
എണ്ണ ഉപരോധങ്ങൾ 60 ദിവസത്തേക്ക് നീക്കി
ടെഹ്റാൻ: ഹോർമുസ് കടലിടുക്ക് തുറന്നതായി യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യു.എസ് - ഇറാൻ ആദ്യ റൗണ്ട് ചർച്ച ഇന്നലെ സ്വിറ്റ്സർലൻഡിൽ പുരോഗതിയോടെ അവസാനിച്ച പിന്നാലെയാണ് പ്രതികരണം. ലെബനനിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് ഇറാൻ ശനിയാഴ്ചയാണ് ഹോർമുസ് അടച്ചത്. അതേസമയം, ഇറാൻ ഇക്കാര്യത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
20 ലക്ഷം ബാരൽ എണ്ണയുമായി രണ്ട് കപ്പലുകൾ ഇന്നലെ ഹോർമുസ് കടന്നു. ഹോർമുസിലെ കപ്പൽ ഗതാഗതം വീണ്ടും പുനരാരംഭിക്കുന്നതിന്റെ സൂചനയാണിത്. ഹോർമുസിലൂടെ കപ്പലുകൾക്ക് സുരക്ഷിത സഞ്ചാരമൊരുക്കാനും രാജ്യത്ത് അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ പരിശോധന അനുവദിക്കാനും ഇറാൻ സമ്മതിച്ചെന്നും വാൻസ് വ്യക്തമാക്കി.
അതേ സമയം, ഇറാനിയൻ എണ്ണയ്ക്കും പെട്രോകെമിക്കൽ ഉത്പന്നങ്ങൾക്കും ചുമത്തിയിരുന്ന ഉപരോധങ്ങൾ 60 ദിവസത്തേക്ക് യു.എസ് നീക്കി. ഇറാനിയൻ എണ്ണ ഉത്പന്നങ്ങളുടെ ഉത്പാദനം, വിതരണം, ആഗോള വിതരണം എന്നിവയ്ക്ക് ആഗസ്റ്റ് 21 വരെ ലൈസൻസ് അനുവദിച്ചതായി യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു.
വ്യാഴാഴ്ച പ്രാബല്യത്തിൽ വന്ന ഇടക്കാല സമാധാന കരാറിലെ വ്യവസ്ഥകളിൽ ഒന്നാണ് ഉപരോധ ഇളവ്. ഇടക്കാല കരാർ പ്രകാരം 60 ദിവസത്തിനുള്ളിൽ യുദ്ധം പൂർണമായി അവസാനിപ്പിക്കാനുള്ള അന്തിമ ഉടമ്പടിയിലെത്താനും ചർച്ചയിൽ ധാരണയായി. ഇരുരാജ്യങ്ങളുടെയും പ്രത്യേക സംഘം ഈ ആഴ്ചയിലുടനീളം സാങ്കേതിക ചർച്ചകൾ തുടരും.
ലെബനനിൽ ആശ്വാസം
തെക്കൻ ലെബനനിൽ ഇസ്രയേൽ വെടിനിറുത്തൽ പുനഃസ്ഥാപിച്ചു. ഹിസ്ബുള്ളയുടെ പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
# ഇറാനുമായി നടത്തിയ ചർച്ച അന്തിമ സമാധാന ഉടമ്പടിക്കായി മികച്ച അടിത്തറ പാകി.
- ജെ.ഡി വാൻസ്,
വൈസ് പ്രസിഡന്റ്, യു.എസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |