
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിനിടെ മുതിർന്ന നേതാവും പാർട്ടി അദ്ധ്യക്ഷ മമതാ ബാനർജിയുടെ വിശ്വസ്തനുമായിരുന്ന സുദീപ് ബന്ദോപാദ്ധ്യായ്‌യും വിമതപക്ഷത്തേക്ക്. വിമത നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന ശതാബ്ദി റോയിക്കൊപ്പം സുദീപ് ഡൽഹിയിൽ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ഭൂപേന്ദർ യാദവിന്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. നേരത്തെ മമതയ്ക്കെതിരെ രംഗത്തുവരികയും പാർലമെന്റിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ അനുമതി തേടുകയും ചെയ്ത 19 വിമത എം.പിമാരുടെ ആദ്യ പട്ടികയിൽ സുദീപ് ഒപ്പുവച്ചിരുന്നില്ല. സുദീപ് കൂടിയെത്തിയതോടെ ലോക്സഭയിൽ വിമത എം.പിമാരുടെ എണ്ണം 20 ആയി. ആകെ 29 ലോക്സഭാ അംഗങ്ങളാണ് തൃണമൂലിനുള്ളത്. മൂന്നിൽ രണ്ട് ഭൂരിപക്ഷവും മറികടക്കാൻ വിമതർക്ക് സാധിച്ചു.
പിളർപ്പിന് പിന്നിൽ ആന്ധ്രയിലെ എം.പി
മമതയുടെ പതനത്തിന് പിന്നിൽ താനാണെന്ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി സി.എം. രമേശിന്റെ അവകാശവാദം. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രമേശ് ഇക്കാര്യം പറഞ്ഞത്. ആളുകളെ കാര്യങ്ങൾ പറഞ്ഞ് ബോദ്ധ്യപ്പെടുത്താനുള്ള കഴിവ് തനിക്കുണ്ടെന്ന് പറഞ്ഞ രമേശ്, രണ്ട് മണിക്കൂർകൊണ്ട് ആരെയും ബി.ജെ.പിയിലെത്തിക്കുമെന്നും അവകാശപ്പെട്ടു. തൃണമൂൽ എം.പിമാരിൽ ഭൂരിഭാഗം പേരെയും തനിക്ക് അറിയാം. പാർലമെന്റിലെ ക്യാന്റീനിൽ വച്ച് കാണാറുണ്ട്. കുറച്ച് വർഷങ്ങളായി അവരുമായി ഒരു സൗഹൃദം വളർന്നിരുന്നു. 2020ൽ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിവിധ പാർട്ടികളിൽനിന്നുള്ള എം.പിമാർ എത്തിയിരുന്നു. അന്ന് മമതയുടെ കടുത്ത അനുയായിയും ഇപ്പോൾ വിമത എം.പിമാരിൽ പ്രധാനിയുമായ ശതാബ്ദി റോയിയും എത്തിയിരുന്നു. ഈ സൗഹൃദം ചൂണ്ടിക്കാട്ടിയാണ് രമേശ് തൃണമൂലിലെ പിളർപ്പിന്റെ അവകാശവാദം ഉന്നയിക്കുന്നത്. എന്നാൽ ആന്ധ്രയിലെ ബി.ജെ.പി നേതാക്കൾ രമേശിന്റെ അവകാശവാദങ്ങൾ തള്ളി. വരാനിരിക്കുന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയിൽ കണ്ണുവച്ചാണ് രമേശിന്റെ നീക്കമെന്നാണ് വിമർശനം.
അഭിഷേകിന്റെ വീട്ടിൽ പരിശോധന
തൃണമൂൽ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയുടെ വീട്ടിൽ ക്രിമിനിൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന്റെ (സി.ഐ.ഡി) പരിശോധന. കാളിഘട്ടിലെ അഭിഷേകിന്റെ വസതിയിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് ഉദ്യോഗസ്ഥരെത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്നും രാഷ്ട്രീയ പകപോക്കൽ മാത്രമാണെന്നും തൃണമൂൽ നേതാവും രാജ്യസഭാ എം.പിയുമായ സാഗരിക ഘോഷ് വിമർശിച്ചു. അതിനിടെ അഭിഷേക് സ്വന്തം മകനെപ്പോലെയാണെന്ന് തൃണമൂൽ നേതാവ് കല്യാൺ ബാനർജി പ്രതികരിച്ചു. കഴിഞ്ഞ ദിവസം അഭിഷേകിനെതിരെ കല്യാൺ രൂക്ഷ വിമർശനമുന്നയിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |