SignIn
Kerala Kaumudi Online
Thursday, 18 June 2026 3.36 AM IST

ടെലിഗ്രാമിന്റെ നിരോധനം ശരിവയ്‌ക്കുമോ? ഇന്ന് നിർണായകം : കേന്ദ്രസർക്കാരിന് നോട്ടീസ്

dd

ന്യൂഡൽഹി: ടെലിഗ്രാം മെസേജിംഗ് ആപ്പിനെ രാജ്യത്ത് നിരോധിച്ച കേന്ദ്രസർക്കാ‌‌ർ നടപടി ഡൽഹി ഹൈക്കോടതി ശരിവയ്‌ക്കുമോയെന്നതിൽ ഇന്ന് നിർണായക ദിനം. ജൂൺ 21ന് നീറ്റ് പുന:പരീക്ഷ നിശ്ചയിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ 22 വരെയാണ് താത്കാലിക നിരോധനം. ഇതിനെതിരെ ടെലിഗ്രാം കമ്പനി സമ‌ർപ്പിച്ച ഹർജിയിൽ കേന്ദ്രസർക്കാരിന് നോട്ടീസ് അയക്കാൻ ജസ്റ്റിസ് തേജസ് കരിയ ഉത്തരവിട്ടു. സ്റ്റേ അനുവദിക്കണമോയെന്നതിൽ ഇന്ന് ഉച്ചയ്‌ക്ക് 2.30ന് വാദം കേൾക്കും. വിവിധ പരീക്ഷകൾക്കായുള്ള തയ്യാറെടുപ്പിന് ലക്ഷകണക്കിന് വിദ്യാർത്ഥികൾ ഈ പ്ളാറ്റ്ഫോം ഉപയോഗിക്കുന്നുവെന്നാണ് ടെലിഗ്രാമിന്റെ വാദം. അവർക്ക് തിരിച്ചടിയാകുന്ന നടപടിയാണ് കേന്ദ്രസർക്കാരിൽ നിന്നുണ്ടായത്. നീറ്റുമായി ബന്ധപ്പെട്ട നിയമവിരുദ്ധ ഉള്ളടങ്ങളുള്ള 900ൽപ്പരം ലിങ്കുകൾ തങ്ങൾ നീക്കം ചെയ്‌തിരുന്നു. കമ്പനിയുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയ നടപടിയാണുണ്ടായതെന്നും അറിയിച്ചു. എന്നാൽ പലവട്ടം ആവശ്യപ്പെട്ടിട്ടും കൃത്യമായ തിരുത്തലുകൾക്ക് ടെലിഗ്രാം തയ്യാറാകുന്നില്ലെന്ന് സോളിസിറ്റ‌ർ ജനറൽ തുഷാർ മേത്ത കോടതിയിൽ പ്രതികരിച്ചു. ഇന്ത്യയിലെ 15 കോടിയിലധികം സാധാരണ ഉപയോക്താക്കളെ ശിക്ഷിക്കുന്ന നടപടിയെന്ന് ടെലിഗ്രാം ആപ് സ്ഥാപകൻ പരേൽ ദുറോവ് പ്രതികരിച്ചു. നിരോധനത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,​ അടുത്തത് വാട്ട്സ് ആപ്പായിരിക്കുമോയെന്ന് ചോദിച്ചു. വിലക്ക് വിദ്യാർത്ഥികളുടെ താത്പര്യം മുൻനിറുത്തിയാണെന്നാണ് പരീക്ഷാനടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഡയറക്‌ടർ ജനറൽ അഭിഷേക് സിംഗ് അറിയിച്ചത്. 22 ലക്ഷം വിദ്യാർത്ഥികളുടെ ഭാവി കണക്കിലെടുത്താണിത്. തട്ടിപ്പുകൾ തടയാനാണ് ശ്രമം. ചോദ്യപേപ്പർ ചോർന്നുവെന്ന അഭ്യൂഹങ്ങളിൽ വീഴരുതെന്നും അഭ്യർത്ഥിച്ചു. ഗൂഗിൾ പ്ലേ സ്റ്രോർ, ആപ്പിൾ ആപ് സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ടെലിഗ്രാം നീക്കി. വി.പി.എൻ ഉപയോഗിക്കുന്നവർക്ക് വിദേശ സെർവറുകളിലൂടെ ടെലിഗ്രാം ഉപയോഗിക്കാനാകും. പുനഃപരീക്ഷ നടത്താനുള്ള തീരുമാനം സ്റ്രേ ചെയ്യണമെന്ന ആവശ്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ജൂലായിൽ പരിഗണിക്കാൻ മാറ്റി. ഇതോടെ പൊതുതാത്പര്യഹർജി ഫലത്തിൽ അപ്രസക്തമായി.

ടി.ഇ.ഇ ചോദ്യപേപ്പർ ചോ‌ർന്നുവെന്ന് അഭ്യൂഹം

ഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്നോ) നടത്തുന്ന ടേം എൻഡ് പരീക്ഷയുടെ (ടി.ഇ.ഇ) ചോദ്യപേപ്പറുകൾ ടെലിഗ്രാമിൽ ലഭ്യമാണെന്ന് അഭ്യൂഹമുയർന്നു. 199 രൂപ മുതൽ ലക്ഷങ്ങൾ വരെ വാങ്ങി ചോദ്യപേപ്പർ വിൽക്കുന്നുവെന്നാണ് പ്രചാരണമുണ്ടായത്. എന്നാൽ അഭ്യൂഹങ്ങൾ ഇഗ്നോ തള്ളി. ജൂൺ 1 മുതൽ ജൂലായ് 21 വരെയാണ് പരീക്ഷ. ഇഗ്നോയ്‌ക്കു കീഴിലെ കോഴ്സുകളിൽ സെമസ്റ്റർ അവസാനം നടത്തുന്ന പരീക്ഷയാണിത്.

പ്രതിക്ക് അനുമതി

ചോദ്യപേപ്പർ ചോ‌ർച്ചക്കേസ് പ്രതിയും വിദ്യാർത്ഥിയുമായ യഷ് യാദവിന് നീറ്റ് പുനഃപരീക്ഷയെഴുതാൻ ഡൽഹി റൗസ് അവന്യു കോടതി അനുമതി നൽകി. വിദ്യാഭ്യാസം മൗലികാവകാശമാണെന്നും നിഷേധിക്കാനാകില്ലെന്നും കോടതി നിലപാടെടുത്തു. പരീക്ഷാ സെന്ററിലേക്ക് പൊലീസ് കൊണ്ടുപോകണം. 22ന് നിശ്ചയിച്ചിരിക്കുന്ന സഹോദരിയുടെ വിവാഹചടങ്ങിലും പൊലീസ് അകമ്പടിയോടെ പങ്കെടുക്കാം. ശേഷം തിഹാർ ജയിലിലേക്ക് കൊണ്ടുപോകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, NEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360