SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.35 AM IST

ആദ്യ ഭർത്താവിന്റെ തല്ലുകൊണ്ട് വീണ ഷർമിളയ്ക്ക് ഇന്ന് പൊന്നിൻ തിളക്കം

sharmila

ഗ്ളാസ്ഗോ : രണ്ടാം വയസിൽ പോളിയോ ബാധിച്ച് വളർച്ച മുരടിച്ച കാലുകളായിരുന്നു ഷർമിളയുടെ ആദ്യ സങ്കടം. അന്ധയായ അമ്മയും കർഷകനായ അച്ഛനും ചേർന്ന് കഷ്ടപ്പെട്ട് അവളെ വളർത്തി. 19-ാം വയസിൽ അവളെ വിവാഹം കഴിപ്പിച്ച് അയച്ചപ്പോൾ ആ മാതാപിതാക്കൾ അൽപ്പമൊന്ന് സന്തോഷിച്ചു. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസില്ലായിരുന്നു. വൈകല്യത്തിന്റെ പേരിൽ ഭർത്താവ് ഷർമിളയെ ക്രൂരമായി ഉപദ്രവിച്ചു. പലപ്പോഴും രാവ് പുലരുവോളം തല്ലുകൊണ്ട് കരയേണ്ടിവന്നു. ഇതിനിടയിൽ രണ്ട് പെൺകുട്ടികൾ പിറന്നു. ഒരിക്കൽ പാതിരാത്രി ഭർത്താവ് തല്ലി വീടിന് വെളിയിലാക്കിയപ്പോൾ മക്കളെയുമെടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങി.

ആ വിവാഹത്തിൽ നിന്ന് മോചനം നേടിയപ്പോഴാണ് ആശ്വാസമായത്. സഹിക്കുന്ന ദുഖങ്ങൾക്കൊക്കെ മറുപുറമുണ്ടെന്നത് സത്യമാക്കിയാണ് പിന്നീട് അജിത് സിംഗ് ഷർമിളയുടെ ജീവിതത്തിലേക്ക് കടന്നുവന്നത്. രണ്ടാം ഭർത്താവായെത്തിയ അജിത് അവളുടെ വൈകല്യത്തെ പരിഹസിക്കുകയോ പരിതപിക്കുകയോ ചെയ്തില്ല. പകരം അവരെ കായിക രംഗത്തേക്ക് കൈപിടിച്ചുയർത്തുകയാണ് ചെയ്തത്. മികച്ച പരിശീലകരുടെ അടുത്തേക്ക് അജിത് സിംഗ് ഷർമിളയെ എത്തിച്ചു. അങ്ങനെയാണ് 34-ാം വയസിൽ ഷർമിള ഒരു പാരാ അത്‌ലറ്റായി മാറിയത്. 2021ൽ ദേശീയ പാരാ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി വരവറിയിച്ചു. തൊട്ടടുത്ത വർഷം നേരിയ വ്യത്യാസത്തിലാണ് ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെങ്കലമെഡൽ നഷ്ടമായത്. 2023ൽ ഹ്വാംഗ്ചോയിൽ നടന്ന ഏഷ്യൻ പാരാഗെയിംസിലും നാലാം സ്ഥാനത്തായിപ്പോയി. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന ലോക പാരാ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്തായിപ്പോയി. ഈ സങ്കടങ്ങളെല്ലാം തീർക്കുന്നതായിരുന്നു ഗ്ളാസ്ഗോയിൽ നേടിയ ചരിത്രസ്വർണം.

കായിക പരിശീലനത്തിനായി ഷർമിളയ്ക്കും അജിത്തിനും തങ്ങളുടെ വീട് വിൽക്കേണ്ടി വന്നു. സെപ്തംബറിൽ ഏഷ്യൻ ഗെയിംസിൽ കൂടി മെഡൽ നേ‌ടിയ ശേഷം പുതിയ വീട് വാങ്ങുകയാണ് ഇരുവരുടേയും സ്വപ്നം. മക്കളായ 15കാരി അഞ്ജുവിനെയും 13കാരി ലക്ഷ്മിയേയും കായികരംഗത്തേക്ക് കൊണ്ടുവന്നിട്ടുണ്ട് ഷർമിള. അഞ്ജു ജാവലിൻ ത്രോ തരമാണ്. ലക്ഷ്മി ലോംഗ്ജമ്പ് താരവും.

എനിക്ക് പുതിയ ജീവിതം നൽകിയത് സ്പോർട്സാണ്. രാജ്യത്തിനായി ഇനിയും മെഡലുകൾ നേടണമെന്നാണ് ആഗ്രഹം.

- ഷർമിള ധൻകർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHARMILA DHANKAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360