SignIn
Kerala Kaumudi Online
Thursday, 18 June 2026 3.35 AM IST

ഫയൽ നീക്കം വേഗത്തിലാവും: ധനകാര്യ ഉപദേഷ്ടാവ് എല്ലാ വകുപ്പിലും

1

തിരുവനന്തപുരം: ഫയൽ നീക്കത്തിന്റെ വേഗം കൂട്ടാൻ , എല്ലാ ഫയലുകളും ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയയ്ക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 1974ൽ കേന്ദ്രം നടപ്പാക്കിയ മാതൃകയിൽ, ഓരോ വകുപ്പിലും ജോയിന്റ് സെക്രട്ടറി പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥനെ ധന ഉപദേഷ്ടാവാക്കും.

ഏതൊക്കെ ഫയലുകൾ ധനവകുപ്പിന്റെ അനുമതിക്കായി അയയ്ക്കണമെന്നതിൽ ധന ഉപദേഷ്ടാവ് തീരുമാനമെടുക്കും. മറ്റുള്ളവയിൽ അതത് വകുപ്പുകൾക്ക് തീരുമാനമെടുക്കാം. ഇത് നടപ്പാക്കുന്നതോടെ ധന വകുപ്പിലെത്തുന്ന ഫയലുകളുടെ എണ്ണം കുറയും. ധനപരമായ പെരുമാറ്റച്ചട്ടമറിയാതെ ആവശ്യമില്ലാത്ത ധാരാളം ഫയലുകൾ ധന വകുപ്പിലെത്തുന്നു. മിക്കതും തിരിച്ചയയ്ക്കുന്നു. ഇത് ഫയൽ നീക്കം വൈകിപ്പിക്കും. നയപരമായ തീരുമാനങ്ങളെടുക്കേണ്ടതും ധനബാദ്ധ്യതയുള്ളതുമായ ഫയലുകളാവും ഇനി ധനവകുപ്പിന്റെ പരിഗണനയ്ക്ക് അയയ്ക്കുക. ധനവകുപ്പിന്റെ അധികാരം വികേന്ദ്രീകരിച്ച് മറ്റു വകുപ്പുകൾക്ക് നൽകുകയാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു.

പൊതു സംഭരണ മാന്വൽ പരിഷ്കരിക്കും

കാലഹരണപ്പെട്ട പൊതു സംഭരണ മാന്വൽ പരിഷ്കരിക്കും. കേന്ദ്രത്തിന്റെ ജനറൽ ഫിനാൻഷ്യൽ റൂൾസിന് അനുസരിച്ചായിരിക്കുമിത്. പുതിയ ഇ-സംഭരണ സംവിധാനവും ഉൾപ്പെടുത്തും. സംഭരണത്തിനും പ്രവൃത്തികൾക്കും മാർഗ്ഗനിർദ്ദേശം തയ്യാറാക്കാൻ പൊതുമരാമത്ത്, ടൂറിസം, ഐ.ടി, ഉന്നതവിദ്യാഭ്യാസ, ജലവിഭവ മന്ത്രിമാരുടെ ഉപസമിതി രൂപീകരിച്ചു.

100 ദിന കർമ്മപരിപാടി

സർക്കാരിന്റെ ആദ്യ 100 ദിന കർമ്മപരിപാടി ജൂലായ് ഒന്നു മുതൽ നടപ്പാക്കും. ഹൈക്കോടതിയിൽ അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷനായി അഡ്വ.എം.മുഹമ്മദ് ഷാഫിയെയും കാഷ്യൂ ബോർഡ് എം.ഡിയും ചെയർമാനുമായി ജി. ഉണ്ണികൃഷ്ണനെയും നിയമിക്കും.

തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാരെ കാണും

ബഡ്ജറ്റിനു ശേഷം തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നാണ് നിലപാട്. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം എന്നതാണ് നയം. രാത്രികാല യാത്രാ നിരോധനം നീക്കുന്നതിനെക്കുറിച്ചാണ് കർണാടക മുഖ്യമന്ത്രിയുമായി ചർച്ച.

വ്യത്യസ്തമായ ബഡ്ജറ്റ്

കഴിഞ്ഞ ബഡ്ജറ്റിൽ നിന്ന് വ്യത്യസ്തമായ നയസമീപനവും കാഴ്ചപ്പാടും വികസന പരിപ്രേക്ഷ്യവുമുള്ളതായിരിക്കും ഇത്തവണത്തെ ബഡ്ജറ്റ്. കഴിഞ്ഞ സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ 35,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചതിൽ 20,500 കോടി കാണാനില്ല. ഇതുണ്ടാക്കേണ്ട ഇന്ദ്രജാലം ബഡ്ജറ്റിൽ കാട്ടണം. എങ്കിലേ പദ്ധതികൾ നടപ്പാക്കാനാവൂ.

കൊച്ചിയിലെ ഭൂമി പ്രശ്നം പരിഹരിച്ചു

മലയിടംതുരുത്ത് പരിയത്ത്കാവ് ഭൂപ്രശ്‌നം പരിഹരിച്ച് കരാറുണ്ടാക്കിയത് സർക്കാർ കോടതിയെ അറിയിക്കും. തർക്കഭൂമിയിൽ താമസക്കാർക്ക് അഞ്ച് സെന്റ് ഭൂമി വീതം അനുവദിക്കും. ആയിരം ചതുരശ്രയടി വീട് നിർമ്മിച്ച് നൽകും. പൊതുവഴി പഞ്ചായത്ത് നിർമ്മിക്കും. 15 തവണ റിക്കവറി നടപടികളുണ്ടായിട്ടും എൽ.ഡി.എഫ് സർക്കാർ അനങ്ങിയില്ല. യു.ഡി.എഫ് സർക്കാർ അധികാരമേറ്റതിന്റെ പിറ്റേന്നാണ് റിക്കവറിക്കെത്തിയത്. സർക്കാർ നിർദ്ദേശ പ്രകാരം അഡ്വക്കേറ്റ് ജനറൽ കോടതിയിൽ നിന്ന് കൂടുതൽ സമയം വാങ്ങി ഇരു കൂട്ടരുമായും ചർച്ച ചെയ്ത് രമ്യമായ പരിഹാരമുണ്ടാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FILE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA