
പാട്ന: ലോകക്രിക്കറ്റിൽ വിസ്മയം തീർക്കുന്ന പതിനഞ്ചുകാരൻ സൂര്യവംശിക്ക് പിന്നാലെ കിടിലൻ പ്രകടനവുമായി വൈഭവിന്റെ അനുജനും വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ്. പത്തുവയസുള്ള ആശിർവാദ് സൂര്യവംശിയാണ് പ്രാദേശിക പരിശീലന മത്സരത്തിൽ തകർപ്പൻ ബാറ്റിംഗിലൂടെ സെഞ്ച്വറി നേടിയത്.
ബീഹാറിലെ സമസ്തിപൂരിൽ നടന്ന പരിശീലന മത്സരത്തിൽ ക്രിക്കറ്റ് അക്കാഡമി താജ്പൂരിന് വേണ്ടി കളിക്കളത്തിലിറങ്ങിയ ആശിർവാദ് 87 പന്തിൽ നിന്ന് 103 റൺസാണ് അടിച്ചുകൂട്ടിയത്. 20 ഫോറുകളും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു 'അനുജൻ സൂര്യവംശിയുടെ' ഇന്നിംഗ്സ്. സെഞ്ച്വറി നേടിയ ആശിർവാദിന് വൈഭവ് അഭിനന്ദമറിയിച്ചു. ‘അഭിനന്ദനങ്ങൾ ആശിർവാദ്’ എന്നാണ് അനുജന്റെയും മത്സരത്തിന്റെ സ്കോർബോർഡിന്റെയും ചിത്രം പങ്കുവച്ച് വൈഭവ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
സെഞ്ച്വറി നേട്ടം സ്വന്തമാക്കിയ ശേഷമുള്ള ആശിർവാദിന്റെ ആഹ്ളാദപ്രകടനത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. വൈഭവിനെ പോലെ ആശിർവാദ് സൂര്യവംശിയും ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതീക്ഷയാകുമെന്നുള്ള തരത്തിലാണ് കമന്റുകൾ പ്രത്യക്ഷപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |