
# മേജർ ക്ഷേത്രങ്ങളിലെ നിയമനം
തരപ്പെടുത്തുന്നത് സപ്ളയറാവാൻ
തിരുവനന്തപുരം: ക്ഷേത്രങ്ങളിലേക്ക് പൂജാ സാധനങ്ങൾ നേരിട്ട് വിതരണം ചെയ്യാനുള്ള സാദ്ധ്യത തേടി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഒരു പൂജയ്ക്ക് ഭക്തർ രസീത് എഴുതുമ്പോൾ ലഭിക്കുന്ന തുകയുടെ 30 ശതമാനം മാത്രമാണ് ദേവസ്വം ബോർഡിന് ലഭിക്കുന്നത്. ബാക്കി 70 ശതമാനവും പൂജാ വസ്തുക്കൾ വാങ്ങാനെന്ന പേരിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പേരിലേക്കാണ് പോകുന്നത്. കോഴ നൽകിയും ക്രമക്കേട് കാട്ടിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലെത്താൻ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് ഈ കച്ചവടം മുന്നിൽ കണ്ടാണ്. അതൊഴിവാക്കിയാൽ നിയമന അഴിമതിയും തടയാം.
ഇവരെ സപ്ളയർ എന്നാണ് ദേവസ്വം ബോർഡ് പോലും പറയുന്നത്. ഇവരുടെ പക്കലെത്തിയ തുക പരിശോധനകൾക്ക് വിധേയമല്ല.
മേജർ ക്ഷേത്രങ്ങളിൽ ഒരു വഴിപാടിന് തന്നെ നൂറുകണക്കിന് ഭക്തരാണ് ഒരു ദിവസമെത്തുന്നത്. ഇതിനെല്ലാം ചേർത്ത് ഒരു നിശ്ചിത അളവിൽ സാധനം വാങ്ങും. ബാക്കി തുക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കൈയ്ക്കലാക്കും. ഇങ്ങനെ ലക്ഷക്കണക്കിന് രൂപയാണ് ശമ്പളത്തിന് പുറമെ വരുമാനമായി ലഭിക്കുന്നത്. ഇതിനായാണ് നിയമനത്തിൽ ലക്ഷങ്ങളുടെ കോഴയും ശുപാർശയും നടക്കുന്നത്. വരുമാനം കൂടുതലുള്ള മേജർ ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിനാണ് കൂടുതൽ അപേക്ഷകരുള്ളത്.
അഞ്ചു വർഷത്തിന് മുമ്പ് അസിസ്റ്റന്റ് കമ്മിഷണർ റാങ്കിലെത്തിയ യൂണിയൻ നേതാവ് തുടർച്ചയായി പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ നിയമനം നേടി. കൂടുതൽ വരുമാനമുള്ള ക്ഷേത്രങ്ങളിലാണ് നിയമനം നേടിയത്. മറ്റൊരു നേതാവും സമാനമായി നീങ്ങി.
നേരിട്ട് നൽകും, പണം മുഴുവൻ ബോർഡിന്
ബോർഡ് നേരിട്ട് സാധനം വിതരണം ചെയ്യും. ഓരോ മേജർ ക്ഷേത്രത്തോട് ചേർന്നും സ്ഥാപിക്കുന്ന സ്‌റ്റോറുകൾ വഴി ആവശ്യമുള്ള പൂജാദ്രവ്യങ്ങളും സാധനങ്ങളും ക്ഷേത്രത്തിലേക്ക്.
ഭക്തരിൽ നിന്നും വാങ്ങുന്ന മുഴുവൻ തുകയും ബോർഡിന്
ഇതോടെ നിയമനത്തിനുള്ള പിടിവലി അവസാനിക്കും.
കേന്ദ്രീകൃത സ്‌റ്റോർ സംവിധാനമാണ് ആലോചനയിലുള്ളത്.
-കെ. ജയകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |