
കൊച്ചി: ഇന്ത്യൻ സമുദ്രോത്പന്നങ്ങളുടെ ആഗോള വിപണിയിലെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനും സർട്ടിഫിക്കേഷൻ കൂടുതൽ സുതാര്യമാക്കുന്നതിനും ദേശീയ മറൈൻ ഇക്കോ ലേബലിംഗ് മാർഗരേഖയുടെ കരട് തയ്യാറാക്കി. വിപണിയിലെ മത്സ്യങ്ങളും സമുദ്രോത്പന്നങ്ങളും പരിസ്ഥിതിക്ക് കോട്ടം വരുത്താത്ത രീതിയിലും ഉത്തരവാദിത്തത്തോടെയും പിടിച്ചതാണെന്ന് ഉറപ്പുവരുത്തുന്ന നടപടിയാണ് ഇക്കോ ലേബലിംഗ്.
കൊച്ചിയിലെ കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) മാർഗരേഖ തയ്യാറാക്കിയത്. സമുദ്രോത്പന്നങ്ങൾക്ക് അന്താരാഷ്ട്ര തലത്തിൽ സുസ്ഥിരതാ സർട്ടിഫിക്കേഷനുകൾക്കായുള്ള ആവശ്യം വർദ്ധിച്ച സാഹചര്യത്തിലാണ് നടപടി.
ഇത്തരം സർട്ടിഫിക്കേഷൻ നടപടികൾ നിയന്ത്രിക്കുന്നതിന് ഇന്ത്യയിൽ ദേശീയ സംവിധാനമില്ല. ആഗോള ഏജൻസികൾ ഇന്ത്യയിലെ സാദ്ധ്യതകൾ തേടി രംഗത്തുണ്ട്.
മത്സ്യത്തൊഴിലാളികളുടെ
താത്പര്യം സംരക്ഷിക്കണം
പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുന്നതിനൊപ്പം, പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ താത്പര്യങ്ങൾ പൂർണമായി സംരക്ഷിച്ചേ സർട്ടിഫിക്കേഷൻ നടപടികൾ നടപ്പിലാക്കാവൂവെന്നതാണ് കരട് രൂപരേഖയിലെ പ്രധാന നിർദേശം. ചെറുകിട മത്സ്യത്തൊഴിലാളികൾക്ക് സർട്ടിഫിക്കേഷൻ പ്രക്രിയകളിൽ തുല്യമായ പങ്കാളിത്തം ഉറപ്പാക്കണം.
സർട്ടിഫിക്കേഷൻ പദ്ധതികൾ രാജ്യത്തെ മത്സ്യബന്ധന നിയമങ്ങൾക്കും മുൻഗണനകൾക്കും സാമൂഹിക-സാമ്പത്തിക യാഥാർത്ഥ്യങ്ങൾക്കും അനുസൃതമാണെന്ന് ഉറപ്പാക്കണം
ഇന്ത്യയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെ സമുദ്ര മത്സ്യസമ്പത്തിന്മേലുള്ള രാജ്യത്തിന്റെ പരമാധികാര അവകാശം ഉറപ്പാക്കണം
എല്ലാ സർട്ടിഫിക്കേഷൻ പ്രവർത്തനങ്ങളും ദേശീയ-സംസ്ഥാന മത്സ്യബന്ധന നിയമങ്ങൾ പാലിച്ചാകണം
ജൈവവൈവിദ്ധ്യ സംരക്ഷണ നിയമങ്ങൾ, സീഫുഡ് സുരക്ഷാ മാനദണ്ഡങ്ങൾ, തീരദേശ അക്വാകൾച്ചർ ചട്ടങ്ങൾ എന്നിവയ്ക്ക് വിധേയമായിരിക്കണം
കടലിൽ നിന്ന് മത്സ്യം പിടിക്കുന്നത് മുതൽ ഉപഭോക്താക്കളിൽ എത്തുന്നത് വരെ കൈമാറ്റ ശൃംഖല കൃത്യമായി രേഖപ്പെടുത്തുന്ന സംവിധാനം ഉറപ്പാകണം
അന്താരാഷ്ട്ര സർട്ടിഫിക്കേഷൻ സംവിധാനങ്ങൾക്ക് സമാനമായി തദ്ദേശീയ ഇന്ത്യൻ മറൈൻ ഇക്കോലേബലിംഗ് പദ്ധതി വികസിപ്പിക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |