
വാർഷിക പലിശ ആറ് ശതമാനം
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ(കെ.എഫ്.സി) മുഖ്യ പദ്ധതികളിലൊന്നായ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിയിലെ(സി.എം.ഇ.ഡി.പി) വായ്പകളുടെ പരിധി അഞ്ച് കോടി രൂപയായി ഉയർത്തി. സംസ്ഥാന ബഡ്‌ജറ്റിൽ മുഖ്യമന്ത്രി വി. ഡി. സതീശൻ പദ്ധതിയുടെ പരമാവധി വായ്പാ പരിധി രണ്ട് കോടിയിൽ നിന്ന് അഞ്ച് കോടി രൂപയായി വർദ്ധിപ്പിച്ചിരുന്നു. വാർഷിക പലിശനിരക്ക് ആറ് ശതമാനമാണ്. മുഖ്യ സംരംഭകന്റെ ഉയർന്ന പ്രായപരിധി 50ൽ നിന്ന് 60 വയസാക്കി. വായ്പാ വിതരണം ഉടൻ ആരംഭിക്കുമെന്ന് കെ.എഫ്.സി അറിയിച്ചു. പദ്ധതിയിലൂടെ ചെറുകിട, ഇടത്തരം സംരംഭകർക്ക് കുറഞ്ഞ പലിശനിരക്കിൽ എളുപ്പത്തിൽ വായ്പ ലഭ്യമാകും. നൂതനവും വിപുലവുമായ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ള സംരംഭങ്ങൾ വിപുലീകരിക്കുന്നതിനും സംരംഭകർക്ക് ഇതോടെ അവസരമൊരുങ്ങും. സംരംഭകത്വവും ചെറുകിട-ഇടത്തരം വ്യവസായ മേഖലയുടെ വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിനായി കെഎഫ്സിയുടെ മുൻനിര പദ്ധതിയായ സി.എം.ഇ.ഡി.പി ശക്തിപ്പെടുത്താനാണ് ലക്ഷ്യമെന്ന് വി.ഡി. സതീശൻ പറഞ്ഞു.
സംസ്ഥാനത്തെ ആയിരക്കണക്കിന് സംരംഭങ്ങൾക്ക് കരുത്തേകിയ പദ്ധതിയാണിതെന്ന് കെ.എഫ്.സി മാനേജിംഗ് ഡയറക്ടർ എൻ. എസ്. കെ. ഉമേഷ് പറഞ്ഞു. ഇതുവരെ പദ്ധതിയിലൂടെ 3,149 സംരംഭങ്ങൾക്കായി 1,512.38 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |