ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയെക്കുറിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്കാഗാന്ധി നടത്തിയ പരാമർശം ഇന്നലെ ലോക്സഭയിൽ ഭരണ-പ്രതിപക്ഷ വാക് പോരിനിടയാക്കി. പൊതുപരീക്ഷാ ക്രമക്കേട് തടയൽ ബില്ലിലെ ചർച്ചയ്ക്കിടെയായിരുന്നു വാക് പോര്. പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി ഗർഭിണിയായ ബിൽക്കിസ് ബാനുവിനെ ഗുജറാത്ത് കലാപത്തിനിടെ മാനഭംഗം ചെയ്തവരെ പിന്തുണച്ചയാളാണെന്നായിരുന്നു പ്രിയങ്കയുടെ പരാമർശം.
വിദ്യാർത്ഥികൾക്കു നേരെയുള്ള അക്രമങ്ങളുടെ പേരിൽ പ്രതിപക്ഷം ബഹളം വച്ചതിനാൽ ഉച്ചയ്‌ക്ക് രണ്ടിന് ചേർന്നപ്പോളാണ് ബില്ലിൽ ചർച്ച തുടങ്ങിയത്. രാജ്യത്തെ കുട്ടികളുടെ ഭാവിയിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന സർക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവാണ് ബില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. തുടർന്ന് അദ്ദേഹം യു.പി.എ കാലത്തെ ചോദ്യപേപ്പർ ചോർച്ചകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയത് കോൺഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചു. ബി.ജെ.പി അംഗം അനുരാഗ് താക്കൂർ കേരളത്തിലെ പി.എസ്.സി പരീക്ഷാ ക്രമക്കേട് ചൂണ്ടിക്കാട്ടി.
യുവാക്കളുടെ വിശ്വാസം നേടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി മൊബൈൽ ഫോണിൽ പുതിയ കോണിൽ പുതിയ വീഡിയോ നിർമ്മിച്ചത് കൊണ്ട് കാര്യമില്ല. ഹൃദയത്തിന്റെ കോൺ മാറ്റണം. ഡൽഹിയിൽ പെല്ലറ്റ് തോക്കുകളും എ.കെ-47 ഉം ഉപയോഗിക്കാൻ യുവാക്കൾ ഭീകരവാദികളാണോ?. പെൺകുട്ടികളുടെ വസ്ത്രം വലിച്ചു കീറാൻ എന്താണ് കാരണം?. രാജി വച്ച ധർമ്മേന്ദ്ര പ്രധാനെ പാർലമെന്റിൽ സൂപ്പർ സ്റ്റാറിനെപ്പോലെ സ്വാഗതം ചെയ്‌തത് തെറ്റായ സന്ദേശം നൽകി. ആ സമയം മഹാരാഷ്ട്രയിൽ ഒരു കുടുംബം മകളുടെ ആത്മഹത്യയിൽ വിലപിക്കുകയായിരുന്നു.
പ്രിയങ്ക ഗാന്ധി എം.പി
ഉദ്യോഗസ്ഥർ കൊണ്ടുവന്നത് 12 പെല്ലറ്റ് ഗൺ
ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ 20ന് കോക്രോച്ച് ജനതാപാർട്ടി നടത്തിയ പാർലമെന്റ് മാർച്ചിനെ നേരിടാൻ ദ്രുതകർമ്മസേനയുടെ പക്കൽ 12 പെല്ലറ്റ് ഗണ്ണുണ്ടായിരുന്നതായി റിപ്പോർട്ട്. വിദ്യാർത്ഥികൾക്ക് നേരെ പെല്ലറ്റ് ഗൺ ഉപയോഗിച്ചെന്ന ആരോപണത്തിൽ സി.ആർ.പി.എഫ് നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഡൽഹി പൊലീസിലെ ഡി.സി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരമാണ്. റിപ്പോർട്ട് ഉടൻ സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ ഗ്യാനേന്ദ്ര പ്രതാപ് സിംഗിന് സമർപ്പിക്കും. കൊണാട്ട്പ്ലേസിൽ വിന്യസിച്ചിരുന്ന ദ്രുതകർമ്മ സേനയിലെ ഉദ്യോഗസ്ഥനാണ് പെല്ലറ്റ് ഗൺ ഉപയോഗിച്ചത്. മാർച്ചിൽ കുറഞ്ഞത് ഏഴ് റൗണ്ട് പ്ലാസ്റ്റിക് പെല്ലറ്ര് ഉപയോഗിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെ ജനറൽ ഡയറി വിവരങ്ങളിൽ ഇക്കാര്യം രേഖപ്പെടുത്തി. ഇത് സി.ആർ.പി.എഫ് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. പെല്ലറ്റ് പ്രയോഗത്തിനു പുറമേ 15 ഇലക്ട്രിക് ഷെല്ലുകൾ, 55 നോൺ-ഇലക്ട്രിക് ഷെല്ലുകൾ, അഞ്ച് കണ്ണീർവാതക ഷെല്ലും ഉപയോഗിച്ചതായി രേഖയിൽ പറയുന്നു.
പെല്ലറ്റ് ഗൺ
സാധാരണ തോക്കുകളിൽ നിന്ന് വ്യത്യസ്തമായി ഒരൊറ്റ ട്രിഗറിൽ നിരവധി ലോഹ ഉരുളകൾ(പെല്ലറ്റ്) പുറത്തേക്ക് ചീറ്റുകയും ഒരേസമയം ഒന്നിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്യും. 12-ബോർ പമ്പ് ആക്ഷൻ തോക്കാണ് ഉപയോഗിക്കുന്നത്. പെല്ലറ്റുകൾ ഏതൊക്കെ ദിശയിലേക്ക് ചീറ്റുമെന്നത് പറയാനാകില്ല. കണ്ണിൽ തറച്ചാൽ കാഴ്ച നഷ്ടപ്പെടും. ആന്തരിക അവയവങ്ങളിൽ തറച്ചാൽ ഗുരുതര പരിക്കേൽക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |