേതാക്കളായ ഉറുഗ്വേ. ഇന്നലെ മയാമിയിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. 41-ാം മിനിട്ടിൽ അബ്ദുള്ള അൽ അംറിയിലൂടെ സൗദി ലീഡെടുത്തപ്പോൾ 80-ാം മിനിട്ടിൽ മാക്സി അറോഹോയാണ് ഉറുഗ്വേയ്ക്ക് സമനില നേടിക്കൊടുത്തത്.
2022 ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ അർജന്റീനയെ അട്ടിമറിച്ചതിന്റെ ഓർമ്മകളുമായി മയാമിയിലിറങ്ങിയ സൗദി ടീം അവസരങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു. പന്തടക്കത്തിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുൻതൂക്കമുണ്ടായിരുന്നിട്ടും മുൻ ലോകചാമ്പ്യൻന്മാർക്ക് ഫിനിഷിംഗിൽ പാളി. ആദ്യ ചാൻസ് കിട്ടിയത് ഉറുഗ്വേയ്ക്ക് ആയിരുന്നെങ്കിലും സൗദി ഗോളിതട്ടിയകറ്റി. 41-ാം മിനിട്ടിൽ ഒരു കോർണർകിക്കിൽ നിന്നുള്ള ഹെഡർ ഉറുഗ്വേ ഗോളി തട്ടി മുന്നോട്ടിട്ടത് ചാടിയെത്തിപ്പിടിച്ചാണ് അൽ അംറി വലകുലുക്കിയത്. ഒരടികിട്ടയതോടെ ഉറുഗ്വേ ഉണർന്നെണീറ്റെങ്കിലും സൗദി ഗോളി മുഹമ്മദ് അൽ ഉവെയ്സിന്റെ കിടിലൻ സേവുകൾ വലങ്ങുതടിയായി.ഒടുവിൽ 80-ാം മിനിട്ടിൽ അറോഹോ സ്കോർ ചെയ്തത് അൽ ഉവെയ്സ് തട്ടിത്തെറുപ്പിച്ച ഒരു കോർണർകിക്കിൽ നിന്നുള്ള ഹെഡർ പിടിച്ചെടുത്താണ്.
ഗ്രൂപ്പ് എച്ചിൽ എല്ലാടീമുകളും ആദ്യമത്സരത്തിൽ സമനില സമ്മതിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം സ്പെയ്നിനെ കേപ് വെർദേയാണ് സമനിലയിൽ കുരുക്കിയത്. എല്ലാവർക്കും ഓരോ പോയിന്റ്. ഉറുഗ്വേ ഒന്നാമത്.സൗദി,സ്പെയ്ൻ, കേപ് വെർദേ എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ. സൗദി അടുത്ത ഞായറാഴ്ച സ്പെയ്നിനേയും ഉറുഗ്വേ കേപ് വെർദേയേയും നേരിടും.
9
സേവുകളാണ് സൗദി ഗോളി അൽ ഉവൈസ് നടത്തിയത്. ഈ ലോകകപ്പിൽ ഇതുവരെ ഏറ്റവുംകൂടുതൽ സേവുകൾ നടത്തിയ കീപ്പർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |