SignIn
Kerala Kaumudi Online
Thursday, 18 June 2026 3.36 AM IST

മൈസൂരു സർക്കാർ ആശുപത്രിയിൽ കൂട്ടമരണം

READ ENGLISH VERSION
h

മൈസൂരു (കർണാടക): മൈസൂരുവിലെ സർക്കാർ ആശുപത്രിയിൽ 24 മണിക്കൂറിനുള്ളിൽ 11 ഹൃദ്രോഗികൾ മരിച്ച സംഭവത്തിൽ കർണാടകയിൽ വ്യാപക പ്രതിഷേധം. ഡോക്‌ടർമാരുടെ കുറവും ചികിത്സാസൗകര്യങ്ങളുടെ മോശം അവസ്ഥയുമാണ് കാരണമെന്ന് ആരോപിച്ച് മരിച്ചവരുടെ ബന്ധുക്കൾ രംഗത്തെത്തി. മൈസൂരു ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കാർഡിയോ വാസ്‌കുലർ സയൻസസ് ആൻഡ് റിസർച്ചിലാണ് കൂട്ടമരണം. 40നും 85നും ഇടയിൽ പ്രായമുള്ളവരാണ് മരിച്ചത്.

ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ നാലുപേരും രാത്രി അഞ്ചുപേരും ചൊവ്വാഴ്ച രാവിലെ, രണ്ടുപേരുമാണ് മരിച്ചത്. മൈസൂരു,​ കുടക്, ഹാസൻ, മാണ്ഡ്യ ചാമരാജ നഗർ സ്വദേശികളായ സയ്യിദ് ആരിഫ് പാഷ (80), ഹരീഷ് ബി.ആർ (40), ബാലശങ്കർ (65), സംഷുന്നീഷ് (70), രാജു (54), നിങ്കഗൗഡ (70), മസീന ബാനു (58), ഗോപാലരാജു (55), ബൈറോജി റാവു (80), സുഹൽഖാൻ (43), നീലി (79) എന്നിവരാണ് മരിച്ചത്.

ആശുപത്രിയിൽ വേണ്ടത്ര മെഡിക്കൽ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് കൂട്ടമരണത്തിന് ഇടയാക്കിയതെന്നാണ് ആരോപണം. രോഗികൾക്ക് അടിയന്തര വൈദ്യസഹായം ലഭിച്ചില്ലെന്നും ആക്ഷേപമുയർന്നു. വിശദമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.

അതേസമയം,​ അടിയന്തര ചികിത്സ ലഭിക്കേണ്ട സമയം കഴിഞ്ഞ് 12 മുതൽ 24 മണിക്കൂർവരെ വൈകിയാണ് രോഗികളെ ആശുപത്രിയിൽ എത്തിച്ചതെന്നും അതിനാലാണ് ഇത്രയധികം മരണങ്ങൾ സംഭവിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സ ലഭിക്കാതെ ആരും മരിച്ചിട്ടില്ലെന്നും ജീവനക്കാരുടെ കുറവോ അശ്രദ്ധയോ മൂലമല്ല മരണങ്ങളെന്നും മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എസ്.സദാനന്ദ് പറഞ്ഞു.

ട്രോളികളിലും

കിടത്തി ചികിത്സ

മൈസൂരു,​ കുടക്, ഹാസൻ, മാണ്ഡ്യ ചാമരാജ നഗർ എന്നിവിടങ്ങളിൽ നിന്നുള്ളവർ വിദഗ്ദ്ധ ഹൃദ്രോഗചികിത്സയ്ക്ക് എത്തുന്ന ഏക ആശുപത്രിയാണിത്. രോഗികളുടെ തിരക്കുകാരണം,​ കിടക്കകൾ ലഭ്യമല്ലാത്തതിനാൽ 20ഓളംപേരെ ട്രോളികളിൽ കിടത്തിയാണ് ചികിത്സിച്ചിരുന്നത്. 18 രോഗികളെ പ്രവേശിപ്പിക്കാൻ ശേഷിയുള്ള ഐ.സി.യുവിൽ 25പേരുണ്ട്. ഒരു ഡോക്‌ടർക്ക് ദിവസം 100ലധികം രോഗികളെ ചികിത്സിക്കേണ്ടി വരുന്നുവെന്നും ആക്ഷേപമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, JAYADEVA HOSPITAL 11 DEATH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360