
ധർമ്മശാല: മഴ വില്ലനായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് മുന്നിൽ 195 റൺസ് വിജയലക്ഷ്യം. കനത്ത മഴയെത്തുടർന്ന് 25 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ 24.5 ഓവറിൽ 194 റൺസിന് പുറത്തായി. 26 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിൽ തകർന്ന അഫ്ഗാനെ ഓപ്പണർ റഹ്മാനുള്ള ഗുർബാസിന്റെ സെഞ്ച്വറിയാണ് (51 പന്തിൽ 102 റൺസ്) ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
നായകൻ ഹഷ്മത്തുള്ള ഷാഹിദിയുമായി (27) ചേർന്ന് നാലാം വിക്കറ്റിൽ 116 റൺസ് കൂട്ടിച്ചേർത്ത ഗുർബാസ് എട്ട് ഫോറും എട്ട് സിക്സറുകളുമടക്കമാണ് സെഞ്ച്വറി കൂട്ടിച്ചേർത്തത്. കളിയിൽ 14 റൺസിൽ നിൽക്കെ ഗുർബാസിനെതിരായ എൽ.ബി.ഡബ്ല്യു റിവ്യൂ ചെയ്യാൻ ഇന്ത്യ മടിച്ചതാണ് മത്സരത്തിൽ വഴിത്തിരിവായത്. ആദ്യ ഓവറുകളിൽ റൺസ് വഴങ്ങിയെങ്കിലും തകർപ്പൻ തിരിച്ചുവരവ് നടത്തിയ ഇന്ത്യയുടെ അരങ്ങേറ്റ താരങ്ങളായ ഗുർനൂർ ബ്രാറും ഹർഷ് ദുബെയും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി അഫ്ഗാന്റെ കോട്ട തകർത്തു. പേസർ അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് നേടി. പരിക്കേറ്റ വിരാട് കൊഹ്‌ലിക്ക് പകരം ഇഷാൻ കിഷൻ ടീമിലിടം നേടി.
അതേസമയം മത്സരത്തിൽ മുൻ ക്യാപ്ടൻ രോഹിത് ശർമ (39 വയസ്സും 44 ദിവസവും) ഇന്ത്യയ്ക്കായി ഏകദിനം കളിക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന മൊഹീന്ദർ അമർനാഥിന്റെ റെക്കാഡ് സ്വന്തം പേരിലാക്കി. നായകൻ ശുഭ്മാൻ ഗില്ലിന് ഏകദിനത്തിൽ 3,000 റൺസ് തികയ്ക്കാൻ ഇനി 47 റൺസ് കൂടി മതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |