
ചെന്നൈ: ജനങ്ങളുടെ മനസിൽ നിന്ന് ജാതി തുടച്ചുനീക്കാൻ നടപടി സ്വീകരിക്കണമെന്ന് ടി.വി.കെ. സർക്കാരിനോട് മദ്രാസ് ഹൈക്കോടതി. സ്ഥാനാർത്ഥികളുടെ ജാതിയോ മതമോ സമുദായമോ നോക്കാതെ വോട്ടുചെയ്യാൻ ജനങ്ങൾക്ക് ആവുമെന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിലൂടെ തെളിയിക്കാനായി. ജാതീയതയ്ക്ക് അതീതമായി സർക്കാർ ഉണ്ടാക്കാൻ ടി.വി.കെ.യ്ക്ക് സാധിച്ചു. അതിനാൽ ജനമനസിൽ നിന്നും ജാതിയും മതവുമൊക്കെ തുടച്ചുനീക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ജസ്റ്റിസ് ബി. പുഗഴേന്തിയുടെ ബെഞ്ച് സർക്കാരിനോട് നിർദ്ദേശിച്ചു. ജാതിയുടെ കൃത്രിമമായ തടസങ്ങൾ മറികടക്കുമ്പോഴേ എല്ലാ മനുഷ്യരും തുല്യരാവുകയുള്ളൂ. ദുരഭിമാനക്കൊലയിൽ ഒരു ‘അഭിമാന’വും ഇല്ല. ലജ്ജാകരമായ പ്രവൃത്തിയാണ് അതെന്നും കോടതി നിരീക്ഷിച്ചു. തിരുനെൽവേലിയിൽ ഐ.ടി. ജീവനക്കാരനായ കവിൻ സെൽവഗണേഷിന്റെ ദുരഭിമാനക്കൊലയുമായി ബന്ധപ്പെട്ട കേസിലെ പ്രതിയും പൊലീസ് സബ് ഇൻസ്പെക്ടറുമായ ശരവണന് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |