
ന്യൂഡൽഹി: അന്യഗ്രഹ പേടകങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് അമേരിക്കൻ ഭരണകൂടത്തിന്റെ നിർണായക വെളിപ്പെടുത്തൽ. 1968 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയ്ക്കും അയൽരാജ്യമായ നേപ്പാളിനും മുകളിൽ അജ്ഞാത ആകാശ പ്രതിഭാസങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു എന്ന നിർണായകരേഖകളാണ് യുഎസ് പുറത്തുവിട്ടിരിക്കുന്നത്.
പെന്റഗൺ പുറത്തുവിട്ട വിവരങ്ങളിൽ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ തയ്യാറാക്കിയ ആറ് പേജുള്ള അതീവ രഹസ്യ രേഖയും ഉൾപ്പെടുന്നു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രത്യേക നിർദേശപ്രകാരം നടക്കുന്ന ഡിക്ലാസിഫിക്കേഷൻ നടപടികളുടെ ഭാഗമായാണ് സിഐഎ, എഫ്ബിഐ, നാസ, പെന്റഗൺ എന്നിവയുടെ കൈവശമുണ്ടായിരുന്ന ചിത്രങ്ങളും വീഡിയോകളും പുറത്തുവിട്ടിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഹിമാലയൻ അതിർത്തികളിൽ ഒന്നിലധികം തവണയാണ് അജ്ഞാത വസ്തുക്കൾ പ്രത്യക്ഷപ്പെട്ടത്. ഇത് മിഥ്യയല്ലെന്നും സൈനിക ഉദ്യോഗസ്ഥരടക്കമുള്ള ദൃക്‌സാക്ഷികൾ കൃത്യമായി രേഖപ്പെടുത്തിയതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്ത്യയിൽ സിക്കിമിലെ ലാചുംഗ്, ലാച്ചൻ, ട്രാംഗു, മുഗുതാംഗ്, ചോൽഹാമു എന്നീ പ്രദേശങ്ങളിലെ ആകാശത്താണ് വിചിത്രമായ ഈ പ്രതിഭാസം പ്രത്യക്ഷപ്പെട്ടത്.
വടക്ക്-കിഴക്ക് ദിശയിൽ നിന്നും തെക്ക്-പടിഞ്ഞാറ് ദിശയിലേക്ക് അതിവേഗം സഞ്ചരിച്ച ഒരു അജ്ഞാത വസ്തുവായിരുന്നു അത്. വസ്തുവിന്റെ ഒരു ഭാഗത്ത് നിന്നും ശക്തമായ വെളിച്ചം പുറപ്പെട്ടിരുന്നതായും സിഐഎ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് കടന്നുപോയതിന് പിന്നാലെ ഇടിമിന്നലിന് സമാനമായ വലിയൊരു ശബ്ദം പ്രദേശത്ത് കേട്ടതായും പറയുന്നു.
ലഡാക്ക് മേഖലയിലും സമാനമായ സംഭവം നടന്നതായി രേഖകളിൽ പറയുന്നുണ്ട്. മാർച്ച് 4ന് ലഡാക്കിലെ ചാംഗ് ലാ, ഫുകച്ചെ, കോയൂൽ മേഖലകളിൽ ആകാശത്ത് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് നീങ്ങുന്ന തീവ്രമായ വെളുത്ത വെളിച്ചം ആളുകൾ കാണാനിടയായി. തുടർന്ന് ആകാശത്ത് ചുവപ്പ് കലർന്ന പ്രകാശവും വെളുത്ത പുകയും അവശേഷിച്ചതായാണ് വ്യക്തമാക്കുന്നത്.
അതേദിവസം തന്നെ അനെ ലാ പ്രദേശത്ത് ഒരു അജ്ഞാത വസ്തു ആകാശത്ത് വൃത്താകൃതിയിൽ കറങ്ങിയതായും റിപ്പോർട്ടുണ്ട്. മാർച്ച് അവസാനത്തോടെ വീണ്ടും ലഡാക്കിലെ ഫുകച്ചെ, കോയൂൽ, ഡെംചോക്ക് എന്നീ അതിർത്തി ഗ്രാമങ്ങളിൽ റോക്കറ്റിന്റെ ആകൃതിയിലുള്ള ഒരു വസ്തു അതിവേഗം സഞ്ചരിച്ചതായി ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. ഏകദേശം 20000 മുതൽ 25000 അടി വരെ ഉയരത്തിലൂടെയായിരുന്നു ഇതിന്റെ സഞ്ചാരമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, 1968 മാർച്ച് 27ന് അയൽരാജ്യമായ നേപ്പാളിൽ നടന്ന സംഭവമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. നേപ്പാളിലെ കാസ്കി മേഖലയിൽ വൻ ശബ്ദത്തോടെയും പ്രകാശത്തോടെയും വടക്ക് നിന്ന് തെക്കോട്ട് ഒരു വലിയ വസ്തു പറന്നുപോയതായാണ് റിപ്പോർട്ടിൽ പറയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പൊഖ്റയിൽ നിന്നും അഞ്ച് മൈൽ വടക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്ന ബാൽത്തിചൗർ എന്ന സ്ഥലത്തെ ഒരു വലിയ ഗർത്തത്തിൽ നിന്നും ഒരു ലോഹ തളിക കണ്ടെത്തിയതായി സിഐഎ രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
1940കൾ മുതലുള്ള യുഎഫ്ഒ റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയ ഫയലുകളാണ് യുഎസ് പുറത്തുവിട്ടിരിക്കുന്നത്. മുൻപ് നടന്ന അന്വേഷണങ്ങളിലൊന്നും ഇവ പറക്കും തളികകളാണെന്നോ അന്യഗ്രഹ ജീവന്റെ സാന്നിദ്ധ്യമാണെന്നോ തെളിയിക്കുന്ന കൃത്യമായ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും യുഎസ് വ്യക്തമാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |