
ലണ്ടൻ: പത്ത് വർഷത്തിനിടെ യു.കെയിൽ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് ലേബർ പാർട്ടി നേതാവായ കിയർ സ്റ്റാമർ. ഉൾപാർട്ടി പോരും രാഷ്ട്രീയ അസ്ഥിരതയുമാണ് പ്രധാന കാരണം. 2016 മുതൽ പ്രധാനമന്ത്രി പദവി നഷ്ടമായ അഞ്ച് പേരും കൺസർവേറ്റീവ് പാർട്ടിക്കാരാണ്. ഡേവിഡ് കാമറൺ, തെരേസ മേ, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക്. ഇന്ത്യൻ വംശജനായ ഋഷി ഒഴികെ എല്ലാവരും സമ്മർദ്ദങ്ങൾക്ക് വഴങ്ങി രാജിവച്ചു. 2024 ജൂലായിൽ ഋഷിയെ റെക്കാഡ് ഭൂരിപക്ഷത്തിൽ തോൽപ്പിച്ചാണ് പ്രതിപക്ഷ നേതാവായിരുന്ന സ്റ്റാമർ അധികാരത്തിയത്. 14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അദ്ദേഹം അവസാനിപ്പിച്ചു. 2020ലാണ് സ്റ്റാമറിനെ ലേബർ പാർട്ടി നേതാവായി തിരഞ്ഞെടുത്തത്. അതേ സമയം, 2029 ലാണ് രാജ്യത്ത് അടുത്ത പൊതുതിരഞ്ഞടുപ്പ് നടക്കേണ്ടത്.
# മന്ത്രിമാർ കൈവിട്ടു
1. മേയിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ 1,400ലേറെ കൗൺസിൽ സീറ്റുകൾ നഷ്ടപ്പെട്ടു
2. ജനങ്ങളുടെ മതിപ്പ് ഇടിഞ്ഞു. കുടിയേറ്റ നിയന്ത്രണം അടക്കം വാഗ്‌ദാനങ്ങൾ ഫലപ്രദമായില്ല
3. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധം പുലർത്തിയിരുന്ന പീറ്റർ മാൻഡൽസണിനെ യു.എസിലെ അംബാസഡറാക്കിയത് വിവാദമായി. ഒടുവിൽ മാൻഡൽസണിനെ സ്റ്റാമർ പുറത്താക്കി
4. സ്റ്റാമറിനെ എതിർത്ത് ഏഴ് മന്ത്രിമാർ രാജിവച്ചു. മുതിർന്ന മന്ത്രിമാരും രാജി ആവശ്യപ്പെട്ടു
# ജയമുറപ്പിച്ച് ബേണം
ആൻഡി ബേണം പ്രധാനമന്ത്രി സ്ഥാനം ഏറെക്കുറേ ഉറപ്പിച്ചു. പാർട്ടി നേതൃസ്ഥാന തിരഞ്ഞെടുപ്പിന്റെ നോമിനേഷൻ ജൂലായ് 9ന് തുടങ്ങും. സെപ്തംബർ 1ന് മുമ്പ് വിജയിയെ തിരഞ്ഞെടുക്കും. എതിരാളികളില്ലെങ്കിൽ ജൂലായ് പകുതിയോടെ ബേണം അധികാരത്തിലേറും. മുമ്പ് ഹെൽത്ത്, കൾച്ചർ സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.
# ആറു വർഷം മുമ്പ്, രാഷ്ട്രീയമായും സാമ്പത്തികമായും തകർന്നടിഞ്ഞ ലേബർ പാർട്ടിയെയാണ് ഞാൻ ഏറ്റെടുത്തത്. പാർട്ടി അവസാനിച്ചു എന്ന് എല്ലാവരും എന്നോട് പറഞ്ഞു. പൊതുതിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം പോലും നേടില്ലെന്നും പറഞ്ഞു. എന്നാൽ അത് തെറ്റാണെന്ന് തെളിയിക്കാനായി.
- കിയർ സ്റ്റാമർ,
പ്രധാനമന്ത്രി, യു.കെ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |